Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂർ അപകടം: പ്രദേശവാസികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- കരിപ്പൂർ വിമാനാപകട നടന്ന സമയത്ത്് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെയും പോലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളണ്ടിയർമാരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിവിൽ ഏവിയേഷൻ മന്ത്രാലയവും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികളും വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 ആശുപത്രികളിലായി രക്ഷപ്പെടുത്തിയവരുടെ ചികിത്സ ജില്ലാ അതോറിറ്റി ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
149 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 23 പേർക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാർജ് ചെയ്തു. തമിഴ്‌നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുണ്ട്.

കോവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോർട്ടം പ്രക്രിയ ത്വരിതപ്പെടുത്തിയെന്നും മരണപ്പെട്ടവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരിൽ ഒരാൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
വിമാനാപകടം സംഭവിച്ചപ്പോൾ തന്നെ സമീപം താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവർത്തകരും സ്തുത്യർഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവർത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂർത്തിയാക്കിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരേയും ഹാർദമായി അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് എളുപ്പം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

Latest News