ക്യാപ്റ്റന്‍ ഡിവി സാത്തെ, 30 വര്‍ഷത്തിലേറെ പറന്ന  പൈലറ്റ്, വ്യോമസേനയില്‍ നിന്ന് എയര്‍ ഇന്ത്യയിലേക്ക്

കരിപ്പൂര്‍- അപകടത്തില്‍ പെട്ട  വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയും സഹപൈലറ്റ് ആയ അഖിലേഷും മരണപ്പെട്ടിരിക്കുകയാണ്. കനത്ത മഴ കാരണം പൈലറ്റിന് റണ്‍വേ കാണാന്‍ സാധിക്കാത്തത് ആണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ വളരെക്കാലത്തെ അനുഭവ പരിചയുമുളള വൈമാനികനാണ്.
വ്യോമ സേനയിലെ സേവനത്തിന് ശേഷമാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ എയര്‍ ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷക്കാലം അദ്ദേഹം വ്യോമ സേനയില്‍ പൈലറ്റ് ആയിരുന്നു. 30 വര്‍ഷത്തെ പരിചയ സമ്പന്നതയുളള പൈലറ്റാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ. 1981ലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. 22 വര്‍ഷം പൈലറ്റായി ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. 2003ല്‍ സര്‍വ്വീസില്‍ നിന്നും സ്‌ക്വാഡ്രോണ്‍ ലീഡര്‍ ആയി വിരമിച്ച സാത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയില്‍ പൈലറ്റായി ചേര്‍ന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 58ാം റാങ്കുകാരനായിരുന്നു. മാത്രമല്ല സ്വോഡ് ഓഫ് ഓണറും സാത്തെ നേടിയിരുന്നു. ബോയിംഗ് 737 കൊമേഷ്യല്‍ വിമാനങ്ങള്‍ പറത്തുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുളള പൈലറ്റ് കൂടിയാണ് സാത്തേ. തകര്‍ന്ന വിമാനത്തില്‍ നിന്നും പുറത്തേക്ക് എടുക്കുമ്പോള്‍ തന്നെ പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു എന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയേയും അഖിലേഷ് കുമാറിനേയും കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് അഖിലേഷ് മരണത്തിന് കീഴടങ്ങിയത്.
 

Latest News