11 അംഗ പാക് കുടിയേറ്റ ഹിന്ദു കുടുംബത്തെ രാജസ്ഥാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജോധ്പൂര്‍- പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ 11 അംഗ ഹിന്ദു കുടുംബത്തെ രാജസ്ഥാനിലെ ജോധ്പൂരില്‍ കൃഷിസ്ഥലത്തെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഒരാള്‍ ജീവനോടെ ഉണ്ടെന്നും പോലീസ് പറഞ്ഞു. ദേചു മേഖലയിലെ ലൊഡ്താ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ഇവരെ കണ്ടെത്തിയത്. എപ്പോള്‍ എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ജീവനോടെ കണ്ടെത്തിയ ആള്‍ പറഞ്ഞതായും പോലീസ് പറയുന്നു. രാത്രിയില്‍ സംഭവിച്ചതായിരിക്കാമെന്നും എസ് പി രാഹുല്‍ ഭരത് പറഞ്ഞു. 

മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നു വരികയാണ്. രാസ വസ്തു ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. കുടിലിനകത്ത് രാസവസ്തുവിന്റെ മണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയ ഈ ഹിന്ദു കുടുംബം ഗ്രാമത്തില്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു. മൃതദേഹങ്ങളില്‍ മുറിവുകളോ പരിക്കുകളോ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചതായി തെളിവുകളില്ലെന്നും എസ് പി പറഞ്ഞു. അതേസമയം ഈ കുടുംബത്തില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ജീവനോടെയുള്ള കുടുംബാംഗത്തെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest News