Sorry, you need to enable JavaScript to visit this website.

ജലനിരപ്പ് ഉയർന്നു: കുട്ടനാട്ടിൽ കൂട്ടപ്പലായനം 

ആലപ്പുഴ- പമ്പ ഡാം തുറന്നതോടെ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിലായി. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, മാവേലിക്കര തിരുവല്ല താലൂക്കുകളുടെ ഏറിയ ഭാഗവും വെള്ളത്തിനടിയിലായി. ചെങ്ങന്നൂരിലാണ് സ്ഥിതി ഏറെ ഗുരുതരം. കുട്ടനാട്ടിൽ ജനങ്ങൾ പലായനം ചെയ്തു തുടങ്ങി. 2018 ലെ മഹാപ്രളയത്തിന്റെ ഭീതി വിട്ടുമാറാത്ത ജനങ്ങൾ കൈയിൽ കിട്ടിയതുമെടുത്ത് രക്ഷപ്പെടുകയാണ്. എഴുപുന്ന നീണ്ടകര തോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളം മറിഞ്ഞ് എഴുപുന്ന ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് നികർത്തിൽ അജേഷ് (25) മരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ചെങ്ങന്നൂർ, കടപ്ര, നിരണം, വീയപുരം, തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പമ്പയാർ എല്ലായിടത്തും കരയിലേക്ക് ഇരച്ചുകയറുന്നു. ശക്തമായ മഴയ്ക്കു പിന്നാലെ ഡാം കൂടി തുറന്നതോടെ വെള്ളപ്പൊക്കം രൂക്ഷമായി. കൈനകരി, മാന്നാർ, നിരണം, തലവടി, മുട്ടാർ, വീയപുരം, എടത്വാ, തകഴി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലുള്ളവരാണ് കൂടുതലായി പലായനം ആരംഭിച്ചത്. മിക്ക കുടുംബങ്ങളും ക്യാമ്പുകൾ ഉപേക്ഷിച്ച് ബന്ധു വീടുകളിലാണ് ശരണം തേടുന്നത്. 


പത്തനംതിട്ട ജില്ലയിൽ ഇന്നലെ രാവിലെ ജലനിരപ്പ് അൽപം താഴ്ന്നെങ്കിലും വീണ്ടുമുണ്ടായ ശക്തമായ മഴയും, പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് വെള്ളം കൂടുതലായി ഒഴുകി എത്തിയതോടെ ഡാം തുറന്നതുമാണ് കുട്ടനാട്ടുകാർ ഭീതിയിലായത്. നദീ തീരങ്ങളിൽ താമസിക്കുവർ ജാഗ്രത പുലർത്തണമെന്ന് പോലീസും, റവന്യു ഉദ്യോഗസ്ഥരും അറിയിച്ചതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലായി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ എത്തുന്നവർ നാമമാത്രമായി ചുരുങ്ങി. പോലീസും, തദ്ദേശ സ്വയംഭരണ വകുപ്പും, റവന്യൂ വകുപ്പും നിർബന്ധിച്ചാണ് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. 


വീടുകളിൽനിന്ന് വള്ളത്തിൽ കയറ്റി ക്യാമ്പുകളിലും, സ്വകാര്യ വാഹനങ്ങളിലും എത്തിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. തലവടി ഗവ. ഹൈസ്‌കൂളിൽ കിടപ്പ് രോഗികളേയും, 65 വയസ്സിന് മുകളിൽ പ്രായമായവരേയും പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിലേക്കാണ് മാറ്റുന്നത്. വളർത്ത് മൃഗങ്ങളേയും കോഴികളേയും കരപ്രദേശങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. വാഹനങ്ങളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പുകൾ നടത്തുന്നത്. ക്യാമ്പുകൾക്ക് മുമ്പ് കുട്ടനാട് റെസ്‌ക്യു ടീമിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. എ-സി റോഡും, തിരുവല്ല- അമ്പലപ്പുഴ റോഡിലും വെള്ളം കയറിയതോടെ കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിവെച്ചു. അമ്പലപ്പുഴ-എടത്വാ സംസ്ഥാന പാതയിൽ കേളമംഗലം, ചെട്ടിക്കാട് ജംഗ്ഷന് സമീപ സ്ഥലങ്ങളിലും വെള്ളം കയറി. ചെങ്ങന്നൂർ പ്രദേശത്ത് പമ്പയാറ്റിലും മണിമലയിലും വരട്ടാറിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീരവാസികൾക്ക് ആശങ്ക ഏറുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആറുകളിലെ ജലനിരപ്പ് ഉയർന്നതുമൂലം വലിയ ദുരിതമാണ് ഇവിടുത്തുകാർ നേരിട്ടത്. ചെങ്ങന്നൂരിൽ ഇന്നലെ മാത്രം 30 ക്യാമ്പുകൾ തുടങ്ങി. 1500 ഓളം പേർ ക്യാമ്പുകളിലുണ്ട്. സ്ഥിതി ഇതേ രീതിയിൽ തുടർന്നാൽ കൂടുതൽ ക്യാമ്പുകൾ വേണ്ടിവരുമെന്ന് തഹസിൽദാർ പറഞ്ഞു.


ശക്തമായ മഴയിൽ കായംകുളം നഗരത്തിലും സമീപ പഞ്ചായത്തുകളിലുമായി 2000 ഓളം വിടുകൾ വെള്ളത്തിലായി. മിക്ക റോഡുകളും വെള്ളത്തിനടിയിലായി. പല പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പത്തിയൂരിൽ 500 ഓളം വീടുകൾ വെള്ളത്തിലായി. പഞ്ചായത്ത് ഹൈസ്‌കൂൾ, എസ്.കെ.വി.എൽ.പി സ്‌കൂൾ, തയ്യിൽ സ്‌കൂൾ, പാരീഷ് ഹാൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കൊറ്റുകുളങ്ങര, ഒതനാക്കുളം, പുളിമുക്ക്, വേരുവള്ളി ഭാഗം, ഐക്യ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകളും നൂറുക്കണക്കിന് വീടുകളും വെള്ളത്തിലായി. മലയൻ കനാലും, മുണ്ടകത്തിൽ തോടും കരകവിഞ്ഞൊഴുകിയതാണ് നഗരത്തിന്റെ കിഴക്കൻ മേഖലയിൽ നൂറുക്കണക്കിന് വീടുകൾ വെള്ളത്തിലാക്കിയത്, കരിപ്പുഴ തോടും കരവിഞ്ഞ് ഒഴുകയാണ്.
ആലപ്പുഴയ്ക്ക് വടക്ക് മണ്ണഞ്ചേരി പഞ്ചായത്തിലെ കായലോര പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. 


വേമ്പനാട്ട് കായലിലെ ജലനിരപ്പ് ഇനിയും ക്രമാതീതമായി ഉയരുകയാണെങ്കിൽ വീടുകളിൽ കഴിയുന്നത് ദുരിത പൂർണമാകുമെന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. ചേർത്തല താലൂക്കിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു. മരം വീണാണ് അപകടമേറെയും. 

Latest News