ന്യൂദല്‍ഹി- ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍, സായുധ സേന തങ്ങളുടെ ഇസ്രായില്‍ നിര്‍മിത ഹെറോണ്‍ ഡ്രോണുകളില്‍ ലേസര്‍ഗൈഡഡ് ബോംബുകള്‍, ലക്ഷ്യവേധിയായ യുദ്ധോപകരണങ്ങള്‍, ടാങ്ക് വിരുദ്ധ മിസൈലുകള്‍ എന്നിവ സജ്ജമാക്കണമെന്ന് സായുധ സേനയുടെ ആവശ്യം. ശത്രു സ്ഥാനങ്ങളേയും കവചിത റെജിമെന്റുകളേയും നേരിടാന്‍ ഇവ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
'പ്രോജക്ട് ചീറ്റ' എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍ദ്ദേശം സായുധ സേന ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരുന്നതാണ്. 3,500 കോടി രൂപ ചെലവുള്ളതാണ് പദ്ധതി.
ഈ പദ്ധതി പ്രകാരം മൂന്ന് സേനകളിലായി 90 ഓളം ഹെറോണ്‍ ഡ്രോണുകള്‍ ലേസര്‍ഗൈഡഡ് ബോംബുകള്‍, എയര്‍ ടു ഗ്രൗണ്ട് ടാങ്ക് വേധ മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് സായുധമായി നവീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല പ്രതിരോധ സമിതിയാണ് നിര്‍ദേശം പരിഗണിക്കാന്‍ പോകുന്നത്.