Sorry, you need to enable JavaScript to visit this website.

വുഹാനില്‍ കോവിഡ് രോഗമുക്തി നേടിയ 90 ശതമാനം പേര്‍ക്കും ശ്വാസകോശ തകരാര്‍

ബെയ്ജിങ്- കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി പറയപ്പെടുന്ന ചൈനയിലെ വുഹാനില്‍ രോഗമുക്തി നേടിയവരില്‍ ശ്വാസകോശ തകരാറുള്ളതായി കണ്ടെത്തി. രോഗമുക്തരായ ഒരു സംഘം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ 90 ശതമാനം പേര്‍ക്കും ശ്വാസകോശ തകരാര്‍ സംഭവിച്ചതായാണ് കണ്ടെത്തല്‍. അഞ്ചു ശതമാനം പേര്‍ വീണ്ടും വൈറസ് ബാധയേറ്റ് ക്വാരന്റീനിലായെന്നും സര്‍വെ പറയുന്നു. വുഹാന്‍ യൂണിവേഴ്‌സിറ്റിയുടെ ഷോങ്‌നാന്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഈ ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ഡയറക്ടറായ പെങ് ഷിയോങിന്റെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണമായും കോവിഡ് രോഗമുക്തി നേടിയവരില്‍ ഏപ്രില്‍ മുതല്‍ പഠനം നടത്തി വരികയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് പഠനം. പഠനവിധേയരാക്കുന്ന രോഗികളുടെ ശരാശരി പ്രായം 59 വയസ്സാണ്.

പഠനത്തിന്റെ ആദ്യഘട്ട ഫലം വിലയിരുത്തിയപ്പോള്‍ 90 ശമതാനം രോഗികളുടേയും ശ്വാസകോശത്തിന് കേടുപാട് വന്ന നിലയിലാണ്. അതായത് ഇവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശത്തെ പോലെ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. രോഗികളില്‍ ആറു മിനിറ്റ് നടത്ത പരിശോധനയും സംഘം നടത്തി. രോഗമുക്തി നേടിയവര്‍ക്ക് ആറു മിനിറ്റില്‍ 400 മീറ്റര്‍ മാത്രമെ നടക്കാന്‍ കഴിഞ്ഞുള്ളൂ. ആരോഗ്യമുള്ളവര്‍ക്ക് ഈ സമയത്തിനുള്ളില്‍ 500 മീറ്ററും നടക്കാന്‍ കഴിഞ്ഞു.

രോഗം ഭേദമായെങ്കിലും ഇവരില്‍ ചിലര്‍ക്ക് ആശുപത്രി വിട്ട ശേഷവും മൂന്നു മാസത്തോളം ഓക്‌സിജന്‍ യന്ത്രം ഉപയോഗിക്കേണ്ടി വന്നതായി ബെയ്ജിങ് യൂണിവേഴ്‌സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ ഡോക്ടര്‍ ലിയാങ് തെങ്‌സിയാവോ പറയുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 65നു മുകളില്‍ പ്രായമുള്ള രോഗമുക്തരെ കുറിച്ചും പഠനം നടന്നുവരികയാണ്.

പഠനവിധേയരാക്കിയ 100 രോഗികളില്‍ പത്തു ശതമാനം പേരുടെ ശരീരത്തില്‍ നിന്നും നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ അപ്രത്യക്ഷമായതായും ഫലങ്ങള്‍ കാണിക്കുന്നു. ഇവരില്‍ അഞ്ചു ശതമാനം പേരില്‍ കോവിഡ് 19 ന്യൂക്ലിക് ആസിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവ് കാണിച്ചെങ്കിലും ഇമ്യൂണോഗ്ലോബിന്‍ എം ടെസ്റ്റുകളില്‍ പോസിറ്റീവ് ഫലമാണ് കാണിച്ചത്. ഇതുകാരണം ഇവര്‍ക്ക് വീണ്ടും ക്വാരന്റീനില്‍ കഴിയേണ്ടി വന്നു.

Latest News