Sorry, you need to enable JavaScript to visit this website.

സുശാന്തിന്റെ മരണം അന്വേഷിക്കുന്നത് സിബിഐ പ്രത്യേക സംഘം; കാമുകി റിയ പ്രതി

ന്യൂദല്‍ഹി- മുംബൈ സിനിമാ ലോകത്തിനു പുറമെ മഹാരാഷ്ട്രയിലും ബിഹാറിലും രാഷ്ട്രീയ കോലാഹലത്തിനിടയാക്കിയ നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് അന്വേഷിക്കുന്നത് സിബിഐയിലെ പ്രത്യേക യൂനിറ്റ്. പിടികിട്ടാപുള്ളി വ്യവസായി വിജയ് മല്യ, അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതി എന്നീ കോളിളക്കമുണ്ടാക്കിയ കേസുകള്‍ അന്വേഷിച്ച സിബിഐയിലെ പ്രത്യേക സംഘമാണ് ഈ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ ബിഹാര്‍ പോലീസ് ആരംഭിച്ച അന്വേഷണമാണ് വ്യാഴാഴ്ച സിബിഐ ഏറ്റെടുത്തത്. കേസില്‍ സുശാന്തിന്റെ കാമുകിയായ നടി റിയ ചക്രവര്‍ത്തിയും മറ്റു അഞ്ചു പേരും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ക്രിമിനില്‍ ഗൂഢാലോചന, മോഷണം, വഞ്ചന, നിയമവിരുദ്ധമായി തടങ്കലിലിടല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ആത്മഹത്യാ പ്രേരണ കേസുകള്‍ സിബിഐ അപൂര്‍വമായെ അന്വേഷിച്ചിട്ടുള്ളൂ. അന്വേഷണം നടന്ന കേസുകളില്‍ തന്നെ കുറ്റം സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമായും സിബിഐ അന്വേഷണത്തില്‍ ശ്രദ്ധയൂന്നുന്നത് സംഭവത്തിനു പിന്നില്‍ നടന്നിരിക്കാനിടയിലുളള ക്രിമിനല്‍ താല്‍പര്യങ്ങളുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിലായിരിക്കുമെന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

വന്‍ അഴിമതി കേസുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന ഈ സിബിഐ പ്രത്യേക സംഘം രണ്ടു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. 2016ലാണ് ഈ പ്രത്യേക സിബിഐ സംഘം രൂപീകരിക്കപ്പെട്ടത്. സംഘത്തിലെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍ അനില്‍ യാദവ്, സൂപര്‍വൈസിങ് ഓഫീസര്‍മാരായ രവി ഗംഭീര്‍, നുപുര്‍ പ്രസാദ് എന്നിവര്‍ ക്രിമിനല്‍ കേസുകളില്‍ തുമ്പുണ്ടാക്കുന്നവരില്‍ വൈദഗ്ധ്യമുള്ളവരാണ്.
 

Latest News