Sorry, you need to enable JavaScript to visit this website.

പൂർവകാലവും പ്രാർഥനകാലവും

ഇടതുപക്ഷം മൊത്തം കോൺഗ്രസിനോട് സഹകരിക്കണമെന്ന് വീണ്ടും ഈ പഴയമൊഴി. ഇത്തവണ പുരാണപാരായണവുമായി നടക്കുന്ന വലതു കമ്യൂണിസ്റ്റ് ഭക്തശിരോമണി മുല്ലക്കര രത്‌നാകരനാണ് അതു മൊഴിഞ്ഞത്. ദേശീയ ബൂർഷ്വാസിയുമായുള്ള തർക്കങ്ങൾ അനവധിയുണ്ട്. അതിന്റെ പേരിൽ സി.പി.ഐക്കാരുമായി വലിയ തർക്കങ്ങൾ ഉണ്ടെന്നും സംശയാതീതമായാണ് പിണറായി വിജയൻ നടൻ ശ്രീനിവാസനോട് വെളിപ്പെടുത്തിയത്. ശ്രീനിവാസൻ മര്യാദക്കാരനായതിനാൽ 'സന്ദേശം' പോലുള്ള സിനിമകളിലെ സംഭാഷണമൊന്നും ഉരുവിട്ടില്ല. ഇപ്പോൾ മുല്ലക്കരയ്ക്കാണ് മറുകരയെത്താൻ തിടക്കും. ഇന്ത്യയിൽ ആകെയുള്ള ഒരു ഇടതുപക്ഷമന്ത്രിസഭയാണ്. ഇത്തവണ മന്ത്രിപദം കിട്ടിയില്ല എന്നു കരുതി ഇങ്ങനെ കാഠിന്യമുള്ള നിർദേശങ്ങൾ പരസ്യമായി അവതരിപ്പിക്കാമോ? ശാസിക്കാൻ കാനം രാജേന്ദ്രൻ സ്ഥലത്തില്ലെന്നു തോന്നുന്നു. ആയുർവേദ ചികിത്സയിലോ മറ്റോ ആകാം. 1970- മുതൽക്കുള്ള കോൺഗ്രസ് ബന്ധത്തിന്റെ മധുരം പലർക്കും ഇപ്പോഴും നാവിലുണ്ടെന്നു തോന്നുന്നു. എഴുപതല്ല, രണ്ടായിരത്തി ഇരുപത്. ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും മുന്നണി പർപ്പടമാകും. മുല്ലക്കരയ്ക്കു കുന്തിയും പാഞ്ചാലിയും കൊണ്ടു കാലം കഴിക്കാം. മറ്റുസഖാക്കൾ പട്ടിണിയിലാകും.

ശശി തരൂരിനു പിന്നാലെ പി.ജെ. ജോസഫും കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനു സ്വാഗതമരുളിക്കഴിഞ്ഞു. അദ്ദേഹം ഇപ്പോഴും രോമാഞ്ചകഞ്ചുകം അണിഞ്ഞു നിൽക്കുകയാണ്. ഇരുപത്തിയഞ്ച് വർഷം മുമ്പ് ജോസഫ് അച്ചായൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്നുവത്രേ! വല്യകനമുള്ള ഒരു വകുപ്പാണ് അതെന്ന കാര്യത്തിൽ സംശയമില്ല. 1957ൽ ജോസഫ് മുണ്ടശ്ശേരി ഭരിച്ച് വിമോചന സമരം ക്ഷണിച്ചുവരുത്തിയത് ആ വകുപ്പിന്റെ ഗുണം കൊണ്ടായിരുന്നു. എങ്കിലും തൽക്കാലം നിലവിലുള്ള ഇടതുമുന്നണി മന്ത്രിമാരെക്കാൾ, എത്രയേ ഇരട്ടിഭാരം എടുത്തുപോക്കാൻ കഴിവുള്ളവരായിരുന്നു മുൻ മന്ത്രിമാരെല്ലാം. കുട്ടികളൊന്നും ക്ലാസുമുറികളിൽ കയറാത്ത കാലമായപ്പോഴേക്കും വകുപ്പിനെ നെടുകെ കീറി ഉന്നത  വിദ്യാഭ്യാസമെന്നും സാധാരണ വിദ്യാഭ്യാസമെന്നും ഭാഗം വയ്‌ക്കേണ്ടിവന്നു. ജലീലും രവീന്ദ്രനാഥും രണ്ടു മന്ത്രിമാർ. എന്നിട്ടോ? ആരോപണം ഒഴിഞ്ഞ നേരമില്ല. കേരളാ കോൺഗ്രസ് മാണിച്ചായന്റെ കാലം മുതൽക്കേ മുന്നണികളെ സ്വാഗതം ചെയ്യാറുണ്ട്. 
ജോസഫും 'അവന്റെ പാത' തന്നെ പിന്തുടരുന്നു. ലോക്‌സഭയിൽ വയ്ക്കാതെ തന്നെ, പുറത്തിറക്കി 'ഇൻകുബേറ്ററിൽ' കിടത്തിയിരിക്കുന്നു വിദ്യാഭ്യാസനയത്തെ തൊടുപുഴയിലെ നേതാവ് പിന്തുണയ്ക്കുമ്പോൾ യു.ഡി.എഫ് നേതാക്കളുടെ വയറ്റിൽനിന്നും മേലേക്കു ഒരാന്തലാണ്. ജോസഫിനെപ്പോലെയല്ല ജോസഫ്. പഠിക്കുന്ന കാലത്ത് 'ഭാരോദ്വഹന'ത്തിൽ സമ്മാനം നേടി. വയസ്സ് 79 ആയെങ്കിലും വേദിയിൽ കയറിയാൽ പാട്ടുപാടും. തന്റെ 25 വർഷം മുമ്പേയുള്ള ദീർഘവീക്ഷണത്തെ ഇന്നത്തെ കേന്ദ്ര സർക്കാർ അനുകരിച്ചിട്ടും അദ്ദേഹത്തിന് അസൂയയോ കോപമോ ലവലേശമില്ല. മാത്രമല്ല, അതൊരു മുന്നറിയിപ്പുമാണ്. 
ബൗദ്ധിക മേഖലയിൽ 'മിന്നും താരങ്ങൾ' ആകേണ്ട എത്രയോ പോർ ഇനിയും പാലാ, തൊടുപുഴ, കോട്ടയം, ഇടുക്കി ഭാഗങ്ങളിലെ റബർവനങ്ങളിൽ അവഗണിക്കപ്പെട്ടു കഴിയുന്നുവെന്ന് മോഡിയോ, ഷാജിയോ തിരിച്ചറിഞ്ഞാൽ, അതോടെ കേരളത്തിലെ മുന്നണി സമവാക്യങ്ങൾ മാറും. അദ്ധ്വാനവർഗ സിദ്ധാന്തം' ബ്രിട്ടീഷ് പ്രഭുസഭയിൽപോലും അവതരിപ്പിച്ചുവെന്നു പ്രചരിപ്പിച്ചുനടന്ന മാണിച്ചായന്റെ പുത്രൻ ജോസ് മോനെക്കൂടി സമന്വയത്തിൽ കൊണ്ടുവന്ന് മുന്നണിയിലേക്ക് ആവാഹിക്കണമെന്നാണ് ദില്ലിക്കാരുടെ മനസ്സിലിരിപ്പ് എന്നാണ് ശ്രുതി.

*** *** ***
പാക്കിസ്ഥാനും ഗുജറാത്തിനുമിടയിലാണ് 'ജയ്‌സാൽമർ' എന്ന വിനോദ കേന്ദ്രം. കൊറോണക്കാലമായിട്ടും ഓണക്കാലം പോലെ അവിടെ വിനോദം പൊടിപൊടിക്കുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനു നന്ദി പറയണം. കാലുമാറുമെന്നു സംശയമുള്ളവരെയും ഇല്ലാത്തവരെയും ചേർത്ത് സ്വന്തം എമ്മല്ലെമാരെ മുഴുവനും അങ്ങെത്തിച്ചു. കുതിരക്കച്ചവടത്തിൽനിന്നും മാറിനിൽക്കണം. കോവിഡ് കാലമാണെങ്കിലും രഹസ്യമായി അത്തരം വിനോദങ്ങളൊക്കെ ആകാം. വിനോദമില്ലെങ്കിൽ കോൺഗ്രസില്ല. ഒന്നിനും രണ്ടിനും മൂന്നിനും ഒരു മുട്ടുണ്ടാകില്ല. ബി.ജെ.പിയിൽനിന്നും ചാടിവന്ന പൈലറ്റിന് അതറിയില്ല. പയ്യൻ! കേരളത്തിൽനിന്നും ഒരു എ.ഐ.സി.സി സെക്രട്ടറി എത്തുന്നുണ്ടെന്നും കേട്ടപ്പോഴേ. 'കുളം' പ്രതീക്ഷിച്ചതാണ്. വൻ ഗോപുരങ്ങൾക്കിടയിൽ ചെറിയൊരു 'പെട്ടിക്കട' മാത്രമാകാനേ കെ.സി. വേണുഗോപാലിനു ത്രാണിയുള്ളൂ എന്ന് കക്ഷിയെ ബോധ്യപ്പെടുത്തണം. ഇനിയെങ്കിലും ഇത്തരം തെക്കന്മാർ കോൺഗ്രസിനെ നയിക്കാൻ ഇറങ്ങരുത്. അക്കാര്യത്തിലാണെന്നു തോന്നുന്നൂ, അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും സമവായത്തിലെത്താൻ സാധ്യത കാണുന്നത്.

*** *** ***
'എസ്സാർപി' എന്നു കേട്ടാൽ മരിച്ചുമണ്ണടിഞ്ഞ ആ രാഷ്ട്രീയപാർട്ടിയെ അതിന്റെ സ്രഷ്ടാക്കൾ പോലും ഓർക്കാറില്ല. മറിച്ച് അതൊരു മാർക്‌സിസ്റ്റ് നേതാവിന്റെ ഓമനപ്പേരാണ്. ഒരു പ്രസ്ഥാനം തന്നെയാണെന്നു പറഞ്ഞില്ലെങ്കിലും സഖാവിന്റെ മൊത്തം ശരീരഭാഷ അങ്ങനെ തന്നെയാണ്. അദ്ദേഹം അഖിലേന്ത്യാ കിസാൻസഭയുടെ ആജീവനാന്ത നേതാവാണ്. മാതൃപേടകത്തിന് ബ്രാക്കറ്റിൽ 'എം' ഉള്ളതുപോലെ കിസാൻ സഭയ്ക്കുമുണ്ട് ബ്രാക്കറ്റിൽ '36 കാനിംഗ് ലൈൻ'. മേൽവിലാസം പണ്ട് 'അശോകാ റോഡ് എന്നായിരുന്നു. മാറുന്നത് ശീലം. എസ്. രാമചന്ദ്രൻപിള്ള പണ്ട് 16 വയസ്സിനുമുമ്പ് ആറെസ്സെസ് ക്യാമ്പിൽ ചെന്നിരുന്നതിന്റെ 'പാട്' ഇപ്പോഴും പിൻഭാഗത്തുണ്ടോ എന്ന് അന്വേഷിച്ചുനടക്കുകയാണ് ബി.ജെ.പി നേതാവ് സുരേന്ദ്രൻ. രമേശ് ചെന്നിത്തലയുടെ പിതാവ് വി. രാമകൃഷ്ണൻ നായരുടെ ഭൂതകാലം ഗവേഷണം നടത്തി ചെപ്പുതുറന്നുവിട്ട കോടിയേരി സഖാവാണ് അങ്കം കുറിച്ചത്. പുത്രൻ കോൺഗ്രസിലെ 'സർസംഘ്ചാലക്' ആണെന്നും വെച്ചുകാച്ചി. ചികിത്സ കഴിഞ്ഞു മടങ്ങിയ സഖാവിന്റെ ഓർമശേഷികുറഞ്ഞുവോ എന്നു സംശയിക്കണം. കമ്യൂണിസ്റ്റു പാർട്ടിക്കു നിരോധനമുണ്ടായിരുന്ന കാലത്ത് പല നേതാക്കളും ജന്മിമാരുടെ എട്ടുകെട്ടിലും തമ്പുരാക്കന്മാരുടെ കോവിലകങ്ങളിലും ഒളിച്ചിരുന്നിട്ടുണ്ട് എന്നതു പകൽപോലെ സത്യം. അഭയം കൊടുത്തവരൊക്കെ കമ്യൂണിസ്റ്റായോ? മഹാത്മഗാന്ധിവധം, 1975ലെ അടിയന്തരാവസ്ഥക്കാലം എന്നീ സന്ദിഗ്ധഘട്ടങ്ങളിൽ സംഘ്പരിവാറുകാരും ഒളിവിൽ ചെന്നുകഞ്ഞികുടിച്ചു കഴിഞ്ഞ കുടുംബാംഗങ്ങളുണ്ട്. 
ആ വീട്ടുകാരൊക്കെ ബി.ജെ.പിക്കാരായോ എന്നു സംശയിക്കും. കോടിയേരിയുടെ 'ചെന്നിത്തല ഗവേഷണ പ്രബന്ധം' വായിക്കുന്നവർ. എസ്സാർപിയുടെ 'കിസാൻസഭ' 1936ൽ സ്ഥാപിച്ചതും ഒരു 'സ്വാമി' സഹജാനന്ദസരസ്വതി ആയിരുന്നുവെന്ന കാര്യം ഇപ്പോൾ ശത്രുക്കളുടെ കൈകയ്യിൽ 'വടി'യായി മാറുമോ ആവോ! കോൺഗ്രസിലെ ഒരു അധരഗവേഷകനായ എം.എം. ഹസൻ കണ്ടെത്തിയ വസ്തുതകൾ മൊത്തം രാഷ്ട്രീയക്കാരെ ഞെട്ടിക്കും- ദില്ലിയിൽ ലാവ്‌ലിൻ ഉൾപ്പെടെയുള്ള പല 'സുവർണ ശോഭ'യുളള കേസുകളിലും നീക്കുപോക്കുണ്ടാക്കാൻ കേന്ദ്രവുമായി ഒരു 'പാലം' ആയി പ്രവർത്തിക്കുകയാണ് എസ്. രാമചന്ദ്രൻപിള്ള എന്ന എസ്സാർപി. പിണറായി പോയാൽ അടുത്ത മുഖ്യൻ എന്ന് സ്വപ്‌നം കാണുന്ന കോടിയേരിക്ക് 'ദില്ലിവാല' ഒരു വെല്ലുവിളിയാണത്രേ! മുഖ്യനായില്ലെങ്കിൽ സംസ്ഥാന സെക്രട്ടറി ആയി വന്നാലും പ്രശ്‌നം തന്നെ. തനിക്കു പിന്നെ തൊഴിലില്ലായ്മയും കൂലിയും ഉറപ്പ്. ഒരു മുഴം മുൻകൂട്ടി എറിഞ്ഞതാണ് ചെന്നിത്തലയെ. മകൻ കോടിയേരിക്കെതിരെ മറാത്തി യുവതി നൽകിയ കേസിലെ ഡി.എൻ.എ ടെസ്റ്റ് ഒതുക്കിയോ എന്നുപോലും ദുഷ്ടനായ കെ. സുരേന്ദ്രൻ ചോദിക്കാൻ മടിച്ചില്ല.
ചർച്ചാവേദിയിൽ പ്രത്യക്ഷപ്പെടാത്ത മറ്റൊരു പഴയ ചങ്ങാത്തത്തിന്റെ കാര്യമുണ്ട്- ഒരു കണ്ണൂർ എക്‌സ്പ്രസിൽ രണ്ടുപേർ മംഗലാപുരത്തേക്ക് പോകുന്നു. ക്യാബിനിൽ ഒരു യാദൃഛികമായി കണ്ടുമുട്ടിയ അവർ 'എന്തതിശയമേ പാരിൽ നിൻ സ്‌നേഹം' എന്നു പാടി യാത്ര തുടരുന്നു. ഒരാൾ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി. അപരൻ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചു കല്ലും കുറുവടിയും നാടൻ ബോംബുമൊക്കെ പരിചയിച്ച് കാലുമാറിയ സുന്ദരൻ. സായിബാബയുടെ തലമുടി. വെളുത്തവാവിന്റെ ചിരി- സി.കെ. പത്മനാഭൻ. കക്ഷിയുടെ പൂർവകാലവും പരിശോധിച്ച് ഫല പ്രവചനം നടത്താമായിരുന്നു. ഇനിയുമുണ്ട് ഏറെപ്പേർ. നമ്മുടെ ഭാവിയെക്കുറിച്ചു പരിശോധിക്കാനാണ് ആളെ കിട്ടാത്തത്. ഈ കൊറോണക്കാലത്ത് നമ്മുടെ രാഷ്ട്രീയം നേരം പോക്കിനുള്ള ഒരു 'ബഡായി ബംഗ്ലാവ്' മാത്രമായിപ്പോയി.

*** *** ***
അടുത്ത എ.ഐ.സി.സി സമ്മേളനത്തിൽ രാഹുൽഗാന്ധി വീണ്ടും ദേശീയ നേതൃത്വത്തിലെത്തുമെന്ന് ചില ആസ്ഥാന ജ്യോതിഷികൾ കവടി നിരത്തി പറഞ്ഞുതുടങ്ങി. രണ്ടായിരത്തോളം പേർ പങ്കെടുക്കേണ്ട ആ സമ്മേളനം കോവിഡ് ഭീഷണി നിമിത്തം ഉടനെയെങ്ങും നടക്കില്ലത്രേ! 'സമ്മേളനം നൂറുകൊല്ലം കഴിഞ്ഞു നടന്നാൽ മതിയെന്ന് രാഹുൽ ഗാന്ധി മനംനൊന്തു പ്രാർഥിക്കുന്നുവെന്നാണറിവ്'.

Latest News