Sorry, you need to enable JavaScript to visit this website.

കോവിഡ്: മുൻ കേരള അണ്ടർ സെക്രട്ടറിയായി വിരമിച്ച എൻ. കേശവൻ ദമാമിൽ നിര്യാതനായി

ദമാം- കേരള സർക്കാറിന്റെ മുൻ കേരള സർക്കാർ അണ്ടർ സെക്രട്ടറിയായി വിരമിച്ച എൻ. കേശവൻ (73) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. നിലമ്പൂർ സ്വദേശി യായ ഇദ്ദേഹം തിരുവനന്തപുരം ജഗതി ഈശ്വര വിലാസം റോഡിലായിരുന്നു താമസം. ദമാമിലുള്ള മകന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ കേരള ഹൌസിൽ ജോലി തുടങ്ങിയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇദ്ദേഹത്തിന്റെ ഇടപെടലും പെരുമാറ്റവും തിരിച്ചറിഞ്ഞ സി എച്ച് മുഹമ്മദ് കോയ ഇദ്ദേഹത്തെ കൂടെ കൂട്ടുകയും അദ്ദേഹം  മന്ത്രിയായിരിക്കെ പേഴ്‌സണൽ സെക്രട്ടറിയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സി.എച്ച് മുഖ്യമന്ത്രിയായപ്പോഴും ഇതേ ജോലിയിൽ തന്നെ തുടരുകയും ചെയ്തിരുന്നു. അതിനു ശേഷം കേരള സർക്കാർ അണ്ടർ സെക്രട്ടറിയായി ജോലിയിൽ പ്രവേശിക്കുകയും ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുകയും ചെയ്തു.

സഹപാഠിയും ചെറുപ്പത്തിലെയുള്ള സുഹൃത്തുമായ ആര്യാടൻ മുഹമ്മദ് മന്ത്രിയായപ്പോൾ അഡീഷണൽ  പ്രൈവറ്റ് സെക്രെട്ടറിയായി വീണ്ടും ജോലിയിൽ പ്രവേശിക്കുകയും പിന്നീട് എം എം ഹസൻ പ്രവാസി കാര്യ മന്ത്രിയായിരിക്കെ അഡീഷണൽ െ്രെപവറ്റ് സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തു. നോർക്കയുടെ ചുമതല കൂടി വഹിച്ചിരുന്നു. പിന്നീട് വന്ന യു ഡി എഫ് മന്ത്രി സഭയിൽ വീണ്ടും ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കീഴിൽ അഡീഷണൽ െ്രെപവറ്റ് സെക്രട്ടറി തുടർന്നു. ഏതൊരാളോടും സൗമ്യമായി ഇടപ്പെട്ടിരുന്ന കേശവന് വിപുലമായ സൗഹൃദവലയമുണ്ട്. കഴിഞ്ഞ മാർച്ച് ആദ്യ വാരത്തിലാണ് ഇദ്ദേഹവും ഭാര്യ ജയശ്രീയും ദമാം ഫ്യൂയൽ ലോജിസ്റ്റിക് സർവീസസിൽ ജോലി ചെയ്യുന്ന മകൻ ശ്രീജിത്തിനെയും കുടുംബത്തെയും സന്ദർശിക്കുന്നതിനായി ദമാമിൽ എത്തിയത്. മറ്റൊരു മകൻ ശ്രീകേഷ് അമേരിക്കയിലാണ്. 

ഒരു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങാനായി വന്ദേ ഭാരത് മിഷനിലൂടെ എയർ ഇന്ത്യ യിൽ നിന്നും ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാൽ മകൻ ശ്രീജിത് കോവിഡ് ബാധിച്ചതിനെ തുടർന്ന് യാത്ര ഒഴിവാക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതയും പനിയും വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടയിൽ ശ്വാസ തടസം ശക്തമായതിനെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എം എം ഹസ്സൻ, ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ, ഐ ഒ സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, ഒ ഐ സി സി റിജിയണൽ പ്രസിഡന്റ് ബിജു കല്ലുമല എന്നിവർ അനുശോചിച്ചു.

 

Latest News