Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

കൺസൾട്ടൻസി കരാറുകളിലെ കാണാക്കളി 

ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിലെ സുസ്ഥിര ജനാധിപത്യ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ സാമ്രാജ്യത്വ ശക്തികൾക്ക് പലതരത്തിലുള്ള ഗൂഢപദ്ധതികളുമുണ്ട്. അതിലൊന്നാണ് കൺസൾട്ടൻസി കരാർ കമ്പനികളുടെ രൂപത്തിലുള്ള നുഴഞ്ഞു കയറ്റം. നാടിന്റെ പുരോഗതിക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ അതിന് എല്ലാ വിഭവ ശേഷിയും സമാഹരിച്ചു നൽകുമെന്നതാണ് ഇവരുടെ പ്രധാന വാഗ്ദാനം. പകരം ചോദിക്കുന്ന ഭീമൻ തുക ഉപാധികളൊന്നുമില്ലാതെ നൽകണമെന്നു മാത്രം. ഒരർഥത്തിൽ ഇവിടെ നിന്നും നമ്മുടെ സമ്പത്ത് ചോർത്താനുള്ള അവരുടെ പുതിയ കാലത്തെ കെണി കൂടിയാണത്. അതിലകപ്പെട്ട് രക്ഷപ്പെടാൻ കഴിയാതെ കൈകാലിട്ടടിച്ച് നിലവിളിക്കുന്ന കേരളത്തിന്റെ ശബ്ദമാണ് സമീപകാലത്തായി കൂടുതൽ ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നത്. 


    അതേസമയം കൺസൾട്ടൻസി കരാറുകൾ പൂർണമായും ഒഴിവാക്കിയുള്ള മുന്നേറ്റം സർക്കാരിന് സാധ്യവുമല്ല (കേരളത്തിലിപ്പോൾ കൺസൾട്ടൻസി രാജ് ആണ് എന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷം ഭരിക്കുമ്പോഴും ഇത്തരം കരാറുകൾ ഉണ്ടായിരുന്നു). പക്ഷേ, തൊട്ടതിനും പിടിച്ചതിനുമെല്ലാം കോടികൾ നൽകി കരാറും ഉപകരാറും നൽകുന്ന ഏർപ്പാട് നിർത്തലാക്കേണ്ടതു തന്നെയാണ്. അതിലൂടെ വിദേശങ്ങളിലേക്ക് അനാവശ്യമായി ഒഴുകുന്ന കോടികൾ  തടയാനും കഴിയും. നമുക്കു തന്നെ കഴിവും പ്രാപ്തിയും ബുദ്ധിശക്തിയും പ്രായോഗിക പരിജ്ഞാനവുമുള്ള അനേകം ഉദ്യോഗസ്ഥർ, കമ്പനികൾ, നിർമാതാക്കൾ, സാങ്കേതിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവരുണ്ട്. അവരെ കണ്ടെത്തി പരമാവധി അവരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് സർക്കാരിന് അഭികാമ്യം.


    പാശ്ചാത്യ രാജ്യങ്ങൾ മൂന്നാം രാജ്യങ്ങളിലെ കൺസൾട്ടൻസി കരാറുകൾ നേടിയെടുക്കാൻ കോടിക്കണക്കിന് രൂപയുടെ കോഴയാണ് വാരിയെറിയുന്നത്. അവ സ്വിസ്-കരീബിയൻ ബാങ്കുകളിൽ ആവശ്യക്കാർക്കായി ഒരു കുഞ്ഞു പോലും അറിയാതെ നിക്ഷേപിക്കാനുള്ള സംവിധാനവും അവർക്കുണ്ട്.
അതിൽ വീഴുന്ന ശിവശങ്കർമാരെ വല വീശിപ്പിടിക്കാൻ അവർക്ക് സമർഥരായ ചാരൻമാരുമുണ്ട്. സർക്കാരിലെയും പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെയും താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയാണ് ഇക്കൂട്ടർ നോട്ടമിടുക. വിദേശത്തോ അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തോ അവർ ഔദ്യോഗികമോ സ്വകാര്യമോ ആയ സന്ദർശനത്തിന് വരുമ്പോഴാണ് ഈ ഉപജാപകർ അവരെ സന്ധിക്കുന്നത്. ഈ ഉദ്യോഗസ്ഥർ അവിടെ സ്വകാര്യ വ്യക്തികളോ സംഘടനകളോ ഏർപ്പാടാക്കുന്ന നിശാവിരുന്നുകളിൽ പങ്കെടുക്കുമ്പോഴാണ് മിക്കപ്പോഴും ഇക്കൂട്ടരുടെ ഇരകളായിത്തീരുന്നത്.


ഡീൽ ഉറപ്പിച്ചു കഴിഞ്ഞാൽ ഈ ഉദ്യോഗസ്ഥർ തിരിച്ചുവന്ന് ആ കൺസൾട്ടൻസികളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിനുള്ള വഴികൾ ആലോചിക്കുകയായി. ഉള്ളതും ഇല്ലാത്തതുമായ പല പ്രോജക്ടുകളും അവർ സർക്കാരിന് സമർപ്പിക്കും. നാടിന്റെ വികസനം എന്ന അജണ്ടയാണ് അവർ മുന്നോട്ടു വെ ക്കുന്നതെങ്കിലും സ്വന്തം വികസനമെന്ന ലക്ഷ്യമേ അവരുടെ മനസ്സിലുള്ളൂ. സർക്കാരിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉന്നതർ കൊണ്ടുവരുന്ന കൺസൾട്ടൻസികളെ കണ്ണുമടച്ച് വിശ്വസിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വകുപ്പു മന്ത്രിമാർ മെയ്യനങ്ങാതെ കാര്യങ്ങൾ നടക്കണം എന്നു ചിന്തിക്കുമ്പോഴാണ് കൺസൾട്ടൻസികൾ കരുത്തരാകുന്നത്. എല്ലാം കൺസൾട്ടൻസിക്കാർ നോക്കിക്കോളും. നമ്മൾ വെറുതെ സുഖിച്ചിരുന്നു കൊടുത്താൽ മതി എന്ന ചിന്തയാണ് കേരളത്തിലിപ്പോൾ ഇക്കണ്ട കോലാഹലത്തിനൊക്കെ ഇടയാക്കിയത്. 
മറ്റേതൊരു സർക്കാരിലെ മന്ത്രിമാർ അങ്ങനെ കരുതിയാലും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധികളായി കരുതപ്പെടുന്ന ഇടതു പക്ഷ സർക്കാരിലെ മന്ത്രിമാർ അങ്ങനെ ആയിക്കൂടാത്തതാണ്. അവരും അങ്ങനെ ആയാൽ പിന്നെ ജനത്തിന് എന്ത് പ്രതീക്ഷയാണുള്ളത്?


ഏറ്റെടുക്കുന്ന പ്രോജക്ടുകൾ കൺസൾട്ടൻസികൾക്ക് നടപ്പിലാക്കാൻ കെൽപുണ്ടോ എന്നു പോലും നോക്കാതെയാണ് കോടികൾ നൽകുന്നത്, ആവശ്യമായ അംഗീകാരങ്ങളും സമ്മതപത്രങ്ങളും കൊടുക്കുന്നത്. ഉദാഹരണത്തിന് ഐ.ടി വകുപ്പിന്റെ കീഴിലുള്ള സ്‌പേസ് പാർക്കിൽ പ്രോജക്ട് മാനേജ രെ വേണമെന്ന ആവശ്യവുമായാണ് സർക്കാർ എം. ശിവശങ്കർ കൊണ്ടുവന്ന പ്രൈസ്‌വാട്ടർ ഹൗസ് കൂപ്പേഴ്‌സി (പി. ഡബ്ല്യൂ.സി) നെ സമീപിക്കുന്നത്. അതിന് കഴിയാത്തതിനാലാണ് അവർ വിഷൻ ടെക്‌നോളജീസിന് ഉപകരാർ നൽകുന്നത്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്‌ന സുരേഷ് അങ്ങനെയാ ണ് രംഗത്ത് വരുന്നത്. സ്വപ്‌നയുടെ നിയമനത്തിന് സർക്കാരിൽ നിന്നും പി.ഡബ്ല്യൂ.സി വാങ്ങുന്നത് 3.5 ലക്ഷം രൂപയാണ്. അവർ വിഷൻ ടെക്‌നോളജീസിന് ഉപകരാർ നൽകുന്നത് 2.5 ലക്ഷം രൂപക്ക്. അവർ സ്വപ്‌നക്ക് ശമ്പളമായി നൽകുന്നത് 1.7 ലക്ഷം രൂപ. 
ഇതുമൂലം സർക്കാരിന് ഉണ്ടാകുന്ന നഷ്ടം എത്രയാണ് എന്ന് ഊഹിക്കാമല്ലോ. ഇത് ഒരു സ്വപ്‌നയുടെ കാര്യം. ഇതുപോലെ ആയിരങ്ങളാണ് പിൻവാതിലിലൂടെ നിയമിക്കപ്പെടുന്നത്. അതിന് ചുക്കാൻ പിടിക്കുന്നത് പലപ്പോഴും കടലാസിൽ മാത്രം പേരുകളുള്ള കൺസൾട്ടൻസി സ്ഥാപനങ്ങളും! അവരെ നിയന്ത്രിക്കുന്നതാകട്ടെ, സർക്കാരിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉന്നതരും! സങ്കടകരമായ കാര്യം പി.എസ്.സി പോലുള്ള സർക്കാർ ഏജൻസികളുടെ പരീക്ഷയെഴുതി വേണ്ടതിലധികം യോഗ്യതയുമായി അനേക ലക്ഷം ഉദ്യോഗാർഥികൾ പുറത്ത് ഭിക്ഷാംദേഹികളെ പോലെ കാത്തിരിക്കുമ്പോഴാണ് ഈ ചതി എന്നതാണ്. 


ഒരു ലക്ഷത്തിന് താഴെ ശമ്പളം നൽകിയാൽ അവരിൽ നിന്നോ അല്ലെങ്കിൽ സർക്കാരിന്റെ തന്നെ മറ്റേതെങ്കിലും റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ നിന്നോ ആ പോസ്റ്റിലേക്ക് തികച്ചും യോഗ്യരായവരെ ക ണ്ടെത്താനാവും. അതാണ് സർക്കാർ ചെയ്യേണ്ടിയിരുന്നതും. 
മുഖസൗന്ദര്യവും ശാരീരിക യോഗ്യതയും എന്നതിലപ്പുറം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ബുദ്ധിപരമായ കഴിവും പ്രവർത്തന മികവും ആവശ്യമുള്ള സ്‌പേസ് പാർക്കിലെ പ്രോജക്ട് മാനേജരുടെ തസ്തികയിൽ ഇരിക്കാൻ സ്വപ്‌നക്ക് അർഹതയുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. ഉന്നതർ ഇടപെട്ടതിനാൽ കൺസൾട്ടൻസിക്കാർ എല്ലാം മൂടിവെച്ചു. സ്വർണക്കടത്ത് കേസ് വന്നതുകൊണ്ടു മാത്രമാണ് സ്വപ്‌ന പിടിക്കപ്പെട്ടത്. അപ്പോൾ പിടിക്കപ്പെടാതെ എത്ര സ്വപ്‌നമാർ സർക്കാരിന്റെ ഏതെല്ലാം തസ്തികകളിൽ പിൻവാതിൽ നിയമനം നേടി വിലസുന്നുണ്ടാകും? എത്ര കോടികൾ അനാവശ്യമായി ആ വഴി ചെലവാകുന്നുണ്ടാകും?


ഇങ്ങനെ കഴിവും യോഗ്യതയും അർഹതയുമില്ലാത്തവരെ സർക്കാർ പദ്ധതികളുടെ ഭാഗമാക്കിയിട്ട് നാട്ടിന് എന്തു നേട്ടം? ശമ്പളമായി കോടികൾ മുടിക്കുന്ന വെള്ളാനകൾ മാത്രമാകും എന്നതിനപ്പുറം അവരെക്കൊണ്ട് ആർക്ക് എന്തു ഗുണം? അവരാകട്ടെ, ആ പദവികളിലിരുന്ന് ഉയർന്ന ബന്ധങ്ങളുണ്ടാക്കി വഴിവിട്ട രീതിയിൽ പണമോ മറ്റെന്തെങ്കിലുമൊക്കെയോ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാവും നടത്തുക. കാരണം പണത്തിനപ്പുറം ഒന്നിനോടും അവർക്ക് ആത്മാർഥത ഇല്ല എന്നതു തന്നെ. 

Latest News