ഇടുക്കിയില്‍ മലവെള്ളപ്പാച്ചില്‍; ഒലിച്ചുപോയ കാറിലെ ഒരാളുടെ മൃതദേഹം ലഭിച്ചു

തൊടുപുഴ- ഇടുക്കി നല്ലതണ്ണിയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന അനീഷിനെ കണ്ടെത്താനായില്ല. നല്ലതണ്ണി പാലത്തില്‍ നിന്നാണ് കാര്‍ ഒഴുകിപ്പോയത്. പാലം കവിഞ്ഞൊഴുകിയ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാര്‍ അകപ്പെടുകയായിരുന്നു. വ്യാഴാഴച രാത്രി എട്ടു മണിക്കാണ് അപകടം. കനത്ത മഴകാരണം ഇന്നലെ നിര്‍ത്തിവച്ച തിരച്ചില്‍ വെള്ളിയാഴ്ച രാവിലെ അഗ്നിശമന സേന പുനരാരംഭിച്ചു.

റെഡ് അലെര്‍ട്ട് നിലവിലുള്ള ഇടുക്കിയില്‍ ശക്തിയായ രാത്രിമഴയില്‍ ഇന്നലെ നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടത്തും, മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ജില്ലയില്‍ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ്. പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നീ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ആളുകളെ ഇവിടങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു.

മലയോര മേഖലയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ജില്ലയില്‍ ഗതാഗതം നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി.

Latest News