കൊലക്കേസ് പ്രതിയായ പിടികിട്ടാപുള്ളിയെ യുപി പോലീസ് വെടിവെച്ചു കൊന്നു

ലഖ്‌നൗ- 2005ല്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിടികിട്ടാപുള്ളി രാകേഷ് പാണ്ഡെയെ യുപി പോലിസ് പ്രത്യേക ദൗത്യ സംഘം വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനു സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് പാണ്ഡെ കൊല്ലപ്പെട്ടതെന്ന് പോലീസ് ഐജി അമിതാഭ് യാഷ് പറഞ്ഞു.

യുപിയിലെ മൗ ജില്ലക്കാരനായ രാകേഷ് പാണ്ഡെ എന്ന ഹനുമാന്‍ പാണ്ഡെയുടെ തലയ്ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപുള്ളിയാണ് പാണ്ഡെ.

മുഹമ്മദാബാദ് എംഎല്‍എ ആയിരിക്കെയാണ് ബിജെപി നേതാവ് കൃഷ്‌നാനന്ദ് റായും മറ്റു ആറു പേരും 2005 നവംബര്‍ 29ന് കൊല്ലപ്പെട്ടത്. കേസ് അന്വേഷണം യുപി പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തിരുന്നു. സിബിഐ കോടതി എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കിയിരുന്നു.
 

Latest News