Sorry, you need to enable JavaScript to visit this website.

മൂന്നു പേരുടെ മരണത്തിൽ നാദാപുരം ശോകമൂകം

നാദാപുരം- വിമാനാപകടത്തിൽ അടുത്തടുത്ത പ്രദേശത്തെ മൂന്നു പേരുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ചീക്കോന്നിലെ രമ്യ, മകൾ ശിവാത്മിക, മൊകേരിയിലെ മനാല അഹമ്മദ് എന്നിവരുടെ വേർപാടാണ് പ്രദേശത്തെ സങ്കടത്തിലാക്കിയത്. 
ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരന്റെ ഭാര്യയാണ് രമ്യ. രണ്ട് മക്കളോടൊപ്പം രമ്യയെ ഭർത്താവ് മുരളീധരനാണ് ദുബായ് എയർപോർട്ടിൽനിന്ന് യാത്രയാക്കിയത്. മണിക്കൂറുകൾക്കകമാണ് വിമാനം അപകടത്തിൽ പെട്ടതായി അറിയുന്നത്. വിമാനത്തിന്റെ മുൻനിരയിലെ സീറ്റിലായിരുന്നു രമ്യയും ശിവാത്മികയും മകൻ യഥുദേവും. 


യഥുദേവ് കോഴിക്കോട് മിംസ് ആശുപത്രിയിൽ അപകട നില തരണം ചെയ്തിട്ടുണ്ട്. ഭാര്യയും മകളും നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഇന്നലെ വൈകിട്ടോടെ മുരളീധരൻ നാട്ടിലെത്തിയിട്ടുണ്ട്. താൻ വിമാനത്തിൽ കയറ്റിവിട്ട പ്രിയതമയും മകളും നഷ്ടപ്പെട്ടെന്ന വിവരം ഉൾക്കൊള്ളാനാകുന്നില്ല. മുരളീധരനും കുടുംബവും എട്ട് മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്. വ്യാഴാഴ്ച നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാൻ എല്ലാ സൗകര്യവുമേർപ്പെടുത്തിയിരുന്നു. പുറമേരിക്കടുത്ത നാദാപുരം കോടഞ്ചേരി കരിപ്പള്ളി രവീന്ദ്രന്റേയും രമയുടേയും മകളാണ് രമ്യ. സഹോദരൻ. രമിത്ത്.


ഗൃഹനാഥൻ നഷ്ടപ്പെട്ട ദുഖത്തിൽ നിന്ന് കരകയറും മുമ്പാണ് മൊകേരിയിലെ ഷഹർസാദ് മൻസിൽ മറ്റൊരു മരണമെത്തുന്നത്. ഗൃഹനാഥൻ അഹമ്മദ് ഹാജി 2019 ഓഗസ്റ്റ് 17 നാണ് വീടിനടുത്ത് തന്നെ റോഡിൽ വാഹന അപകടത്തിൽ മരിച്ചത്. അഹമ്മദിന്റെ മകളാണ് വിമാന അപകടത്തിൽ മരിച്ച മനാല അഹമ്മദ്. സന്ദർശന വിസയിൽ വിദേശത്ത് ഭർത്താവിന്റെ അടുത്തേക്ക് പോയ മനാല അഞ്ച് മാസം ഗർഭിണിയാണ്. കുമ്മങ്കോട്ടെ പാലോള്ളതിൽ ആതിഫിന്റെ ഭാര്യയാണ് മനാല. ദുബായ് എയർപോർട്ടിൽനിന്ന് ആതിഫ് യാത്രയയക്കുകയായിരുന്നു. സഹോദരൻ ഉൾപ്പെടെ ബന്ധുക്കൾ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു. മാതാവ് നാളോംപുനത്തിൽ സാറ. സഹോദരങ്ങൾ: ഡോ. മർഷിന അഹമ്മദ്, മുഷീറ അഹമ്മദ്, ഹൈസം അഹമ്മദ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടിലെത്തിച്ച ശേഷം കായക്കൊടി ജുമ മാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 


 

Latest News