Sorry, you need to enable JavaScript to visit this website.

ഒഴുക്കിൽ പെട്ട കാർ  യാത്രികരെ രക്ഷപ്പെടുത്തി

ജിസാൻ പ്രവിശ്യയിൽ പെട്ട ആരിദയിലെ അൽഅബാദിലിൽ ജബൽ അൽജദമിൽ മലയിടിച്ചിലിൽ നിശ്ശേഷം തകർന്ന കാർ.

ജിസാൻ - ആരിദയിൽ ശക്തമായ ഒഴുക്കിൽ പെട്ട പിക്കപ്പിലെ രണ്ടു യാത്രക്കാരെ അധികൃതർ രക്ഷപ്പെടുത്തി. അപകട സാധ്യതയും മറ്റുള്ളവരുടെ മുന്നറിയിപ്പും അവഗണിച്ച് നിരവധി പേർ നോക്കിനിൽക്കേ പിക്കപ്പ് ഡ്രൈവർ മലവെള്ളപ്പാച്ചിലുള്ള താഴ്‌വര സാഹസികമായി മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. താഴ്‌വരയുടെ മധ്യത്തിൽ വെച്ച് പിക്കപ്പ് ശക്തമായ ഒഴുക്കിൽ പെട്ടു. അപകട സ്ഥലത്തു നിന്ന് ഏറെ ദൂരെ വെച്ചാണ് പിക്കപ്പ് ഡ്രൈവറെയും സഹയാത്രികനെയും റബ്ബർ ട്യൂബുകൾ ഉപയോഗിച്ച് അധികൃതർക്ക് രക്ഷിക്കാനായത്. രണ്ടംഗ സംഘത്തിന്റെ പിക്കപ്പ് ഒഴുക്കിൽ പെടുന്നതിന്റെയും ഇരുവരെയും അധികൃതർ രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 


അൽഅഖീഖിലെ വാദി ഥറാദിൽ ഒഴുക്കിൽ പെട്ട കാറിൽ നിന്ന് കുടുംബത്തെ യുവ എൻജിനീയർ അലാ അൽസഹ്‌റാനിയും രക്ഷപ്പെടുത്തി. കനത്ത മഴക്കിടെ ശക്തമായ മലവെള്ളപ്പാച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താനും കുടുംബവും വേഗത്തിൽ വാദിയിൽ നിന്ന് പുറത്തുകടക്കുകയായിരുന്നെന്ന് എൻജിനീയർ അലാ അൽസഹ്‌റാനി പറഞ്ഞു. തന്റെ കാറും തങ്ങൾക്ക് പിന്നിലുണ്ടായിരുന്ന മറ്റൊരു കാറും താഴ്‌വരയിൽ നിന്ന് ഒരുവിധേന പുറത്തു കടന്നു. എന്നാൽ താഴ്‌വരയിൽ വെള്ളത്തിന്റെ ഗതി മാറിയതിനാൽ മൂന്നാമത്തെ കാർ പുറത്തു കടക്കാൻ സാധിക്കാതെ കുടുങ്ങി.

 
തന്റെ കുടുംബത്തെ വാദിയിൽ നിന്ന് അൽപമകലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് അപകടത്തിൽ പെട്ട കുടുംബത്തെ രക്ഷിക്കാൻ വേഗത്തിൽ താൻ തിരിച്ചെത്തി. വാദിയിലൂടെയുള്ള മടക്കയാത്രക്കിടെ മലവെള്ളപ്പാച്ചിൽ ശക്തമായി തന്റെ കാറും പ്രവർത്തനരഹിതമായി വെള്ളത്തിൽ കുടുങ്ങി. കാറിന്റെ മേൽക്കൂര വഴി പുറത്തുകടന്ന താൻ വെള്ളത്തിൽ കുടുങ്ങിക്കിടന്ന ആദ്യ കാറിനു സമീപമുള്ള മൺതിട്ടയിലേക്ക് ചാടിക്കയറി. ഇതിനു ശേഷം കയർ ഉപയോഗിച്ച് ആദ്യ കാറിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മൺതിട്ടയിൽ നിലയുറപ്പിച്ച മറ്റു രണ്ടു യുവാക്കൾ ദൗത്യത്തിൽ തന്നെ സഹായിക്കുകയും ചെയ്തു. കയറിൽ പിടിച്ച് കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ചാടിയ താൻ കാറിനകത്തുണ്ടായിരുന്ന ഭർത്താവിനെയും ഭാര്യയെയും ആൺകുട്ടിയെയും പെൺകുട്ടിയെയും ഓരോരുത്തരെയായി രക്ഷപ്പെടുത്തുകയായിരുന്നെന്ന് എൻജിനീയർ അലാ അൽസഹ്‌റാനി പറഞ്ഞു. 

Tags

Latest News