Sorry, you need to enable JavaScript to visit this website.

കോവിഡിനു മുന്നിൽ അടയുന്ന സാധ്യതകൾ

കോവിഡ് മഹാമാരി ലോക സമൂഹത്തിനും ലോക രാഷ്ട്രങ്ങൾക്കും സമ്മാനിച്ചത് ദുരിതവും ഒട്ടേറെ ഗുണപാഠങ്ങളുമാണ്. വ്യക്തി ശുചിത്വവും ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യവും ഓരോ വ്യക്തിക്കും ഗുണപാഠമായി മാറിയപ്പോൾ സ്വന്തം പൗരന്മാരുടെ പരിരക്ഷക്കും സാമ്പത്തിക ശേഷിക്കും വിഘാതമാവുന്നവയുടെ നിഷ്‌കാസനത്തെക്കുറിച്ച ചിന്തകളാണ് രാജ്യങ്ങൾക്കു കോവിഡ് സമ്മാനിച്ചത്. വിദേശികളുടെ ബാഹുല്യത്താൽ പ്രയാസം നേരിടുന്ന രാജ്യങ്ങളിലാണ് ഇത്തരം ചിന്താഗതി കൂടുതലായി ഉയർന്നിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഈ ചിന്താഗതി ഉടലെടുത്തിട്ടുണ്ട്. അതിന്റെ സൂചനകൾ അമേരിക്കയിലും അതുപോലെ ഗൾഫ് രാജ്യങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കുവൈത്തിൽ ഇതു ശക്തമാണ്. കാരണം കുവൈത്തിലെ മൊത്തം ജനസംഖ്യയായ 43 ലക്ഷത്തിൽ 30 ലക്ഷവും വിദേശികളാണ്. 


കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 30 ശതമാനമാക്കാണ്ടേതുണ്ടെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രവാസി ക്വാട്ട  ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ നിർമാണ സമിതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി പരിമിതപ്പെടുത്താം. ഇതു മന്ത്രിസഭ അംഗീകരിക്കുകയും നിയമമാവുകയും ചെയ്താൽ കുറഞ്ഞത് 8 ലക്ഷത്തോളം ഇന്ത്യക്കാർ മാത്രം കുവൈത്തിൽനിന്ന് പുറത്താവും.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണം നിലവിൽ 14.5 ലക്ഷമാണ്. അമേരിക്കയിൽ സർക്കാർ ഏജൻസികളിൽ എച്ച് 1 ബി വിസയിലെത്തുന്നവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് വിലക്കിയുള്ള ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതും ഈ വർഷം അവസാനം വരെ എച്ച് 1 ബി വിസ നൽകുത് നിർത്തിവെക്കാനുള്ള തീരുമാനവുമെല്ലാം വിദേശ രാജ്യങ്ങളിലെ സാധ്യതകൾക്കാണ് മങ്ങലേൽപിക്കുന്നത്. 


ഇതിനു സമാനമായ ചിന്താഗതി സൗദി അറേബ്യയിലും ഉടലെടുക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി അവിദഗ്ധ തൊഴിലാളികളെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം സൗദി തൊഴിലാളികളുടെ വരുമാനവും ഉൽപാദന, സേവന ക്ഷമതയും കുറക്കുകയാണെന്നും ബിനാമി ബിസിനസിന് തടയിടാനും രാജ്യത്തിനു പുറത്തേക്ക് പണം പോകുന്നത് കുറക്കാനും ഇതു സഹായിക്കുമെന്നുമാണ് ഈ വാദം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. 


കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് തയാറാക്കിയ റിപ്പോർട്ട് ഇതിന് അടിവരയിടുന്നതാണ്. 'സൗദി സമ്പദ്‌വ്യവസ്ഥയിൽ കൊറോണ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ' എന്ന പേരിൽ പുറത്തു വന്ന റിപ്പോർട്ടിൽ അനധികൃത തൊഴിലാളികളെ നാടുകടത്താൻ പുതിയ പദ്ധതി പ്രഖ്യാപിക്കണമെന്നും അവിദഗ്ധ തൊഴിലാളികളുടെ വർധിച്ച സാന്നിധ്യം ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മേഖലകളിലും സ്വദേശി തൊഴിലാളികളെ പരിഗണിക്കണമെന്നും ഇത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് അനുഗുണമാവുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദേശികളുടെ പരമാവധി താമസക്കാലം രണ്ടു മുതൽ മൂന്നു വർഷം വരെയായി പരിമിതപ്പെടുത്തണമെന്ന് ശൂറാ കൗൺസിൽ അംഗം ഫഹദ് ബിൻ ജുംഅയുടെ നിർദേശവും പുറത്തു വന്നത് അടുത്തിടെയാണ്. 


ജനസംഖ്യാ വളർച്ച, തൊഴിലാളികൾ, മൂലധനം, സാങ്കേതികവിദ്യ എന്നീ ഘടകങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന സൗദി സാമ്പത്തിക വിദഗ്ധനായ ഡോ. ആയിദ് ബിൻ ഫാരിഅ്‌ന്റെ അഭിപ്രായവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ജനസംഖ്യാ വളർച്ചക്കൊപ്പം മൂലധന വളർച്ചയും സാങ്കേതികവിദ്യാ വികാസവും ഉണ്ടാവാതിരുന്നാൽ അതു പ്രതിശീർഷ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. വിദേശ തൊഴിലാളികളുടെ വർധന ജനസംഖ്യാ വളർച്ചക്കിടയാക്കുന്നതോടൊപ്പം സ്വദേശികളുടെ പ്രതിശീർഷ വരുമാനം കുറക്കാനും ഇടയാക്കും. ഇതിലൂടെ അദ്ദേഹം പറയാതെ പറയുന്നത് അവിദഗ്ധരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കണമെന്നാണ്. അതേസമയം വിദഗ്ധ തൊഴിലാളികളെ ആശ്രയിച്ചാൽ അവർ രാജ്യത്ത് സാങ്കേതികവിദ്യയും വിജ്ഞാനവും കൊണ്ടുവരുമെന്ന് അമേരിക്കയുടെ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് വിശദീകരിക്കുന്നുമുണ്ട്. 


അവിദഗ്ധ വിദേശ തൊഴിലാളികൾ കുറഞ്ഞാൽ രാജ്യത്തിനു പുറത്തേക്കു പോകുന്ന പണത്തിന്റെ തോത് കുറയുകയും അതു രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം സൗദി വ്യാപാരികൾ നേരിടുന്ന മത്സരത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ മേലുള്ള സമ്മർദത്തിനും കുറ്റകൃത്യങ്ങൾക്കും കുറവു ഉണ്ടാകുമെന്നും ഇതിന്റെ ഫലമായി സ്വദേശിവൽക്കരണം വർധിക്കുകയും ചെയ്യുമെന്നും 'അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന്റെ സാമ്പത്തിക നേട്ടങ്ങൾ' എന്ന ശീർഷകത്തിൽ ഡോ. ആയിദ് ബിൻ ഫാരിഅ് തയാറാക്കിയ പഠനത്തിൽ പറയുന്നു. 
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം സൗദിയിൽ 1.31 കോടി വിദേശികളാണുള്ളത്. ആകെ ജനസംഖ്യയുടെ 38.3 ശതമാനം വരുമിത്. രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാരിൽ 74 ശതമാനവും വിദേശികളാണ്. 


വികസിത രാജ്യങ്ങളിൽ വിദേശ തൊഴിലാളികൾ ആകെ ജനസംഖ്യയുടെ 15 ശതമാനം കവിയില്ലെന്നും എന്നാൽ സൗദിയിലേത് ഇരട്ടിയിലേറെയായി 34 ശതമാനമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശ തൊഴിലാളികളുട എണ്ണം 15 ശതമാനം തോതിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായാൽ സൗദിയിൽനിന്നു പുറത്താകേണ്ടി വരിക ലക്ഷക്കണക്കിനു വിദേശ തൊഴിലാളികൾക്കായിരിക്കും. സൗദിയിലെ ഏറ്റവും വലിയ വിദേശ സമൂഹമെന്ന നിലയിൽ അത് ഏറെ പ്രതികൂലമായി ബാധിക്കുക ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെയായിരിക്കും. 
അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാൻ 55 വയസ്സ് പിന്നിട്ടവരുടെ ഇഖാമ പുതുക്കാതിരിക്കൽ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ അടയ്‌ക്കേണ്ട വിദേശ തൊഴിലാളികൾക്കുള്ള പ്രതിമാസ വരിസംഖ്യ രണ്ടു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കൽ തുടങ്ങിയ നിർദേശങ്ങളെല്ലാം ഉയർന്നു കഴിഞ്ഞു.


കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദി അറേബ്യ വിട്ടത്. 2017  സെപ്റ്റംബറിൽ 32,53,901 ഇന്ത്യക്കാർ ഉണ്ടായിരുന്നത് 25,94,947 ആയി കുറഞ്ഞുവെന്ന് ഈ വർഷമാധ്യം ലോക്‌സഭയെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലും തൊഴിൽ നഷ്ടപ്പെടുന്നവരുടെ ഗ്രാഫ് മുകളിലേക്ക്‌ തന്നെയാണ്. കോവിഡ് ഭീഷണി കഴിഞ്ഞാലും പുതിയ പഠനങ്ങളും നിർദേശങ്ങളുമെല്ലാം നൽകുന്നത് ശുഭസൂചനയുടേതല്ല. 

Latest News