മുംബൈ- കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്‌കാരം 11ന് മുംബൈയിലെ ചാന്ദീവാലിയില്‍ നടക്കും.
മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാത്തേയുടെ ഭാര്യ സുഷമയും ഒരു മകനും വിമാനത്താവളത്തില്‍ നിന്നു ബാബ ആശുപത്രിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. സാത്തേയുടെ ഒരു മകന്‍ തിങ്കളാഴ്ചയോടെ അമേരിക്കയില്‍നിന്നു മുംബൈയിലെത്തും. തുടര്‍ന്നാവും സംസ്‌കാര ചടങ്ങുകള്‍.
മുംബൈ വിമാനത്താവളത്തിലും കൊച്ചിയിലും എയര്‍ ഇന്ത്യയുടെ പൈലറ്റുമാരും ജീവനക്കാരും സാത്തേക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാറിന്റെ മൃതദേഹം ദല്‍ഹിയിലുമെത്തിച്ചിട്ടുണ്ട്.






