Sorry, you need to enable JavaScript to visit this website.

പോലീസ് വേഷമിട്ട് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ന്യൂദല്‍ഹി- പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഡെലിവറി ബോയിയില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച 44 കാരന്‍ അറസ്റ്റില്‍. ഗാസിയാബാദിലെ ലോണി സ്വദേശിയായ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ് പിടിയിലായതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്യ പറഞ്ഞു.
ജൂലൈ 23 നാണ് സംഭവം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രജത് കുമാര്‍ പാണ്ഡവ് നഗറില്‍ ഭക്ഷണമെത്തിച്ച് മടങ്ങുമ്പോള്‍ പോലീസ് യൂനിഫോം ധരിച്ച പ്രതി തടഞ്ഞുനിര്‍ത്തുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് 8000 രൂപ പിഴയടക്കണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ എ.ടി.എമ്മില്‍ എടുത്തുനല്‍കണമെന്നായി.
ഓട്ടോയില്‍ ഇരുവരും എ.ടി.എമ്മിനു സമീപത്തേക്ക് പോയി. പണം പിന്‍വലിക്കുന്നതിനായി ഓട്ടോയില്‍നിന്ന് ഇറങ്ങിയ രജത് കുമാര്‍ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന പ്രതിയെ അഴിമതിയെ തുടര്‍ന്ന് 2005 ലാണ് പുറത്താക്കിയത്. അതിനുശേഷം ജോലിയൊന്നും ചെയ്യാതെ ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനായോ പോലീസായോ വേഷമിട്ട് ആളുകളില്‍നിന്ന് പണം തട്ടുകയായിരുന്നു.

 

Latest News