ഇന്ത്യയെ മാതൃകയാക്കി ട്രംപ് ടിക് ടോക്കും വിചാറ്റും നിരോധിച്ചു

വാഷിംഗ്ടണ്‍- അമേരിക്കയില്‍ ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകളായ ടിക് ടോക്ക്, വിചാറ്റ് എന്നിവ നിരോധിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധം.

45 ദിവസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് ഒപ്പിട്ട രണ്ട് പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പറഞ്ഞു.

ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ടിക് ടോക്കിനെയും വിചാറ്റിനെയും ആദ്യമായി നിരോധിച്ചത്. ട്രംപ് ഭരണകൂടവും യു.എസ് നിയമനിര്‍മ്മാതാക്കളും സ്വാഗതം ചെയ്ത ഇന്ത്യയുടെ നീക്കത്തില്‍ 106 ചൈനീസ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.

ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും അവര്‍ വികസിപ്പിച്ചെടുക്കുന്നതുമായ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ വ്യാപനം രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശനയം, സമ്പദ്‌വ്യവസ്ഥ എന്നിവക്ക് ഭീഷണിയാണെന്ന് യു.എസ് കോണ്‍ഗ്രസിന് നല്‍കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.

മൊബൈല്‍ ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ നടപടിയെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ്  ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ്  ആപ്ലിക്കേഷനായ ടിക് ടോക്ക് ഉപയോക്താക്കളില്‍നിന്ന് ധാരാളം വിവരങ്ങളാണ്  പിടിച്ചെടുക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഈ വിവരശേഖരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെയും കരാറുകാരുടെയും സ്ഥലങ്ങള്‍ ട്രാക്കുചെയ്യാനും ബ്ലാക്ക് മെയിലിംഗിനായി വ്യക്തിഗത വിവരങ്ങളുടെ രേഖകള്‍ നിര്‍മിക്കാനും കോര്‍പ്പറേറ്റ് ചാരവൃത്തി നടത്താനും ചൈനയെ ഇത് സഹായിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയമായി നിര്‍ണായകമെന്ന് കരുതുന്ന ഉള്ളടക്കം ടിക് ടോക്ക് സെന്‍സര്‍ ചെയ്യുന്നുമുണ്ട്. ഹോങ്കോങ്ങിലെ പ്രതിഷേധവും ഉയിഗൂര്‍ വംശജരോടും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളോടും പെരുമാറിയതും ട്രംപ് ഉദാഹരണമായി ചൂണ്ടിക്കാട്ടി.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന തെറ്റായ പ്രചാരണ പരിപാടികള്‍ക്കും ടിക് ടോക്ക് ഉപയോഗിക്കുന്നുണ്ടെന്ന്  പ്രസിഡന്റ് പറഞ്ഞു.
നിരോധത്തിന്റെ ഭാഗമായി ഉചിത നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ അന്താരാഷ്ട്ര നിയമം പ്രസിഡന്റിനു നല്‍കുന്ന എല്ലാ അധികാരങ്ങളും ഉപയോഗിക്കാന്‍ ട്രംപ് വാണിജ്യ സെക്രട്ടറിക്ക് അധികാരം നല്‍കി.
ഉത്തരവ് നടപ്പാക്കാന്‍ എല്ലാ വകുപ്പുകളും ഏജന്‍സികളും അവരുടെ അധികാരത്തിനുള്ളില്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.  
ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ്, സോഷ്യല്‍ മീഡിയ, ഇലക്ട്രോണിക് പേയ്‌മെന്റ് ആപ്ലിക്കേഷനാണ് വിചാറ്റ്, യു.എസിലുള്ളവരടക്കം  ഇതിന് ലോകമെമ്പാടുമായി 100 കോടി ഉപയോക്താക്കളുണ്ടെന്ന് പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് പറഞ്ഞു.
ടിക് ടോക്കിനെപ്പോലെ വിചാറ്റ് ആപ്പും  ഉപയോക്താക്കളില്‍ നിന്നുള്ള ധാരാളം വിവരങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്. അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങളില്‍ പ്രവേശിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളും വിചാറ്റ് ചോര്‍ത്തുന്നു. ഇതുവഴി സ്വതന്ത്ര സമൂഹത്തിന്റെ നേട്ടങ്ങള്‍ ആസ്വദിക്കുന്ന ചൈനീസ് പൗരന്മാരെ നിരീക്ഷിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നുവെന്നും  ട്രംപ്  ആരോപിച്ചു. .
ടിക് ടോക്ക് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ ആരോപിച്ചിരുന്നു.
യു.എസ് ഉപയോക്താക്കളുടെ ഡാറ്റ അമേരിക്കയില്‍തന്നെയുള്ള സെര്‍വറുകളിലാണെന്നും  സിംഗപ്പൂരിലാണ് അതിന്റെ  ബാക്കപ്പ് എന്നും  യു.എസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതു പോലെ  ചൈനീസ് നിയമത്തിന് വിധേയമല്ലെന്നുമാണ്  ടിക്ക് ടോക്ക് ആവര്‍ത്തിച്ച് വിശദീകരിക്കുന്നത്.

 

Latest News