Sorry, you need to enable JavaScript to visit this website.

ഗൂഗിൾ പ്ലേ മ്യൂസിക്കിന് മരണമണി; പാട്ടുകൾ മാറ്റണം 

ഗൂഗിൾ പ്ലേ മ്യൂസിക്ക് സ്ട്രീമിംഗ് നിർത്തുന്ന പശ്ചാത്തലത്തിൽ നിലവിൽ അപ്‌ലോഡ് ചെയ്ത ഗാനങ്ങളും ലൈബ്രറികളും മറ്റും വർഷാവസാനത്തോടെ യൂട്യൂബിലേക്ക് മാറ്റണം. ഡിസംബർ കഴിഞ്ഞാൽ ഡാറ്റകൾ ഒഴിവാക്കുമെന്നും നിലവിൽ നൽകിയിരിക്കുന്ന സൗകര്യം ഉപയോഗപ്പെടുത്തണമെന്നുമാണ് ഗൂഗിൾ ആവശ്യപ്പെടുന്നത്. 
ഗൂഗിൾ പ്ലേ മ്യൂസിക്കിൽനിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാൻ ട്രാൻസ്ഫർ സംവിധാനം ഗൂഗിൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലേ മ്യൂസിക് സ്ട്രീമിംഗ് നിർത്തിയതിനുശേഷവും ഇതിന്റെ  പ്രവർത്തനം തുടരും. പ്ലേ മ്യൂസിക്കിലേക്ക് അപ്‌ലോഡുചെയ്തതും ഗൂഗിൾ പ്ലേ മ്യൂസിക്കിൽനിന്ന്  വാങ്ങിയതും  പ്ലേലിസ്റ്റുകളും  ലൈബ്രറിയിൽ ശേഖരിച്ച പാട്ടുകളുമൊക്കെ ഈ സംവിധാനം വഴി മാറ്റാം.  ഡിസംബറിന് ശേഷം ഡാറ്റകൾ  ഒഴിവാക്കുന്നതിനുമുമ്പ്  എല്ലാം മാറ്റിയെന്ന് ഉറപ്പുവരുത്തണം. 
ഗൂഗിളിന്റെ സംഗീത ഉൽപന്നങ്ങളിൽ മുമ്പ് പ്രഖ്യാപിച്ചിട്ടില്ലാത്ത മാറ്റങ്ങളാണ് വരുത്തുന്നത്.  


പ്ലേ മ്യൂസിക് സ്ട്രീമിംഗ് സേവനം അടച്ചുപൂട്ടുന്നതിനു പുറമേ, പ്ലേ സ്‌റ്റോറിൽ നിന്ന് സംഗീതം പൂർണമായും നീക്കംചെയ്യും. ദീർഘകാലമായി രംഗത്തുള്ള ഐട്യൂൺസ് സ്‌റ്റോറിലും ആമസോൺ  പ്ലാറ്റ്‌ഫോമിലുമുള്ളതുപോല സംഗീതം നേരിട്ട് വാങ്ങാനുള്ള സൗകര്യം ഗൂഗിളിൽ ഇനി ഉണ്ടാകില്ല.  സ്ട്രീമിംഗിനു പകരം പാട്ടുകൾ സ്വന്തമാക്കാൻ  ഇഷ്ടപ്പെടുന്നവർക്ക് ഇനിമുതൽ ഗൂഗിളിൽനിന്ന് വാങ്ങാൻ കഴിയില്ലെന്നർഥം. അതേമസമയം, മറ്റ് സേവനങ്ങളിൽ നിന്ന് വാങ്ങാനും യൂട്യൂബിലേക്ക്  അപ്‌ലോഡ് ചെയ്യാനും കഴിയും. മ്യൂസിക് സ്‌റ്റോർ ഈ മാസം അവസാനത്തോടെ അടച്ചുപൂട്ടുമെന്നാണ് സൂചന. മാറ്റങ്ങൾക്കുള്ള കൃത്യമായ തീയതി ഗൂഗിൾ നൽകിയിട്ടില്ല. 
ഗൂഗിൾ പ്ലേ മ്യൂസിക്ക്  ഉപയോഗിക്കുന്നവരാണെങ്കിൽ ഡാറ്റ ഇപ്പോൾ ബാക്കപ്പ് ചെയ്യാനുള്ള സമയമാണ്.  ഒന്നുകിൽ അത് യൂട്യൂബിലേക്ക് മാറ്റുകയോ അല്ലെങ്കിൽ വർഷാവസാനത്തോടെ അത് നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക. വർഷങ്ങളായി നിങ്ങൾ ശേഖരിച്ച ഗാനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അതു മാത്രമാണ് വഴി. 

 

Latest News