ന്യൂദൽഹി- സൂര്യനെല്ലി പീഡന കേസിലെ കുറ്റവാളികളുടെ പരോൾ കാലാവധി സുപ്രീംകോടതി നീട്ടി. നിലവിൽ ജാമ്യത്തിലോ, പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് നീട്ടിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് പരോൾ കാലാവധി നീട്ടിയത്. കേസിലെ മുഖ്യ പ്രതികളായ ധർമ്മരാജൻ, ഉഷ എന്നിവർ ജയിലിൽ ആണ്. ഇവർ ഒഴികെയുള്ള മിക്ക പ്രതികളും ജാമ്യത്തിലോ,പരോളിലോ ആണ്. പരോൾ കാലാവധി ശിക്ഷ ആയാണ് സാധാരണ കാണാക്കാക്കാറുള്ളത്. അതിനാൽ ഇപ്പോൾ ഇവർ ജയിലിന് പുറത്ത് ചെലവഴിക്കുന്ന കാലാവധിയും ശിക്ഷാകാലാവധി ആയാകും പരിഗണിക്കുക.
ഹൈക്കോടതി വിധിക്കെതിരെ 25 പ്രതികളാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഇത്രയും പേരുടെ അപ്പീലിൽ വിഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കൽ പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങൾ മാറിയ ശേഷം അഭിഭാഷകർ നേരിട്ട് കോടതിയിൽ എത്തുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അപ്പീലിൽ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. അതു വരെയാണ് പരോൾ കാലാവധി നീട്ടിയത്.
സുപ്രീംകോടതിയിൽ അപ്പീൽ നൽകിയവരിൽ 16 പേരുടെ ശിക്ഷാകാലാവധി ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇവരോട് അപ്പീലുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ അപ്പീലുമായി മുന്നോട്ടു പോകുമെന്ന് പ്രതികളില്‍ ചിലരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
അപ്പീലുമായി മുന്നോട്ട് പോകുന്നവരുടെ പട്ടിക മൂന്ന് ആഴ്ചയ്ക്കുള്ളിൽ കൈമാറാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.