Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്ക് ചൈന കടന്നുകയറിയെന്ന രേഖ പ്രതിരോധ മന്ത്രാലയം നീക്കി

ന്യൂദൽഹി- ഇന്ത്യൻ മണ്ണിലേക്ക് ചൈന കടന്നുകയറിയെന്ന രേഖ പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റിൽനിന്ന് നീക്കി. കിഴക്കൻ ലഡാ്ക്കിലേക്ക് ചൈന കടന്നുകയറിയെന്ന് രണ്ടു ദിവസം മുമ്പ് സമ്മതിച്ച പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം നീക്കം ചെയ്തത്. ഇന്നലെ രാവിലെ മുതൽ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന്റെ വാർത്താ വിഭാഗത്തിൽ ഉണ്ടായിരുന്ന ഈ രേഖ അപ്രത്യക്ഷമാകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പടെ ചൈന ഇന്ത്യൻ മണ്ണിൽ കാലു കുത്തിയിട്ടേയില്ല എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ് ചൈന കടന്നു കയറിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ പ്രതിരോധ മന്ത്രാലയം പരസ്യപ്പെടുത്തിയത്. എന്നാൽ അധികം വൈകാതെ ഇത് കാണാതായി. ഇന്ത്യൻ മണ്ണിൽ ചൈനയുടെ കടന്നു കയറ്റം തുറന്നു സമ്മതിക്കുന്ന ഏക ഔദ്യോഗിക രേഖയും ഇതായിരുന്നു.
യഥാർഥ നിയന്ത്രണ രേഖയിലെ ചൈനയുടെ കടന്നു കയറ്റം എന്നു തന്നെ തലക്കെട്ട് നൽകിയിരിക്കുന്ന ഭാഗത്താണ് റിപ്പോർട്ടിൽ പീപ്പിൾ ലിബറേഷൻ ആർമി ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറി എന്നു എഴുതിയിരുന്നത്. റിപ്പോർട്ടിൽ മേയ് അഞ്ചു മുതൽ ഗൽവാൻ താഴ്‌വരയിൽ ചൈന കടന്നുകയറ്റം വർധിപ്പിച്ചു എന്നു പറയുന്നു.  കുഗ്രാംഗ് നാലാ, ഗോഗ്ര, പാങ്ങോംഗ് തടാകത്തിന് വടക്ക് ഭാഗം എന്നിവിടങ്ങളിലേക്ക് ചൈന മേയ് 17,18 തീയതികളിൽ കടന്നു കയറി എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അതിർത്തി ലംഘനത്തെ തുടർന്ന് ഇരു ഭാഗത്തുനിന്നും സൈനിക തലത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ജൂൺ ആറിന് കോർപ്‌സ് കമാൻഡർ തലത്തിലുള്ള ഫഌഗ് മീറ്റിംഗ് നടന്നു. എന്നാൽ ജൂൺ പതിനഞ്ചിന് സംഘർഷമുണ്ടാകുകയും ഇരുഭാഗത്തും ആൾനാശം ഉണ്ടാകുകയും ചെയ്തു എന്നും റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. ഈ സംഘർഷത്തിലാണ് ഇന്ത്യയ്ക്ക് 20 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടത്.
പിന്നീട് രണ്ടാംഘട്ട സൈനീകതല ചർച്ച ജൂൺ 22ന് നടന്നു. സൈനിക തലത്തിലും നയതന്ത്ര തലത്തിലുമുള്ള ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കിഴക്കൻ ലഡാക്കിൽ ചൈനയുടെ നീക്കം അതീവ ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണെന്നും അനിവാര്യമായ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, യഥാർഥ നിയന്ത്രണ രേഖയ്ക്ക് ഇപ്പുറം ഇന്ത്യൻ മണ്ണിലേക്ക് ചൈന കാലുകുത്തിയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ഔദ്യോഗിക വിശദീകരണം. മേയ് അവസാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ചൈനീസ് പട്ടാളത്തിലെ ചെറിയൊരു വിഭാഗം അവർ മുൻപ് നിലയുറപ്പിച്ചിരുന്നിടത്ത് നിന്ന് കുറച്ചു കൂടി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ്. സംഘർഷ മേഖലകളിൽ നിന്ന് ഇരു വിഭാഗത്തെയും സൈനികർ പിൻവാങ്ങാമെന്ന് നയതന്ത്ര തലത്തിൽ നടത്തിയ ചർച്ചയിലും ധാരണയായതാണ്. എന്നാൽ, അഞ്ചാം തവണയും നടത്തിയ സൈനികതല ചർച്ചയ്ക്ക് ശേഷവും പാങ്ങോംഗ് തടാകത്തിൽ നിന്ന് പിൻമാറുന്നതിൽ ഉൾപ്പടെയുള്ള കാര്യത്തിൽ ചൈന വിമുഖത കാട്ടുകയാണ്.

 

Latest News