Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

കേരളത്തിന് ആശങ്കയുടെ മഴക്കാലം

നിത്യേന ശരാശരി ആയിരം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് കേരളത്തിൽ. തലസ്ഥാന ജില്ല മുതൽ കാസർകോട് വരെ ഏറ്റക്കുറച്ചിലോടെ എല്ലായിടത്തുമുണ്ട് രോഗബാധ. അതിനിടയ്ക്കാണ് കാലവർഷമെത്തുന്നത്. പിന്നിട്ട രണ്ട് വർഷങ്ങളിലെ കാര്യമോർക്കുമ്പോൾ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ മലയാളികളുടെ നെഞ്ചിടിപ്പേറ്റുന്നു. 
കേരളത്തിൽ ഏതാനും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കനത്തിരിക്കുകയാണെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ അതിശക്തമായ മഴയുണ്ടാവും. ഇവിടങ്ങളിൽ  ഓറഞ്ച് അലർട്ടാണ്  പ്രഖ്യാപിച്ചത്. 
24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയാറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുമുണ്ട്. പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായി മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.


വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേക സ്ഥാപനങ്ങൾക്കും സർക്കാർ മുന്നറിയിപ്പുണ്ട്. അതീവ ശ്രദ്ധ വേണമെന്നാണ് നിർദേശം. കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 വരെയെങ്കിലും അതീവ ജാഗ്രത പുലർത്തണം. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഈ മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മൂന്ന് മുതൽ 3.4 മീറ്റർ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രവും അറിയിച്ചു.
അതിനിടയ്ക്കാണ് ആശങ്കയേറ്റാൻ തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കാണ് പ്രദീപ് ജാഗ്രതാ നിർദേശം നൽകിയത്.  സ്വകാര്യ കാലാവസ്ഥാ നിരീക്ഷകനായ തമിഴ്‌നാട് വെതർമാനാണ് പ്രദീപ്. 


ഓഗസ്റ്റ് പകുതി വരെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒൻപത് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പിൽ വ്യക്തമാക്കി. 2018-2019 വർഷങ്ങൾക്ക് സമാനമായി ഈ ഓഗസ്റ്റിലും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ധരിൽ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോൺ എന്ന തമിഴ്‌നാട് വെതർമാൻ നൽകുന്ന മുന്നറിയിപ്പ്.
2018, 2019 വർഷങ്ങളുടെ ആദ്യ പകുതിയിൽ കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശരാശരിയിലും താഴെയായിരുന്നു. പല മേഖലകളിലും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിൽ പൊടുന്നനെ ശരാശരിയിലും പലമടങ്ങ് അധികം മഴ ലഭിച്ചതോടെയാണ് പ്രളയ സമാനമായ സാഹചര്യം ഉണ്ടായത്. ഈ വർഷവും ഇതേ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഓഗസ്റ്റ് ഇരുപത് വരെയുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദം രൂപപ്പെടുമെന്ന് വ്യക്തമാണ്.


ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങളുടെ സഞ്ചാരദിശ ഒഡീഷ,   മധ്യപ്രദേശ്,  മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ പ്രദേശങ്ങളിലേക്കായിരിക്കും. ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തിപ്പെടുക. തീരപ്രദേശങ്ങളിലടക്കം നന്നായി മഴ പെയ്യുമെങ്കിലും കേരളവും തമിഴ്‌നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഡാമുകൾ വേഗം നിറയുന്നതും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്കും ഇതു കാരണമായേക്കും. ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത വേണമെന്നാണ് തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്. അതിൽ തന്നെ ഓഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. കാവേരി മേഖലയിൽ കനത്ത മഴ ലഭിക്കാനാണ് സാധ്യത. കബനി നദിയും നിറഞ്ഞൊഴുകും.


മേട്ടൂർ ഡാമിൽ നിന്നും തുടർച്ചയായി മൂന്നാം വർഷവും വലിയ തോതിൽ ജലം ഒഴുക്കിവിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. 
ചാലിയാർ, ഇരുവഞ്ഞി പുഴകളിൽ വെള്ളം കൂടാൻ സാധ്യതയുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ മുന്നൂറ് മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കാനാണ് സാധ്യത.
2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2019 ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. 


അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. 2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായായി വൻനാശനഷ്ടമുണ്ടായിരുന്നു. വടക്കൻ കേരളത്തിലെ വയനാട്, മലപ്പുറം ജില്ലകളെയാണ് രണ്ടാം പ്രളയം കാര്യമായി ബാധിച്ചത്. തൊട്ടു മുൻ വർഷം മധ്യ കേരളത്തിൽ ദിവസങ്ങളോളം മഹാപ്രളയത്തിൽ ജീവിതം നിശ്ചലമായി. 
2018 ജൂലൈ ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിക്കുവാൻ പ്രധാന കാരണമായതെന്ന ആരോപണവുമുയർന്നിരുന്നു. 


ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാൻ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂർണമായി ജലത്തിനടിയിലാക്കിയത് എന്ന ആരോപണവുമുണ്ട്. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം കേരളം അറിയാതെ പോയതും വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടാൻ മറ്റൊരു കാരണമായി. പ്രളയം മനുഷ്യ നിർമിതമാണെന്ന വാദക്കാർ എടുത്തു കാട്ടുന്ന വസ്തുതയാണിത്. 
2018 ഓഗസ്റ്റിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ കണ്ട കാഴ്ച വേദനിപ്പിക്കുന്നതാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ടു പോയ മനുഷ്യർ. ട്രെയിൻ ഗാതഗതം മുടങ്ങിയതിനാൽ എറണാകുളത്തേക്കും മറ്റും കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ സ്‌പെഷ്യൽ ബസ് സർവീസുകൾ മാത്രമാണ് അപൂർവമായുണ്ടായിരുന്നത്. പ്രായമേറെയുള്ള ഒരു സ്ത്രീയുടെ ലഗേജും ചുമന്ന് പോലീസുകാരൻ അവരെ അനുഗമിച്ച ദൃശ്യം ഹൃദയസ്പർശിയായി. 


ഭക്ഷണം കഴിക്കാത്തവർക്ക് രണ്ടാം പ്ലാറ്റ് ഫോമിൽ സൗജന്യ ഭക്ഷണ വിതരണമുണ്ടെന്നായിരുന്നു മറ്റൊരു അനൗൺസ്‌മെന്റ്. റെയിൽവേ റിസപ്ഷൻ കൗണ്ടർ മെഡിക്കൽ സംഘങ്ങളുടെ ഫസ്റ്റ് എയിഡ് ക്ലിനിക്കുകളായി. ആദ്യ പ്രളയത്തിൽ കോഴിക്കോട്ടു നിന്ന് പത്തനംതിട്ട, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ റിലീഫ് വാഹനങ്ങൾ പ്രവഹിച്ചു. മലപ്പുറത്ത് നിന്നെത്തിയ യുവാക്കൾ സാഹസികമായി ചെങ്ങന്നൂരിലെ മുങ്ങിയ കെട്ടിടങ്ങളിൽ കുടുങ്ങിപ്പോയവരെ രക്ഷിച്ചു. 2019 ലെ പ്രളയത്തിൽ എല്ലാവരെയും ഞെട്ടിച്ച് അനന്തപുരിയിലെ മേയർ മുൻകൈയെടുത്ത് നിലമ്പൂരിലേക്കും വയനാട്ടിലേക്കും സഹായ വാഹനങ്ങളെത്തിക്കുന്നതും കേരളം കണ്ടു. 
കേരളത്തിലെ ആരോഗ്യ പ്രവർത്തകരും ഭരണ സംവിധാനവും കോവിഡ്19 എന്ന മഹാമാരിയെ തളക്കാനുള്ള തീവ്രയത്‌നത്തിലാണ്. അതിനിടക്ക് മൂന്നാമതൊരു പ്രകൃതിക്ഷോഭം നമുക്ക് താങ്ങാനാവില്ല. 

Latest News