Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിന് രണ്ടാം ഘട്ട ധനസഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി-സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കോവിഡ്  പ്രതിരോധത്തിന് രണ്ടാം ഘട്ട ധനസഹായം അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 890.32 കോടിയാണ് രണ്ടാംഘട്ടമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുക. പാക്കേജിന്റെ ആദ്യ ഗഡുവായ 3000 കോടി രൂപ ഏപ്രിലിലാണ് നല്‍കിയത്.
22 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം പ്രിപെഡ്‌നെസ്സ് പാക്കേജിന്റെ രണ്ടാം ഗഡുവായാണ് തുക അനുവദിച്ചത്. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും സഹായധനം ലഭിക്കും. മേല്‍പ്പറഞ്ഞ സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ്  രോഗബാധിതരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാകും സാമ്പത്തിക സഹായം.
കോവിഡ്  പ്രതിരോധത്തിനും മാനേജ്‌മെന്റിനും കേന്ദ്രം നേതൃത്വം വഹിക്കുകയും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങളിലൂടെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന 'ഹോള്‍ ഓഫ് ഗവണ്‍മെന്റ്' സമീപനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി, എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം പ്രിപെഡ്‌നെസ്സ് പാക്കേജ് പ്രഖ്യാപിച്ചത്.
കോവിഡ് പ്രതിരോധത്തിനുള്ള മാനവ വിഭവശേഷിയുടെ പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനം നല്‍കല്‍ എന്നീ കാര്യങ്ങള്‍ക്ക് ധനസഹായം വിനിയോഗിക്കാം. ആവശ്യമെങ്കില്‍, കോവിഡ് വാരിയേഴ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധപ്രവര്‍ത്തരെ കോവിഡ്19 പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാവുന്നതുമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
 

Latest News