ചെന്നൈ ബെയ്‌റൂത്ത് ആകുമോ? ആശങ്കയായി കസ്റ്റംസ് കസ്റ്റഡിയിലുള്ള വന്‍ സ്‌ഫോടകവസ്തു ശേഖരം

ചെന്നൈ- ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉണ്ടായ കൂറ്റന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയായി ചെന്നൈക്കടുത്ത് കസ്റ്റംസ് വകുപ്പ് വര്‍ഷങ്ങളായി കസ്റ്റഡില്‍ സൂക്ഷിച്ചുവരുന്ന അമോണിയം നൈട്രേറ്റ് അടക്കമുള്ള 740 ടണ്‍ സ്‌ഫോടക വസ്്തു ശേഖരം. ബെയ്‌റൂത്തില്‍ 135ലേറെ പേരുടെ മരണത്തിനും വ്യാപക നാശനഷ്ടത്തിനുമിടയാക്കിയത് തുറമുഖത്ത് വര്‍ഷങ്ങളായി ഒരു കപ്പലില്‍ കെട്ടിക്കിടന്നിരുന്ന അമോണിയം നൈട്രേറ്റ് ആയിരുന്നു. ചെന്നൈ തുറമുഖത്ത് പിടികൂടിയ സ്‌ഫോടക വസ്തു ശേഖരമാണ് കസ്റ്റംസ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ രാസ വസ്തുക്കള്‍ മാറ്റാനുള്ള ഇ-ലേലം അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

പടക്കങ്ങളും രാസവളവും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഈ രാസ വസ്തു ശേഖരം ഇന്ത്യയുടെ പടക്ക തലസ്ഥാനമെന്ന് വിളിക്കപ്പെടുന്ന ശിവകാശിയിലെ ഒരു കമ്പനിയിലേക്കുള്ളതായിരുന്നു. അനധികൃതമായി കടത്തിയ ഇവ 2015ലാണ് ചെന്നൈ തുറമുഖത്തു നിന്ന് പിടികൂടിയത്. അതേസമയം സ്‌ഫോടന സാധ്യതയുള്ള രാസവസ്തു ശേഖരം ഹാര്‍ബറില്‍ അല്ല സൂക്ഷിച്ചിരിക്കുന്നതെന്ന് തുറമുഖം അധികൃതര്‍ അറിയിച്ചു.

36 കണ്ടെയ്‌നറുകളിലാണ് ഇവ കിടക്കുന്നത്. 20 ടണ്‍ അമോണിയം നൈട്രേറ്റ് ഇതിലുള്‍പ്പെടും. ഇപ്പോള്‍ ഇവ കസ്റ്റംസ് വകുപ്പിന്റെ നിയന്ത്രണത്തിലാണെന്ന് ചെന്നൈ പോര്‍ട്ട് അറിയിച്ചു.

ഇതു കോടതിയില്‍ കേസു നടന്നതിനാലാണ് നീക്കം ചെയ്യല്‍ നീണ്ടു പോയതെന്നും മറ്റു കാലതാമസമുണ്ടായിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു. രാസവസ്തുക്കള്‍ ഇവിടെ നിന്നു മാറ്റാനുള്ള ഇ-ലേല നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കസ്റ്റംസ് വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്ന സ്‌ഫോടക വസ്തുക്കളുടെ കണക്കെടുപ്പും പരിശോധനയും 48 മണിക്കൂറിനകം പൂര്‍ത്തിയാക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News