Sorry, you need to enable JavaScript to visit this website.

എട്ടുകോടി ജനങ്ങളെവിടെ; മോഡിയോട് ശശി തരൂര്‍

ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തില്‍ എട്ടു കോടി ഇന്ത്യക്കാരെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.

ഭൂമി പൂജയില്‍ 130 കോടി ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെങ്കിലും ഇന്ത്യയിലെ ജനസംഖ്യ 138 കോടിയിലധികമാണെന്നും എട്ടു കോടി ആളുകളെ ഒഴിവാക്കിയത് പലരേയും ആശങ്കപ്പെടുത്തുന്നുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും പൗരന്മാരുടെ ദേശീയ രജിസ്റ്ററും നിലവിലിരിക്കെ ഇത് പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഒഴിവാക്കല്‍ അശ്രദ്ധമായി സംഭവിച്ചതാണെങ്കില്‍ ഒരു തിരുത്തല്‍ ആശ്വാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
130 കോടി ഇന്ത്യക്കാരെ പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു.  2020 മധ്യത്തില്‍ ഇന്ത്യയിലെ ജനസംഖ്യ 1,38,00,04,385 ആണെന്നാണ് യു.എന്‍ കണക്കുകള്‍- തരൂര്‍ ട്വീറ്റില്‍ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ ചടങ്ങില്‍ സംസാരിച്ച മോഡി രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി  നൂറ്റാണ്ടുകളായി നിരവധി തലമുറകള്‍ ത്യാഗങ്ങള്‍ സഹിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു.
രാമ ക്ഷേത്രത്തിനായി ത്യാഗങ്ങള്‍ സഹിച്ചവരെ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രകീര്‍ത്തിക്കുകയാണെന്നും അവരുടെ മുമ്പില്‍ മുട്ടുകുത്തുന്നുവെന്നുമാണ്  പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

 

Latest News