Sorry, you need to enable JavaScript to visit this website.

ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായെത്തി ഗുളികകള്‍  വാങ്ങി ലഹരിയാക്കി വില്‍പ്പന നടത്തിയ സംഘം പിടിയില്‍

കൊല്ലം- ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായെത്തി ലഹരിക്കായി ഗുളികകള്‍ വാങ്ങി വില്‍പന നടത്തുന്ന സംഘം പിടിയില്‍. ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ വില്‍പന നടത്തിയത് ആയിരക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളും ഗുളികകളുമാണ്. മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് ലഹരിമരുന്നുകള്‍ വില്‍ക്കുന്ന സംഘമാണ് എക്‌സൈസ് ഷാഡോ സംഘത്തിന്റെ വലയിലായത്.
വാഹന പരിശോധനക്ക് ഇടയിലാണ് മൂന്നംഗ സംഘം പിടിയിലായത്. നൈട്രാസെപാം ഗുളികകളുടെ നാല്‍പത് സ്ട്രിപ്പുകളും ഒരു കിലോ കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും പിടികൂടി. അഞ്ചല്‍ വിളക്കുടി സ്വദേശികളായ സനുസാബു, ആദിഷ്, വിനീത് എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍പ്പെട്ട യുവാക്കള്‍ക്കാണ് ഇവര്‍ ലഹരി മരുന്നുകള്‍ വില്‍പന നടത്തുന്നത്. ഒരു ഗുളികയ്ക്ക് 100 രൂപ എന്ന നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. കടക്കലുള്ള ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നുമാണ് ഇവര്‍ ഗുളികകള്‍ വാങ്ങിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
 

Latest News