കരിപ്പൂരില്‍ പിഴച്ചത് ആര്‍ക്ക്? ഉയരുന്നത് ഒട്ടേറെ ചോദ്യങ്ങള്‍

വടകര-ടേബിള്‍ ടോപ്പ് റണ്‍വെയുള്ള കരിപ്പൂരില്‍ പ്രതികൂല കാലാവസ്ഥയില്‍ ഇറങ്ങിയ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചിത മീറ്ററിലും മുന്നിലായിരുന്നുവെന്നും പിന്നീട് നിയന്ത്രണം വിട്ടു കൂപ്പു കുത്തുകയാണെന്നും ഒക്കെയാണ് വിലയിരുത്തലുകള്‍. റണ്‍വേയില്‍ വെള്ളമുണ്ടാവാനുള്ള സാധ്യതയാണ് മറ്റൊന്ന്. ഈ അവസരത്തില്‍ ലാന്റിങ്ങിനു അനുമതി നല്‍കുന്നത് തന്നെ റിസ്‌കാണ്. കാലാവസ്ഥ പൈലറ്റിന്റെ കാഴ്ച മറച്ചിരുന്നോ എന്നും സംശയമുണ്ട്. രണ്ട് വട്ടം ഇറങ്ങാനുള്ള വിമാനത്തിന്റെ ശ്രമം പരാജയപ്പെട്ടിരുന്നെന്നു ഫ്‌ളൈറ്റ് റഡാര്‍24 എന്ന വെബ്‌സൈറ്റ് പറഞ്ഞിരുന്നു. ഇവിടുത്തെ റണ്‍വേയെക്കുറിച്ചു നേരത്തെ പരാതികള്‍ ഉണ്ടായിരുന്നതാണ്. കൂടാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ഫ്രിക്ഷന്‍ ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.  .ഫ്രിക്ഷന്‍ ടെസ്റ്റിനുള്ള വാഹനം ചെന്നൈയില്‍ നിന്ന് വരുത്തിച്ചെങ്കിലും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരിപ്പൂര്‍, മംഗലാപുരം പോലെയുള്ള ടേബിള്‍ ടോപ് എയര്‍പോര്‍ട്ട് റണ്‍വേകളില്‍ ഇത്തരം ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നിര്‍ണായകമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 2010ല്‍ അപകടത്തില്‍പ്പെട്ടതിനു ശേഷം മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഴയുള്ള സമയത്ത് വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കാറില്ലെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ വി.വി റാവു പറയുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മലഞ്ചരിവില്‍ നിര്‍മിച്ച വിമാനത്താവളം ആയതിനാലും ടേബിള്‍ ടോപ്പ് റണ്‍വെ ആയതിനാലും മഴയുള്ളപ്പോള്‍ പൈലറ്റുമാരുടെ കാഴ്ച തടസപ്പെടാനും വിമാനം തെന്നിമാറാനുമുള്ള സാധ്യത കണക്കിലെടുക്കാണ് ഡിജിസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇവിടെയത് പാലിക്കപ്പെട്ടില്ല
മേയ് ഏഴ് മുതല്‍ വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെട്ട 100 വിമാനങ്ങളാണ് കരിപ്പൂരില്‍ ഇറങ്ങിയതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. 'കനത്ത മഴ മൂലം ലാന്‍ഡിംഗിനുള്ള ആദ്യ ശ്രമം വിജയിച്ചില്ല. രണ്ടാമത്തെ ശ്രമത്തില്‍ വിമാനം ഇടതുവശത്തേക്ക് തെന്നിപ്പോകുകയും താഴേക്ക് പതിച്ച് പിളരുകയുമായിരുന്നു'വെന്ന് കേന്ദ്രമന്ത്രി പറയുന്നു.

Latest News