Sorry, you need to enable JavaScript to visit this website.
Wednesday , September   30, 2020
Wednesday , September   30, 2020

കോവിഡ്: മുഖ്യമന്ത്രിയും തിരുത്തണം

മാനവരാശിക്കുമേലുള്ള കോവിഡിന്റെ ഭീഷണി കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ചില രാജ്യങ്ങളിൽനിന്നു നേരിയ പുരോഗതിയുടെ വാർത്തകളുണ്ട്. അതേസമയം ഇതുവരെ ഭീഷണിയില്ലാതിരുന്ന രാജ്യങ്ങളിൽ ഭീഷണിയുയർന്നു വന്നിട്ടുണ്ടുതാനും. ഇന്ത്യയുടെ അവസ്ഥയും സമാനമാണ്. കോവിഡ് ഏറെ നാശം വിതച്ച മഹാനഗരങ്ങൾ പതിയെ പതിയെ നില മെച്ചപ്പെടുത്തുന്നതായാണ് വാർത്തകൾ. ദൽഹിയിൽ അത് വളരെ പ്രകടമാണ്. കോവിഡുമായി ബന്ധപ്പെട്ടു പറയപ്പെടുന്ന സുരക്ഷാ നടപടികളൊന്നും സാധ്യമല്ലാത്ത മുംബൈയിലെ ധാരാവിയിൽ പോലും രോഗം നിയന്ത്രിതമായി എന്നത് ചെറിയ കാര്യമല്ല. എന്നാൽ രാജ്യത്തെ  മറ്റു പ്രദേശങ്ങളിൽ വ്യാപനം കൂടുന്നുണ്ട്. ആഭ്യന്തരമന്ത്രിക്ക് കോവിഡ്  എന്നത് രാജ്യം നേരിടുന്ന കോവിഡ്  ഭീഷണിയുടെ സൂചകമാണ്.
കേരളത്തിലും രോഗവ്യാപനത്തിനു കുറവില്ല. ആദ്യകാല നേട്ടങ്ങളെല്ലാം നമുക്ക് നഷ്ടപ്പെട്ടു. ഈ അവസ്ഥയെ പ്രവാസികളുടെ തലയിൽ ഇനിയും കെട്ടിവെക്കാനാവില്ല.  അപ്പോഴുമാശ്വാസം മരണസംഖ്യയിൽ വൻവർദ്ധനവില്ല എന്നതാണ്. അതിനിടയിലാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയർന്നു വന്നത്. സമ്പർക്കവ്യാപനം കണ്ടെത്താനുള്ള ഉത്തരവാദിത്തം ആരോഗ്യപ്രവർത്തകരിൽനിന്ന് പോലീസിനെ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ടാണത്. കോവിഡ് പ്രതിരോധത്തിൽ നമുക്ക് വീഴ്ചകൾ പറ്റി എന്നു മുഖ്യമന്ത്രി പറഞ്ഞതിനു തൊട്ടുപുറകെയാണ് ഈ തീരുമാനം. ഏറെ പ്രശംസിക്കപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകരിൽ മുഖ്യമന്ത്രിക്ക് അവിശ്വാസം വന്നു എന്നതിന്റെ സൂചന തന്നെയാണത്. പത്രസമ്മേളനത്തിന് നിശബ്ദസാക്ഷിയായ ആരോഗ്യമന്ത്രിയുടെ അഭിപ്രായം അറിയില്ല. 
എന്തായാലും സർക്കാരിന്റെ ഈ തീരുമാനം നൽകുന്ന സന്ദേശം ഗുണകരമാണെന്നു പറയാനാവില്ല. കോവിഡ് എന്നത് ആരോഗ്യപ്രശ്‌നമല്ല, ക്രമസമാധാനപ്രശ്‌നമാണ് എന്നതാണത്. പോലീസിനെ ഉപയോഗിച്ചാണോ മഹാമാരിയെ നേരിടുക? ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കലാണ് പോലീസിന്റെ ജോലി. അതിൽ പലയിടത്തും അവർ പരാജയപ്പെടുന്നു. രോഗവ്യാപനത്തിന് അതും കാരണമാണ്. മറുവശത്ത് പലയിടത്തും അമിതാധികാരം ഉപയോഗിക്കുന്നു. ഇപ്പോൾ തന്നെ പിടിപ്പതു ജോലിയുള്ള, അതിൽതന്നെ പരാജയപ്പെടുന്ന  പോലീസിനു അവരുടെ പരിധിയിൽ വരാത്ത ഈ ജോലി കൂടി ഏൽപ്പിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? 
സ്വാഭാവികമായും ആരോഗ്യമേഖലയിലുള്ളവർ ഈ തീരുമാനത്തിൽ നീരസത്തിലാണ്. ഐ എം എയും മറ്റും അത് വ്യക്തമാക്കുകയും ചെയ്തു. പലപ്പോഴും ഔദ്യോഗിക സംഘടനയാണെന്ന മട്ടിൽ സർക്കാരിനേയും ജനങ്ങളേയും മറ്റു വൈദ്യശാസ്ത്ര ശാഖകളേയും ഭീഷണിപ്പെടുത്തുന്നതാണ് ഈ സംഘടന. എന്നാൽ ഇക്കാര്യത്തിൽ അവർ പറയുന്നതിൽ ന്യായമുണ്ട്. ആരോഗ്യപ്രവർത്തകരുടെ കുറവുണ്ട്, അവർ ക്ഷീണിതരാണെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വിശദീകരണം. അവർക്ക് പ്രധാന ആവശ്യം വളണ്ടിയർമാരാണ്. എന്നാൽ അതിനു തയ്യാറായി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിനുപേർ കാത്തിരിക്കുന്നുണ്ട്. പക്ഷെ അവരുടെ സേവനം വേണ്ടരീതിയിൽ ഉപയോഗിക്കുന്നില്ല എന്ന പരാതിയുമുണ്ട്.
അതിനിടെ പലരും ആശങ്കപ്പെട്ടപോലെ കിട്ടിയ അധികാരം നിയമവിരുദ്ധമായി പോലീസ് ഉപയോഗിക്കുന്നതായുള്ള റിപ്പോാർട്ടുകളുമുണ്ട്. നേരിട്ടറിയാവുന്ന സംഭവം പറയാം. തൃശൂർ കോർപ്പറേഷനിൽ കണ്ടെയ്ൻമെന്റ് സോണുകളായ 6,7,8,11 ഡിവിഷനുകളിൽ പാൽ, കുടിവെള്ളം, പത്രം തുടങ്ങിയവയുടെ വിതരണം പോലും തടയുന്നു. വാട്ടർ അതോറിട്ടി പൈപ്പ് ഓപ്പറേറ്ററെ പോലും കടത്തിവിടാത്തതിനാൽ കുടിവെള്ളം മുട്ടുന്നു. ചില പലചരക്ക് - പച്ചക്കറി കടകൾ തുറക്കാനനുവദിച്ചെങ്കിലും അവിടേക്ക് സാധനങ്ങൾ കൊണ്ടുവരാൻ അനുവദിക്കുന്നില്ല. മിക്കവയും കാലിയായി. മെയിൻ റോഡടക്കം എല്ലാം അടച്ചുകെട്ടി. ആരോഗ്യപ്രവർത്തകർക്കുപോലും ജോലിക്കുപോകാനാവുന്നില്ല. ജനങ്ങൾക്ക് മരുന്നുവാങ്ങാനോ ആശുപത്രിയിലേക്കോ പോകാനോ ആവുന്നില്ല. മെഡിക്കൽ കോളേജിലേക്കുള്ള റോഡുപോലും അടച്ചിരിക്കുന്നു.  കണ്ടെയ്ൻമെന്റ് സോണിലില്ലാത്തവർക്കും മറ്റു പഞ്ചായത്തുകളിൽ നിന്നുള്ളവർക്കും ഇതുവഴി നഗരത്തിലേക്കും തിരിച്ചും ജോലിക്കും മറ്റു കാര്യങ്ങൾക്കും പോകാനാവുന്നില്ല. അവർക്കാകട്ടെ വേറെ വഴിയുമില്ല. ഡിവിഷനുകൾ മുഴുവൻ കണ്ടെയ്ൻമെന്റ് സോണാക്കേണ്ടതില്ല, രോഗമുള്ള ഭാഗം മാത്രം മതി എന്ന മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവില കൊടുത്താണ് ഈ പോലീസ് രാജ്. ഇടതുപക്ഷത്തെയടക്കമുള്ള സ്ഥലത്തെ ജനപ്രതിനിധികൾ പ്രതിഷേധിച്ചിട്ടും ഒരു ഫലവുമില്ല. ഇതായിരിക്കും അമിതമായ അധികാരം നൽകിയാൽ പോലീസ് ചെയ്യുക എന്നുറപ്പ്. 
ഇത്തരം അമിതാധികാര പ്രയോഗത്തിനുള്ള കാലമല്ല ഈ ദുരന്തകാലം. എത്രയും വേഗം ഈ തീരുമാനം തിരുത്താനാണ് സർക്കാർ തയ്യാറാവേണ്ടത്. മാത്രമല്ല കോവിഡ്  സർവ്വസൈനാധിപനെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ സമീപനം മാറണം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ നൽകുന്ന ഊർജത്തെ കുറിച്ച് കുറെ കേട്ടിരുന്നല്ലോ. എന്നാൽ അതിൽ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു. ആരോഗ്യമന്ത്രിയടക്കമുള്ളവരും സംസാരിക്കട്ടെ. അവരുടെ വായ് മൂടിക്കെട്ടാനുള്ളതല്ല മാസ്‌ക്. സത്യത്തിൽ വേണ്ടത് പ്രതിപക്ഷ നേതാവിനേയും പത്രസമ്മേളനത്തിൽ പങ്കെടുപ്പിക്കലാണ്. 
കോവിഡുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു പറയാനുള്ളത് പറയട്ടെ. മുഖ്യമന്ത്രി മറുപടിയും പറയട്ടെ. ജനമത് നേരിൽ കാണട്ടെ. എങ്കിലതുനൽകുന്ന സന്ദേശം എത്ര ഉയർന്നതായിരിക്കും. ജനാധിപത്യത്തിലെ ഒരു കുതിച്ചുചാട്ടവുമാകുമത്.  എന്നാൽ അത്തരത്തിൽ ചിന്തിക്കാനുള്ള ആർജവമൊന്നും നാം നേടിയിട്ടില്ല എന്നതാണ് വസ്തുത. നമ്മുടെ ജനാധിപത്യബോധം ഇപ്പോഴും കക്ഷിരാഷ്ട്രീയത്തിൽ കുരുങ്ങി കിടക്കുകയാണ്.