Sorry, you need to enable JavaScript to visit this website.

'യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ ഇന്ത്യയ്ക്കു കഴിയില്ലെന്നതാണു സത്യം', പ്രധാനമന്ത്രിക്കെതിരെ രാഹുല്‍

ന്യുദല്‍ഹി- ഓരോ വര്‍ഷവും രണ്ടു കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക ഘടന തകര്‍ത്ത നയങ്ങള്‍ നടപ്പിലാക്കി കോടിക്കണക്കിന് ആളുകളെ തൊഴില്‍രഹിതരാക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റോസ്ഗാര്‍ ദോ (തൊഴില്‍ നല്‍കൂ) എന്ന പുതിയ ക്യാംപയിന് തുടക്കമിട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 90 സെക്കന്‍ഡ് വിഡിയോയിലൂടെയാണ് ഒരിക്കല്‍ കൂടി മോഡി സര്‍ക്കാരിനെതിരെ രാഹുല്‍ രംഗത്തെത്തിയത്. 

സര്‍ക്കാരിനെ മയക്കത്തില്‍ നിന്ന് ഉണര്‍ത്താന്‍ തൊഴില്‍ രഹിതരായ യുവജനങ്ങളും മറ്റുള്ളവരും ശബ്ദം ഉയര്‍ത്തണമെന്നും തുറന്ന് സംസാരിക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. നരേന്ദ്ര മോഡിജി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് എല്ലാ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. അവര്‍ക്ക് വലിയ സ്വപ്‌നങ്ങളാണ് അദ്ദേഹം നല്‍കി. എന്നാല്‍ സത്യത്തില്‍ മോഡിജിയുടെ നയങ്ങള്‍ 14 കോടി ജനങ്ങളെ തൊഴില്‍രഹിതരാക്കുകയാണ് ചെയ്തത്- രാഹുല്‍ പറഞ്ഞു. 

ഇതിനു കാരണം നോട്ടു നിരോധനം, ജിഎസ്ടി, ഇപ്പോള്‍ ലോക്ഡൗണ്‍ തുടങ്ങിയ തെറ്റായ നയങ്ങളായിരുന്നു. ഈ മൂന്ന് കാരണങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ഘടന തകര്‍ത്തു. യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ ഇപ്പോള്‍ ഇന്ത്യയ്ക്കു കഴിയില്ലെന്നതാണു സത്യം- രാഹുല്‍ പറഞ്ഞു.
 

Latest News