Sorry, you need to enable JavaScript to visit this website.

'കരിപ്പൂര്‍ ലാന്‍ഡിംഗ് വെല്ലുവിളിയെന്ന് സാഠേ പറയുമായിരുന്നു'

കോഴിക്കോട്- കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ച പൈലറ്റ് ദീപക് സാഠേയെ ഓര്‍മിച്ച് സുഹൃത്തും മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജറുമായ കെ.ആര്‍ പ്രമോദ്.

'കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്‌കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ ലാന്‍ഡ് ചെയ്യാന്‍ എറ്റവും ബുദ്ധിമുട്ട് നേരിടുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഈ കൊവിഡ് കാലത്ത് മെയ് മാസത്തിലാണ് അദ്ദേഹത്തോട് അവസാനമായി ഫോണില്‍ സംസാരിച്ചത്. ഏഴ് മാസം മുന്‍പ് അദ്ദേഹം കോഴിക്കോടെത്തിയപ്പോഴായിരുന്നു ഒടുവില്‍ കണ്ടത്. പരിചയപ്പെട്ടിട്ട് രണ്ട് വര്‍ഷമായിട്ടേയുള്ളൂവെങ്കിലും ദീപക് സാഠേയുമായി നല്ല അടുപ്പമായിരുന്നു. കോഴിക്കോട് എത്തുമ്പോഴെല്ലാം അദ്ദേഹം വിളിക്കുകയും ഞങ്ങള്‍ കാണുകയും ചെയ്യാറുണ്ടായിരുന്നു. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന വിവരം രാത്രി എട്ടരമണിയോടെയാണ് അറിയുന്നത്. ഉടന്‍ വിളിച്ചത് അദ്ദേഹത്തെയാണ്. പൈലറ്റ് അദ്ദേഹമാണെന്ന് കരുതിയില്ല. എന്തുകൊണ്ടാകും വിമാനം തെന്നിമാറിയിട്ടുണ്ടാവുകയെന്ന് അടുത്ത സുഹൃത്തില്‍നിന്ന് അഭിപ്രായം തേടാമല്ലോയെന്ന് കരുതിയായിരുന്നു. പക്ഷേ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് അപകടമുണ്ടായെന്ന് അറിയുന്നത്.

രണ്ടുവര്‍ഷം മുന്‍പ്, കൊച്ചിയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദീപക് സാഠേയെ പരിചയപ്പെടുന്നത്. അന്ന് ശ്രേയാംസ്‌കുമാര്‍ സാറും ഒപ്പമുണ്ടായിരുന്നു. തൊട്ടടുത്ത സീറ്റില്‍ യാത്രക്കാരനായി ദീപക് സാഠേ. അങ്ങനെയാണ് പരിചയപ്പെടുന്നത്. ബോംബെയില്‍ നിന്ന് കൊച്ചിയില്‍ വന്ന് അവിടെ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നിന്ന് ബഹ്്‌റിനിലേക്കുള്ള വിമാനം പറത്താന്‍ വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പിന്നീട് കോഴിക്കോട് വന്നപ്പോഴൊക്കെ അദ്ദേഹം വിളിക്കുകയും പോയി കാണുകയും ചെയ്യാറുമുണ്ടായിരുന്നു. ഇവിടെയെത്തിയാല്‍ താജ് ഹോട്ടലിലാണ് താമസം. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ നടക്കാനിറങ്ങും. സൈക്ലിംഗ് വളരെ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു. താജില്‍ നിന്ന് സൈക്കിളുമെടുത്ത് 25 കിലോമീറ്ററൊക്കെ പോകാറുണ്ട്. കൃത്യമായ പരിശോധനകള്‍ നടത്തി ആരോഗ്യപരിപാലനം സൂക്ഷ്മതയോടെ പിന്‍തുടര്‍ന്നിരുന്നു. കോവിഡ് കാലത്ത് ഞങ്ങള്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. മെയ് മാസത്തിലാണ് അവസാനംവിളിച്ചത്. നേരില്‍ കണ്ടിട്ട് 7 മാസത്തോളമായി. ശ്രേയാംസ്‌കുമാര്‍ സാറുമായും നല്ല ബന്ധമാണ്. ദീപക് സാഠേ മാതൃഭൂമിയില്‍ വന്ന് വീരേന്ദ്രകുമാര്‍ സാറിനെ കണ്ടിട്ടുണ്ട്.

ഒരു അമേരിക്കന്‍ യാത്രയ്ക്ക് തൊട്ടുമുന്‍പായി കോഴിക്കോട് എത്തിയപ്പോഴാണ് അവസാനമായി കാണുന്നത്. അന്ന് കുറച്ചുസാധനങ്ങള്‍ വാങ്ങിക്കാനുണ്ടന്ന് പറഞ്ഞപ്പോള്‍ ഞങ്ങളൊരുമിച്ച് മാര്‍ക്കറ്റില്‍ പോയി. കോഴിക്കോട് ബീച്ച് കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇടക്കിടെ പറയാറുണ്ടായിരുന്നു. നല്ല വ്യക്തിത്വത്തിന് ഉടമയും അനുഭവപരിചയമുള്ള, വൈദഗ്ധ്യമുള്ള പൈലറ്റുമായിരുന്നു. കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് വളരെ റിസ്‌ക് ആണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഇറക്കാറെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവത്തില്‍ ലാന്‍ഡിങ്ങിന് എറ്റവും ബുദ്ധിമുട്ട് നേരിടുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരെന്നും പറഞ്ഞിരുന്നു. അന്നത്തെ കൊച്ചി കോഴിക്കോട് യാത്രയില്‍ യാത്രക്കാരനായിരുന്നപ്പോള്‍ തന്നെ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൈലറ്റായിരിക്കുന്നതിനേക്കാള്‍ യാത്രക്കാരനായിരിക്കുമ്പോഴാണ് പേടി തോന്നാറെന്ന് അദ്ദേഹം പറയാറുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന വിവരം രാത്രി എട്ടരമണിയോടെയാണ് അറിയുന്ന്. ഉടന്‍ വിളിച്ചത് അദ്ദേഹത്തെയാണ്. ആ വിമാനം നിയന്ത്രിച്ചിരുന്നത് അദ്ദേഹമാണെന്ന് കരുതിയല്ല. അടുത്ത സുഹൃത്തായതിനാല്‍, എന്തുകൊണ്ടാകും വിമാനം തെന്നിമാറിയിട്ടുണ്ടാവുകയെന്ന് ചോദിക്കാനായിരുന്നു. പക്ഷേ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വാട്ട്‌സ് ആപ്പ് കോളില്‍ ശ്രമിച്ചിട്ടും കിട്ടിയില്ല. തൊട്ടുപിന്നാലെയാണ് ഇദ്ദേഹമാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും അപകടത്തില്‍പ്പെട്ടതായും മരണപ്പെട്ടതായും അറിയുന്നത്. ഒരു നല്ല സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാഞ്‌ലികള്‍ അര്‍പ്പിക്കുന്നു.

 

Latest News