Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

ഭരണഘടന മനുസ്മൃതിയാകുന്ന കാലം വിദൂരമല്ല

സി പി എം നേതാവ് പി. രാജീവിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പ്രസ്താവന ഗൗരവമായി ചർച്ചയർഹിക്കുന്നു. ഭൂപരിഷ്‌കരണം മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.  അതിനദ്ദേഹം കാണുന്ന ന്യായീകരണമോ? ഭൂമി വിതരണം ചെയ്തു കഴിഞ്ഞാൽ കീഴ്ജാതി സമൂഹങ്ങൾക്കും പാർശ്വവത്കൃതർക്കും പിന്നാക്കാവസ്ഥയിൽനിന്ന് സാമ്പത്തികമായും സാമൂഹികമായും പുരോഗതി ഉണ്ടാകും, വാങ്ങൽ ശേഷി കൂടും, അത്  മുതലാളിത്തത്തെ വികസിപ്പിക്കും.  
എത്ര ലളിതമായ വിശകലനം. വിവാദമായപ്പോൾ ഫ്യൂഡലിസത്തേക്കാൾ പുരോഗമനകരമാണ് മുതലാളിത്തമെന്ന വിശദീകരണവും വന്നു. കമ്യൂണിസത്തെ കുറിച്ച് അണികൾക്ക് തുടർച്ചയായി നൽകുന്ന ക്ലാസ്സിലായിരുന്നു ഈ പരാമർശമുണ്ടായത്. കമ്യൂണിസ്റ്റ് പാഠപുസ്തകമനുസരിച്ച് അതു ശരിയാകാം. എന്നാൽ ഒരു വിഷയത്തെ വിശകലനം ചെയ്യുന്നത് പാഠപുസ്തകമനുസരിച്ചല്ലല്ലോ. മുതലാളിത്തത്തെ വികസിപ്പിക്കാനല്ല, കയറിക്കിടക്കാനും മണ്ണിൽ അദ്ധ്വാനിച്ച് മാന്യമായി ജീവിക്കാനുമാണ് ദളിതരും ആദിവാസികളും തോട്ടം തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമടങ്ങുന്ന വലിയൊരു ജനസമൂഹം ഭൂമിക്കായി ശബ്ദമുയർത്തുന്നത്. ഒന്നാം ഭൂപരിഷ്‌കരണത്തിൽ വഞ്ചിക്കപ്പെട്ട അവർ രണ്ടാം ഭൂപരിഷ്‌കരണത്തിനായാണ്  വാദിക്കുന്നത്. 
ഹാരിസണും ടാറ്റയുമടങ്ങുന്ന വൻകിട കോർപ്പറേറ്റുകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കർ പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെടുന്നത്. നിർഭാഗ്യവശാൽ മുതലാളിത്തം ഫ്യൂഡലിസത്തേക്കാൾ പുരോഗമനപരമെന്നും ഭൂപരിഷ്‌കരണം മുതലാളിത്ത മുദ്രാവാക്യമാണെന്നും പറയുന്ന രാജീവന്റെ പാർട്ടി നേതൃത്വം കൊടുക്കുന്ന കേരള സർക്കാർ ഭൂരഹിതർക്കൊപ്പമല്ല, കോർപ്പറേറ്റുകൾക്കൊപ്പമാണ്. പകരം ഭൂരഹിതർക്ക് നിന്നു തിരിയാനിടമില്ലാത്ത ഫഌറ്റുകളും മറ്റും നൽകി ഭൂമി നിഷേധിക്കുകയാണ്. 
ക്ലാസ്സിക്കൽ മാർക്‌സിസത്തിന്റെ നിർവ്വചനങ്ങളിലൊതുങ്ങുന്നതല്ല ഇന്ത്യൻ സാമൂഹ്യസാഹചര്യം എന്നതാണ് വസ്തുത. മാർക്‌സിസത്തിന്റെ വർഗ്ഗവിശകലനത്തിലൊതുങ്ങാത്ത ജാതി എന്ന ജനാധിപത്യവിരുദ്ധമായ സംവിധാനമാണ് അതിന്റെ പ്രധാന കാരണം. 
ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണത്തിന്റെ ഫലമായി നാലു സെന്റ് കോളനികളിലൊതുക്കപ്പെട്ട പതിനായിര കണക്കിനു കുടുംബങ്ങൾ ദളിതരുടേതായത് അതിനാലാണ്. അവർ ഭൂമിക്കായി സമരം ചെയ്യുന്നത് മുതലാളിത്തത്തിനുവേണ്ടിയാണെന്ന ധാരണ വരുന്നത് സങ്കുചിതമായ വർഗ്ഗവിശകലന നിലപാടിന്റെ പ്രശ്‌നമാണ്. 
കുടിയാന്റെ മകൻ പാടത്ത്  പണിയെടുക്കുന്നത് പ്രത്യേകമായ തിയറിയുടെ പിൻ ബലത്തിലല്ലെന്നും, കുടിയാന്റെ മകൻ കുടിയാൻ ആകുന്നത് പ്രായോഗികമായ അനുഭവത്തിലൂടെയാണെന്നും രാജീവ് പറയുന്നത് അതിനാലാണ്. ജാതിയാണ് പ്രധാന പ്രശ്‌നമെന്നു മനസ്സിലാക്കാത്തതും അതിനാലാണ്. 
തിരുവനന്തപുരത്തെ കുടിയൊഴിപ്പിക്കലും രാജീവന്റെ ക്ലാസ്സും തമ്മിലുള്ള ബന്ധം പച്ചയായ രാഷ്ട്രീയ യാഥാർത്ഥ്യമല്ലാതെ മറ്റെന്താണ്?. ഇതേ ക്ലാസ്സിൽ തന്നെ രാജീവന്റെ മറ്റൊരു പരാമർശവും വരുകയുണ്ടായി. പട്ടരിൽ പൊട്ടനില്ലെന്ന ചൊല്ലിനെ കുറിച്ചായിരുന്നു അത്. തലമുറകളായി വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ അവരുടെ തലച്ചോറിനു വികാസമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതിനു കഴിയാത്തവരുടേത് വികസിച്ചില്ലെന്നും. വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞത് ശരിയാകാം. 
മനുസ്മൃതിയുടേയും ചാതുർവർണ്യത്തിന്റേയും ജാതിവ്യവസ്ഥയുടേയും പേരിൽ അവസരം നിഷേധിക്കപ്പെട്ടു എന്നതു ശരിയാണ്. എന്നാൽ അതിന്റെ ഫലമായി തലച്ചോറിന് വികാസമുണ്ടായില്ല എന്നത് ഏതു മാർക്‌സിന്റെ പാഠമാണാവോ? സാമൂഹ്യനീതിക്കായി ഇന്ത്യൻ ഭണഘടന വിഭാവനം ചെയ്യുന്ന ജാതിസംവരണത്തെ എതിർക്കുന്നവർ പറയുന്ന പ്രധാന കാരണം കഴിവും അർഹതയുമാണല്ലോ. അതുതന്നെയാണ് രാജീവും പറയുന്നത്. വിഷയം അവസരങ്ങൾ നിഷേധിച്ചതാണ്. തലച്ചോറുമായി അതിനൊരു ബന്ധവുമില്ല. ചരിത്രപരമായി അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ നിഷേധിക്കപ്പെട്ട സാമൂഹ്യനീതി നേടിയെടുക്കാനാണ് സംവരണം. അതും വർഗ്ഗവിശകലനത്തിൽ എല്ലാവിഷയങ്ങളേയും ഒതുക്കുന്ന മാർക്‌സിസ്റ്റ് പണ്ഡിതർക്ക് കാണാനാകില്ല. അതിനാലാണല്ലോ ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണത്തിനായി നിലപാടെടുത്തത് ഇ എം എസ് നമ്പൂതിരിപ്പാടായത്. അടുത്തയിടെ കേന്ദ്രസർക്കാർ സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോൾ അക്കാര്യം തങ്ങളാണ് ആദ്യമാവശ്യപ്പെട്ടതെന്ന് കോടിയേരിയും അവകാശപ്പെട്ടല്ലോ. കേരളത്തിലും അഭിമാനത്തോടെ അത് നടപ്പാക്കി. സർക്കാർ വേതനം നൽകുന്ന, പതിനായിരക്കണക്കിനു പേർക്ക് തൊഴിൽ നൽകുന്ന എയ്ഡഡ് മേഖലയിൽ സംവരണമില്ല. 
അഖിലേന്ത്യാതലത്തിൽ ശക്തിപ്പെടുന്ന സവർണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽ നിന്നു കേരളവും വിമുക്തമല്ല എന്നതാണ് യാഥാർത്ഥ്യം. അതാണല്ലോ മുഖ്യമന്ത്രിയെ പോലും ജാതിവിളിച്ചാക്ഷേപിക്കുന്നത്. നവോത്ഥാനകാലത്ത് നാം നേടിയ സാമൂഹ്യമുന്നേറ്റങ്ങളെല്ലാം നമുക്ക് നഷ്ടപ്പെടുകയാണ്. അല്ലെങ്കിൽ പോയവാരം യോഗക്ഷേമസഭയുടെ 'സ്വസ്തി' ത്രൈമാസികയുടെ മുഖപ്രസംഗം ഇങ്ങനെയാകുകയില്ലല്ലോ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലത്തെ പഴയകാലത്തെ തീണ്ടാപ്പാടിനോടാണ് അത് ഉപമിക്കുന്നത്. സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ ഭാഗമായി എത്ര മീറ്റർ വിട്ടുനിൽക്കുന്നതും നല്ലതാണെന്നാണ് പുതിയ നിയമം. മിനിമം ഒരു മീറ്ററാണ് നിർദേശിക്കുന്നത്. എന്നാൽ എട്ട് മീറ്ററിനും അപ്പുറത്തായിരുന്നു നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലം, ചായ മോന്തി കുടിക്കാതിരുന്നിട്ടും കുടിച്ച ഗ്ലാസ് കമഴ്ത്തിവെച്ചിരുന്ന കാലം. 
പുറത്ത് പോയി വന്ന വസ്ത്രം അയിത്തക്കോലിൽ വെച്ച് മുങ്ങിക്കുളിച്ച് ശുദ്ധമായിരുന്ന കാലം. അകത്ത് പെരുമാറണമെങ്കിൽ കുളിച്ച് ശുദ്ധമായി വരണം എന്ന് ശഠിച്ചിരുന്ന കാലം. ഇലയിൽ ഉണ്ണുന്നത്, അണുക്കളെ നശിപ്പിക്കുന്നതിനായി ഇല വാട്ടുന്നത്,  സാനിറ്റൈസറും ഡെറ്റോളും ഇല്ലെങ്കിലും കുളിക്കടവിൽ മഞ്ഞളും പുറ്റുമണ്ണും വെച്ചിരുന്നത്. ഇവയൊക്കെയാണ് കോവിഡ് കാലവുമായി ഉപമിച്ച് മുഖപ്രസംഗം ബ്രാഹ്മണ്യത്തെ കീർത്തിക്കുന്നത്. പുരോഗമന കലാസാഹിത്യസംഘവും ഇത്തരം ആശയത്തിൽ ഒരു ഷോർട്ട് ഫിലിം ചെയ്തതും വിവാദമായപ്പോൾ പിൻവലിച്ചതും മറക്കാറായിട്ടില്ലല്ലോ. 
കോടതി തന്നെ വിധിയിൽ മനുസ്മൃതിയെ ഉദ്ധരിക്കുകയും രാഖി കെട്ടിയാൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ജാമ്യം നൽകുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുസ്മൃതി മൂല്യങ്ങളാണ് തിരിച്ചു വരുന്നതെന്നതിൽ സംശയമില്ല. അതിനെ ന്യായീകരിക്കാൻ സംഘടിത ശ്രമങ്ങളും നടക്കുന്നു. പുതിയ വിദ്യാഭ്യാസനയം തന്നെ നോക്കുക. ജാതിവ്യവസ്ഥയുടെ ഭയാനകമായ ചൂഷണത്തിന്റെ ഇരകൾ എന്നു പറയുന്നതിനു പകരം 
socio economic disadvantage group  എന്ന പരികല്പനയിലാണ് മർദിത വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞില്ല ഈ  ജാതിയെ കാണുന്നതോ സാമൂഹിക-സാംസ്‌കാരിക ഘടകം എന്ന രീതിയിലും. 
ജാതി, മനുഷ്യവിരുദ്ധമായ സമ്പ്രദായമാണെന്നും അതില്ലാതാക്കാനുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസത്തിനുണ്ടെന്നുമുള്ള നിലപാട് രേഖയിലില്ല. മാത്രമല്ല, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ പല നിലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന വർഗ്ഗങ്ങൾ എന്ന രീതിയിലാണ് ദളിത് ആദിവാസി വിദ്യാർഥികളെ പറ്റി സൂചിപ്പിക്കുന്നത്. കേരളത്തിൽ ദളിതരെ കർഷകത്തൊഴിലാളികളെന്ന സംജ്ഞയിൽ ഒതുക്കാൻ ശ്രമിച്ചപോലെതന്നെ. അതിനോടൊപ്പം ആദിവാസി വിഭാഗത്തിലെ കുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസത്തെ സാമാന്യേന അപ്രധാനവും തങ്ങളുടെ ജീവിത വ്യവസ്ഥയ്ക്ക് പുറത്തുള്ളതുമായി കാണുന്നുവെന്നും പറഞ്ഞുവെക്കുന്നു. അതായത് ഈ ചൂഷണസംവിധാനമെല്ലാം സ്വാഭാവികമാണെന്ന്. ഏറെക്കുറെ പി. രാജീവ് പറഞ്ഞപോലെതന്നെ. അതായത് നാം പതുക്കെ പതുക്കെ പുറകോട്ട് സഞ്ചരിക്കുകയാണെന്ന്. ഈ നിലക്ക് രാമക്ഷേത്രം പണിതാലും രാമരാജ്യം വന്നാലുമില്ലെങ്കിലും നമ്മുടെ ഭരണഘടന മനുസ്മൃതിയാകുന്ന കാലം വിദൂരമാകില്ല.


 

Latest News