Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

രാമന്റെ ദുഃഖം

ഇന്ത്യ എന്ന സങ്കൽപത്തെ, ആശയത്തെ സംഘ് പൂർണമായും വിഴുങ്ങിക്കഴിഞ്ഞിരിക്കേ, ആശയങ്ങളോ ഊർജമോ ഇല്ലാതെ പ്രതിപക്ഷം പൂർണമായും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ താഴ്ത്തിക്കെട്ടുകയും ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ച ഒരു ദാരുണ സംഭവത്തോട് അതിനെ സമീകരിക്കുകയും ചെയ്ത ദയനീയതയാണ് അയോധ്യയിൽ അരങ്ങേറിയത്. 


ത്രേതായുഗ സന്ധ്യകളുടെ തനിയാവർത്തനം പോലെ അണിഞ്ഞൊരുങ്ങിയ അയോധ്യ. തെരുവുകൾ പീതവർണ പൂരിതം. ലക്ഷം മൺചെരാതുകളിൽനിന്ന് ചിതറുന്ന വെളിച്ചം. ആയിരം ഉച്ചഭാഷിണികളിൽനിന്ന് രാം ധൻ നേരിയ ശബ്ദത്തിലൊഴുകുന്നു. പുതിയൊരു രാജ്യത്തിന്റെ ശിലാസ്ഥാപന വേളയിൽ, ഏറ്റവും അനിവാര്യമായതിന്റെ അഭാവം മുഴച്ചുനിന്നു- നീതിയും ധർമവും ത്യാഗവും രാജധർമത്തിന്റെ ശിലകളാക്കിയ രാമഭാവം.
മറ്റൊന്നുകൂടി അവിടെ ഉണ്ടായിരുന്നില്ല. രാമരാജ്യം സ്വപ്‌നം കണ്ട മഹാമനീഷിയുടെ ധർമബോധം. ത്യാഗിയായ രാമനായിരുന്നു ഗാന്ധിജിയുടെ മാതൃകാപുരുഷൻ. 
'മുടിദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാമന്യനു വേണ്ടി ദേഹവും
മടിവിട്ടു ജനേഛ പോലെ തൻ
തടികാത്തൂഴി ഭരിക്ക ദുഷ്‌കരം'
രാജധർമത്തിന്റെ പാരതന്ത്ര്യം സ്വയം വരിച്ച, ധർമനിഷ്ഠമായ രാജ്യഭാരത്തിന്റെ കഠിനപരീക്ഷ ഏറ്റുവാങ്ങിയ ത്യാഗിയായ രാമനെയാണ് രാഷ്ട്രപിതാവ് മനസ്സിലേറ്റിയത്. അയോധ്യയിൽ കാണാതിരുന്ന ത്യാഗഭാവം.


അധികാരത്തിന്റെയും ധർമശാസ്ത്രത്തിന്റെയും ബലിപീഠത്തിൽ കുരുതി കഴിക്കപ്പെട്ട രണ്ട് മഹാജീവിതങ്ങളുടെ ദുരന്തകഥയാണ് രാമകഥയെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് നിരീക്ഷിക്കുന്നു. രാമന്റെ ജീവിതയാത്രയെ മനുഷ്യരാശിക്ക് പരിചയപ്പെടുത്തിയ ആദികവിയുടെ ത്യാഗത്തേയും ചുള്ളിക്കാട് ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ ഏകധനമായ തപോധനത്തെ പണയം വെച്ചുകൊണ്ട് രാഷ്ട്രീയാധികാരത്തേയും നിരാർദ്രമായ ധർമശാസ്ത്രങ്ങളേയും ഏകനായി വെല്ലുവിളിച്ചുകൊണ്ടാണ് വാല്മീകി ഈ ധർമം നിറവേറ്റുന്നത്. രാമായണത്തിലെ ആ പാഠമാണ് അയോധ്യയിൽ അപ്രത്യക്ഷമായത്.
ശിലാസ്ഥാപനത്തിന്റെ പരികർമിയാകട്ടെ, പ്രകോപനപരവും അധാർമികവുമായ വാക്കുകളിലൂടെ രാജ്യം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച മൂല്യങ്ങളെ വെട്ടിനുറുക്കി. രാഷ്ട്ര നേതാവ്, രാഷ്ട്രീയ നേതാവായും പിന്നെ മതനേതാവായും ചുരുങ്ങുന്ന കാഴ്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമാണ്. 


മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ താഴ്ത്തിക്കെട്ടുകയും ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ച ഒരു ദാരുണ സംഭവത്തോട് അതിനെ സമീകരിക്കുകയും ചെയ്ത ദയനീയതയെ രാഷ്ട്രീയ നിരീക്ഷകനായ ശിവ് വിശ്വനാഥൻ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷമെന്നാണ് വിശേഷിപ്പിച്ചത്. 'ഇത് ഭൂരിപക്ഷാധിപത്യത്തിന്റെ മാത്രം പ്രശ്‌നമല്ല, ബഹുസ്വരവും തുറന്നതും ന്യൂനപക്ഷങ്ങളോട് സഹിഷ്ണുത പുലർത്തുന്നതുമായ ഭരണഘടനാധിഷ്ഠിത ഇന്ത്യയെന്ന പഴയ സ്വപ്‌നം പൂർണമായും ഒലിച്ചുപോകുന്ന കാഴ്ചയാണിത്.'
അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഇന്ത്യൻ തലമുറയെ രാഷ്ട്രീയമായി ആഴത്തിൽ സ്വാധീനിച്ച രണ്ട് സംഭവങ്ങൾ ബാബ്‌രി മസ്ജിദിന്റെ തകർച്ചയും ഗുജറാത്ത് കലാപവുമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട് സംഭവങ്ങളോടും ചേർന്നു നിൽക്കുന്ന ഒരാൾ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെങ്ങനെ എന്ന ചോദ്യം ബാക്കിനിൽക്കുന്നു. ബാബ്‌രി മസ്ജിദിന്റെ തകർച്ച ഒരിക്കലും തർക്ക മന്ദിരത്തിന്റെ തകർച്ചയായി അടയാളപ്പെടുത്തിക്കൂടായെന്ന് മതേതരവാദികൾ എക്കാലവും ചൂണ്ടിക്കാട്ടി. എൻ.എസ് മാധവന്റെ 'തിരുത്ത്' എന്ന കഥയിൽ പത്രാധിപർ ചുല്യാറ്റ് തന്റെ നീലപ്പെൻസിൽ ഉപയോഗിച്ച് സുഹറ എഴുതിയ വാർത്ത വെട്ടി എഴുതുന്നുണ്ട്. ആ വാർത്തയിൽ സുഹറക്ക് തർക്കമന്ദിരമെന്നേ എഴുതാൻ കഴിയുമായിരുന്നുള്ളൂ. അതുപോലെ തന്നെ ചുല്യാറ്റിന് മാത്രമേ അത് ബാബ്‌രി മസ്ജിദ് എന്ന് വെട്ടിയെഴുതാൻ കഴിയുമായിരുന്നുള്ളൂ. നമ്മുടെ മതേതരത്വം ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ഈ പ്രതിസന്ധിയെയാണ് ഇനി ഇന്ത്യയുടെ ചരിത്രത്തിൽ ഓഗസ്റ്റ് അഞ്ച് അടയാളപ്പെടുത്തുക.


ഗംഗാ തടത്തിലെ കാനന രാജാവായ ഗുഹനെ ആശ്ലേഷിക്കുകയും കീഴ്ജാതിക്കാരിയായ ശബരിക്ക് മോക്ഷം നൽകുകയും അവരോടൊപ്പം നിലത്തിരിക്കുകയും ചെയ്ത രാമനെ ചിത്രീകരിച്ചുകൊണ്ട് മനുഷ്യരെല്ലാം ഒന്ന് എന്ന ഏകതാ മാനവ ദർശനമാണ് വാല്മീകി മുന്നോട്ടുവെച്ചത്. മര്യാദാ പുരുഷോത്തമൻ എന്ന പേരുകേട്ട ശ്രീരാമന്റെറ ജീവിതം ത്യാഗസുരഭിലവും സമഭാവനയുടെ സന്ദേശം തരുന്നതുമായി അദ്ദേഹം വരച്ചിട്ടു. കിരീട ധാരണത്തിന് തൊട്ടുതലേന്ന് രാജ്യം വലിച്ചെറിഞ്ഞ് കാട്ടിലേക്ക് പോകേണ്ടിവന്നു ശ്രീരാമന്. സുഖത്തിലും ദുഃഖത്തിലും ഭർത്താവിനോടൊപ്പം നിന്ന പ്രിയതമയെ വെടിയേണ്ടിവന്നു. ധർമാചരണത്തിന്റെ മൂർത്തീഭാവമായാണ് രാമൻ ജനമനസ്സുകളിൽ നിറഞ്ഞുനിന്നത്. ഇതേ രാമന്റെ പേരിലാണ് ഹിംസാത്മക വർഗീയതയുടെ അഴിഞ്ഞാട്ടം. 
അയോധ്യയിലെ ഭൂമിപൂജ വേദിയിലെ സാന്നിധ്യങ്ങൾ, ഭാവി ഇന്ത്യയുടെ നഖചിത്രം വരച്ചുകാട്ടുന്നു. രാമഭാവത്തെയല്ലെ അക്രമാസക്ത വർഗീയതയുടെ ഹിംസഭാവത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് അവർ. മൂന്നു നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനമായെന്ന് പ്രഖ്യാപിച്ച ഇവരുടെ സാന്നിധ്യത്തിലാണ്, പള്ളി നിലംപരിശാക്കിയ കർസേവകരെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭടന്മാരോട് സമീകരിച്ച ആ കുത്സിതമായ വാക്കുകൾ പിറന്നത്. രാമൻ മുഴുവൻ രാജ്യത്തിന്റേയുമാണ് എന്ന് ആവർത്തിച്ചുറപ്പിക്കാൻ ശ്രമിച്ചിട്ടും, സ്വയം അതിൽ വിശ്വസിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് പേർത്തും പ്രതിഫലിച്ച വാക്കുകൾ. 


ബാബ്‌രി മസ്ജിദ് തകർത്തതിന്റെ പേരിൽ കേസുകൾ നേരിട്ട, ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ഭൂപടത്തിൽ അയോധ്യയെ കോറിയിട്ട നേതാക്കൾക്ക് ഈ ചടങ്ങിലേക്ക് ക്ഷണമോ പ്രവേശനമോ ഉണ്ടായിരുന്നില്ല. മൃദുഭാവത്തിന്റെ മുഖംമൂടികൾ ഇനി തങ്ങൾക്ക് ആവശ്യമില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. ഇനിയെന്ത് എന്ന ചോദ്യം പ്രസക്തമാണ്. അയോധ്യ ഉൾക്കൊള്ളുന്ന ഉത്തര ഭാരതം രണ്ടു വർഷത്തിനകം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇന്ത്യയുടെ യഥാർഥ രാഷ്ട്രീയ പരീക്ഷണത്തിന്റെ വേദിയായി അത് മാറും. ഇന്ത്യ എന്ന സങ്കൽപത്തെ, ആശയത്തെ സംഘ് പൂർണമായും വിഴുങ്ങിക്കഴിഞ്ഞിരിക്കേ, ആശയങ്ങളോ ഊർജമോ ഇല്ലാതെ പ്രതിപക്ഷം പൂർണമായും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. സംഘ്പരിവാറിന്റെ ഏറ്റവും വലിയ വിജയവും അതാണ്. 


ബാബ്‌രി മസ്ജിദിനു ശേഷമുള്ള 25 വർഷങ്ങൾക്കിടയിൽ സാംസ്‌കാരിക ദേശീയത എന്ന സംഘപരിവാർ സിദ്ധാന്തത്തിന് ജനങ്ങൾക്കിടയിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ എല്ലാ പാർട്ടികളും പല വിധത്തിലുള്ള പങ്ക് വഹിച്ചതായി നിലഞ്ജൻ മുഖോപാധ്യായ എഴുതുന്നു. 'താൽക്കാലികമായ വിജയങ്ങൾ മതേതരരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർട്ടികൾ ആഘോഷിക്കുമെങ്കിലും അപ്പോഴേക്കും ഹിന്ദുത്വ വാദം എക്കാലത്തേക്കാളും ശക്തിയോടെ സമൂഹത്തിൽ പിടിമുറുക്കിയിരിക്കും. 2004 നു ശേഷം ഒരു ദശാബ്ദത്തോളം ബി.ജെ.പി അധികാരത്തിലില്ലായിട്ടും പ്രത്യയശാസ്ത്രപരമായി അവർ നേടിയ നേട്ടങ്ങൾ ഇല്ലാതാക്കുന്നതിൽ കോൺഗ്രസും മറ്റ് മതേതര പാർട്ടികളും നേരിട്ട പരാജയമാണ് അവരെ ഇത്രയും കരുത്തോടെ തിരിച്ചുവരാൻ സഹായിച്ചത്' എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. 


അയോധ്യയിലെ ഭൂമി പൂജക്ക് ആശംസയുമായി നേരിട്ട് രംഗത്ത് വന്ന പുതുതലമുറ നേതാവ് ബദൽ രാഷ്ട്രീയത്തിന്റെ സ്വാഭാവിക ഇടങ്ങളെ കണ്ടെത്താനുള്ള കോൺഗ്രസ് പാർട്ടിയുടെ നിസ്സഹായതയുടെ പ്രതീകമാണ്. ശ്രീരാമന്റെയും സീതയുടെയും അനുഗ്രഹം കൊണ്ട് ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നാണ് അവർ ട്വീറ്റ് ചെയ്തത്. മതേതര ഇന്ത്യയുടെ മനസ്സിൽ എക്കാലവും കളങ്കമായ ബാബ്‌രി മസ്ജിദ് ധ്വംസനത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം അക്രമോത്സുകമായി നേടിയെടുത്ത അധികാരം വഴി നടത്തുന്ന ശിലാസ്ഥാപനത്തെക്കുറിച്ചാണ് കോൺഗ്രസിന്റെ ഉന്നത നേതാവ് പറയുന്നത് എന്നാലോചിക്കണം. 


ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം എക്കാലവും പറഞ്ഞുകൊണ്ടിരുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് റദ്ദാക്കൽ, ബാബ്‌രി മസ്ജിദ് തകർത്ത സ്ഥാനത്ത് ക്ഷേത്രം, ഏക സിവിൽകോഡ് എന്നിവ ഒന്നൊന്നായി സഫലീകരിക്കപ്പെടുകയാണ്. 
2019 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്. 2020 ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് ശില വീണു. അരക്ഷിതാവസ്ഥയുടെ ഓഗസ്റ്റുകൾക്കായി മതേതര ഇന്ത്യ കാത്തിരിക്കുമ്പോൾ, ത്യാഗധന്യതയുടെ രാമഭാവം തന്നെ അവരെ രക്ഷിക്കുമെന്നാശിക്കുക.

Latest News