അജ്മാന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

ദുബായ്- അജ്മാനിലെ പൊതുമാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 125 കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ലെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന്  നാലു മാസമായി അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ തുറക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. പ്രദേശം പൂര്‍ണമായി അടച്ചിട്ടു. അഗ്നിബാധയെ സംബന്ധിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അജ്മാന്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനും പഴം പച്ചക്കറി മാര്‍ക്കറ്റിനും സമീപത്ത് മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അജ്മാന്‍ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 

Latest News