കോണ്‍ഗ്രസിന് നാഥനില്ലെന്ന് പൊതുധാരണ, ഉടന്‍ നേതാവിനെ കണ്ടെത്തണമെന്ന് ശശി തരൂര്‍

ന്യുദല്‍ഹി- കോണ്‍ഗ്രസ് ഒരു മുഴുസമയ പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പാര്‍ട്ടി എംപി ശശി തരൂര്‍. പാര്‍ട്ടിക്ക് ചുക്കാന്‍ പിടിക്കാന്‍ ആരുമില്ലെന്നും നാഥനില്ലെന്നുമുള്ള പൊതുധാരണ വളര്‍ന്നു വരികയാണ്. ഇത് അവസാനിപ്പിക്കാന്‍ എത്രയും വേഗം ഒരു നേതാവിനെ കണ്ടെത്തിയെ തീരൂവെന്നും പിടിഐയുമായി നടത്തിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ പദവി വഹിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ശേഷിയുണ്ടെന്നും പാര്‍ട്ടിയെ വീണ്ടും നയിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം വീണ്ടും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ തീര്‍ച്ചയായും നടപടി എടുക്കേണ്ടതുണ്ട്- തരൂര്‍ വ്യക്തമാക്കി.

സോണിയാ ഗാന്ധി പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ പദവി ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ തരൂരിന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചക്കുകയായിരുന്നു.

'മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ നേതൃത്വത്തെ കുറിച്ച് വ്യക്തത വേണ്ടതുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. താല്‍ക്കാലിക അധ്യക്ഷയായി സോണിയാജിയുടെ നിയമനത്തെ ഞാന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ ഭാരം അനിശ്ചിതകാലം അവര്‍ വഹിക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്. വിശ്വസിക്കാവുന്ന ഒരു ദേശീയ പ്രതിപക്ഷമെന്ന് വെല്ലുവിളി ഏറ്റെടുക്കാന്‍ നാഥനില്ലാത്ത കോണ്‍ഗ്രസിനു കഴിയില്ലെന്ന പൊതുധാരണ പരക്കുന്നത് പിടിച്ചു നിര്‍ത്തേണ്ടതുണ്ട്. കോണ്‍ഗ്രസിനു വിലകല്‍പ്പിക്കാത്ത മാധ്യമങ്ങളാണ് ഈ ധാരണയ്ക്ക് ഇന്ധനമാകുന്നത്'-തരൂര്‍ പറഞ്ഞു. 

Latest News