കണ്ണൂര്‍- കൂത്തുപറമ്പിനടത്തു ചെറുവാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ചുമട്ടു തൊഴിലാളിയായ ഈരാച്ചിപുരയില്‍ ഷിജു (33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ നിന്നും മടങ്ങുന്നതിനിടെയാണ് ആളൊഴിഞ്ഞ വഴിയില്‍ വച്ച് 15-കാരിയെ പ്രതി പിന്നില്‍ നിന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പ്രതിയെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അതിനിടെ പ്രതിക്കെതിരെ സമാനപരാതിയുമായി മറ്റൊരു യുവതി കൂടി പൊലീസിനെ സമീപിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ആര്‍ എസ് എസിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘില്‍ (ബി എം എസ്) അംഗത്വമുള്ളയാളാണ് ഷിജുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.






