Sorry, you need to enable JavaScript to visit this website.

കോവിഡ് ലോകം: യുഎസില്‍ 50 ലക്ഷം കവിഞ്ഞു, ന്യൂസീലന്‍ഡില്‍ കോവിഡില്ലാതെ 100 ദിവസം

വാഷിങ്ടണ്‍- ലോകത്തൊട്ടാകെ കോവിഡ്19 ഇതുവരെ 7,25,334 പേരുടെ ജീവനെടുത്തു. ജനജീവിതം താറുമാറാക്കിയ കൊറോണ വൈറസ് 1.9 കോടി(19.65 ദശലക്ഷം)യിലേറെ പേരെ ബാധിച്ചു. ഇവരില്‍ 1.1 കോടി (11.93 ദശലക്ഷം) പേരും രോഗമുക്തി നേടിയതായും ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമായ യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. രോഗബാധ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായി ബ്രസീലില്‍ മരണ സംഖ്യ ഒരു ലക്ഷം കടന്നു. അതേസമയം ലോകത്ത് ആദ്യമായി കൊറോണയെ പൂര്‍ണമായും തുരത്തിയ ന്യൂസിലാന്‍ഡില്‍ വൈറ ബാധ റിപോര്‍ട്ട് ചെയ്യപ്പെടാതെ 100 ദിവസം പിന്നിട്ടു.

യുഎസ്
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യുഎസില്‍ മഹാമാരിക്കിടെ ആശ്വാസമായി ട്രംപ് ഭരണകൂടം തൊഴിലില്ലാ വേതന വിതരണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തൊഴിലില്ലാ വേതനത്തോടൊപ്പം ആഴ്ചയില്‍ അധികമായി 400 ഡോളര്‍ വിതരണം ചെയ്യും. നേരത്തെ ഇത് 600 ഡോളര്‍ ആയിരുന്നു. യുഎസില്‍ 66 പേരില്‍ ഓരാള്‍ക്ക് എന്ന തോതില്‍ ഇപ്പോള്‍ രോഗബാധയുണ്ട്. 1.6 ലക്ഷം പേരാണ് യുഎസില്‍ മരിച്ചത്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കാല്‍ഭാഗം വരുമിത്.

ബ്രസീല്‍
ബ്രസീലില്‍ 30 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗബാധ. രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്താനിരിക്കുന്നതെ ഉള്ളൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും രാജ്യത്ത് പൊതുഇടങ്ങളെല്ലാം തുറന്നു കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം 50,000ല്‍ എത്താന്‍ മൂന്ന് മാസമെടുത്തപ്പോള്‍ മരണ സംഖ്യ 5000ല്‍ എത്താന്‍ വെറും 50 ദിവസം മാത്രമെ എടുത്തുള്ളൂ. 

ന്യൂസീലന്‍ഡ്
പലരാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി തുടരുമ്പോള്‍ ന്യൂസീലാന്‍ഡ് എന്ന കൊച്ചു രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോവിഡ് ഇല്ലാതെ രാജ്യം 100 ദിവസങ്ങള്‍ പിന്നിട്ടു. വൈറസ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ന്യൂസിലാന്‍ഡ് ആണ് ലോകത്തെ ആദ്യ  കൊറോണ മുക്തരാജ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായ പുതിയ കേസുകള്‍ രാജ്യത്തേക്ക് മടങ്ങി വരുന്ന യാത്രക്കാരാണ്. ഇവരെ അതിര്‍ത്തിയില്‍ ക്വാരന്റീന്‍ ചെയ്താണ് രാജ്യത്തേക്ക് കടത്തിവിടുന്നത്. 

ചൈന
ചൈനയില്‍ പുതുതായി 23 കോവിഡ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ 31ലും കുറവ്. പുതിയ കേസുകളില്‍ 15 പേര്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെയും എട്ടു പേര്‍ പുറത്തു നിന്നുള്ള അണുബാധയിലൂടെയുമാണ് രോഗബാധിതരായത്. ശനിയാഴ്ച 45 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 817 ആയി. ഇവരില്‍ 43 പേരുടെ നില ഗുരുതരമാണ്. ചൈനയില്‍ ഇതുവരെ 84,619 പേര്‍ക്കാണ് രോഗബാധയേറ്റത്. 4,634 പേര്‍ ഇതുവരെ മരിച്ചു. 

വിയറ്റ്‌നാം
ഞായറാഴ്ച 31 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ വിയറ്റ്‌നാമില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 841 ആയി. 11 മരണം. എല്ലാ കേസുകളും രാജ്യത്തെ കൊറോണ പ്രഭവകേന്ദ്രമായ ദനാങ് നഗരവുമായി ബന്ധപ്പെട്ടാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദനാങില്‍ മാത്രം 355 കേസുകളുണ്ട്.

ക്യൂബ
കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ ക്യൂബയില്‍ തലസ്ഥാനമായ ഹവാനയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റസ്ട്രന്റുകളും ബാറുകളും പൂളുകളും വീണ്ടും അടച്ചിടാന്‍ ഉത്തരവിട്ടു. പൊതുഗതാഗതം നിര്‍ത്തിവെച്ചു. ബീച്ചുകളും അടച്ചു. ശനിയാഴ്ച 59 പുതിയ കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഹവാനയില്‍ മാത്രമാണ് രോഗബാധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റിടങ്ങളിലേക്ക് കൂടുതലായി പടരാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാര്‍.
 

Latest News