Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 20 ലക്ഷം കടന്നു; ഒമ്പതു ദിവസത്തിനിടെ മാത്രം അഞ്ച് ലക്ഷം രോഗികള്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ്19 മഹാമാരിയുടെ വ്യാപനം അതിതീവ്രമായി. ഓരോ ദിവസവും ശരാശരി അരലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്ത് ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള യുഎസിനും ബ്രസീലിനും പിറകെ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 20,06,760 രോഗികളുണ്ട്. ജൂലൈ 28ന് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 15 ലക്ഷമായിരുന്നു. തുടര്‍ന്നുള്ള ഒമ്പതു ദിവസത്തിനിടെയാണ് അഞ്ചു ലക്ഷം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ശരാശരി 50000 പുതിയ കേസുകള്‍ ദിവസവും ഉണ്ടാകുന്നു. വ്യാഴാഴ്ച 56,000ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20 ലക്ഷം രോഗികളില്‍ 13.28 ലക്ഷം പേരും രോഗമുക്തി നേടി. 40,000ലേറെ പേര്‍ മരിച്ചു.

മഹാരാഷ്ട്ര, ആന്ധപ്രദേശ്, കര്‍ണാടക, തമിഴനാട്, ഉത്തര്‍ പ്രദേശ്  എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. 4.6 ലക്ഷത്തിലേറെ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഒന്നാമത്. ഉത്തര്‍ പ്രദേശില്‍ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. പശ്ചിമ ബംഗാള്‍, തെലങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ 82 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണെന്ന്     ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കേരളത്തില്‍ ഇതുവരെ രോഗബാധയേറ്റവരുടെ എണ്ണം 30,000 കടന്നു. 18,333 പേര്‍ രോഗമുക്തി നേടി. 11,938 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
 

Latest News