Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിൻ: മൂന്നു സൗദി നഗരങ്ങളിൽ  അയ്യായിരം രോഗികളിൽ പരീക്ഷണം ഉടൻ

റിയാദ്- കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സൗദി ആരോഗ്യ വകുപ്പ്. റിയാദ്, മക്ക, ദമാം എന്നീ മൂന്നു നഗരങ്ങളിൽ അയ്യായിരം സന്നദ്ധ പ്രവർത്തകരിലാണ് കോവിഡ് വാക്‌സിൻ പരീക്ഷിക്കാനിരിക്കുന്നത്. ചൈനയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ ചൈനയിൽ പരീക്ഷിച്ച ശേഷം മൂന്നാം ഘട്ടമാണ് സൗദിയിൽ നടക്കുക. ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാവുമെന്നും ക്ലിനിക്കൽ പരീക്ഷണത്തിന് തയാറെടുത്തു കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദിലെ ഒന്ന്, രണ്ട് ഹെൽത്ത് ക്ലസ്റ്ററുകൾ, ദമാമിലെയും മക്കയിലെയും ഒന്നാം ക്ലസ്റ്ററുകൾ എന്നിവിടങ്ങളിലാണ് പരീക്ഷണം നടക്കാനിരിക്കുന്നത്. സൗദിയിലെ ഏഴു ആശുപത്രികൾ കേന്ദ്രീകരിച്ച് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നേരത്തെ തന്നെ ക്ലിനിക്കൽ ഗവേഷണങ്ങൾ ആരംഭിച്ചിരുന്നതാണ്.


ചൈനീസ് കമ്പനിയായ കാൻസിനോയുമായി സഹകരിച്ച് കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനാണ് സൗദി അറേബ്യ തയാറെടുക്കുന്നത്. ആദ്യത്തെ രണ്ടുഘട്ട പരീക്ഷണം ചൈനയിൽ വിജയകരമായി നടന്നിരുന്നു. അഡിനോവൈറസ് ടൈപ് 5 വാക്‌സിന്റെ ആദ്യ പരീക്ഷണം ചൈനയിലെ 108 സന്നദ്ധ പ്രവർത്തകരിൽ മാർച്ച് 16 മുതൽ 27 വരെ തീയതികളിലാണ് പരീക്ഷിച്ചത്. കുറഞ്ഞത്, ഇടത്തരം, കൂടിയത് എന്നിങ്ങനെ മൂന്നു തരം ഡോസുകളാണ് ഇക്കാലയളവിൽ അവർക്ക് നൽകിയത്. രണ്ടാം ഘട്ടം ഏപ്രിൽ 11 മുതൽ 16 വരെ തീയതികളിൽ 603 ചൈനീസ് സന്നദ്ധ പ്രവർത്തകരിലും പരീക്ഷിച്ചു. കുറഞ്ഞത്, ഇടത്തരം എന്നീ രണ്ടു ഡോസുകളാണ് ഈ ഘട്ടത്തിൽ നൽകിയത്. ഈ രണ്ട് ഘട്ടങ്ങളിലും വാക്‌സിനേഷന്റെ ഉയർന്ന ഫലപ്രാപ്തി പ്രകടമായിരുന്നു. സന്നദ്ധ പ്രവർത്തകരുടെ പ്ലാസ്മയിൽ വൈറസിന് ആന്റിബോഡികൾ പ്രത്യക്ഷപ്പെടുന്നതോടൊപ്പം നല്ല പ്രതിരോധ പ്രതികരണ ശേഷിയും ഉണ്ടായി. പാർശ്വഫലങ്ങളും കുറവായിരുന്നു. രണ്ട് പഠനങ്ങളുടെയും ഫലങ്ങൾ ലാൻസറ്റ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.


മൂന്നാം ഘട്ടം സൗദി അടക്കം വിവിധ രാജ്യങ്ങളിലെ ഏതാനും കേന്ദ്രങ്ങളിലാണ് നടക്കുന്നത്. സൗദിയിൽ 18 വയസ്സിന് മുകളിലുള്ള 5000 ത്തോളം സന്നദ്ധ പ്രവർത്തകരിൽ ഇത് പരീക്ഷിക്കും. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ആദ്യ വിഭാഗത്തിന് കുറഞ്ഞ അളവിലുള്ള ഡോസുകൾ നൽകും. രണ്ടാം വിഭാഗത്തിന് പ്ലൈസിബോ വാക്‌സിനും നൽകും. ശേഷം ആരോഗ്യ വിദഗ്ധർ ഇവരെ നിരന്തരമായി നിരീക്ഷിക്കും. പാർശ്വഫലങ്ങളുണ്ടോയെന്നും പ്രതിരോധ ശേഷിയിൽ കാര്യമായ മാറ്റങ്ങളുണ്ടോയെന്നും പരീക്ഷിച്ചറിയും.

Latest News