ന്യൂദല്‍ഹി- ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മനോജ് സിന്‍ഹയെ പുതിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറായി നിയമിച്ചു. ലഫ്.ഗവര്‍ണറായിരുന്ന ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു മനോജ് സിന്‍ഹ. മോഡി സര്‍ക്കാരില്‍ ടെലിക്കോം മന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്ന രണ്ടുപേരില്‍ സിന്‍ഹ ഉണ്ടായിരുന്നില്ല. ആദ്യം ചിലരുടെ പേരുകള്‍ പ്രചരിപ്പിച്ച ശേഷം അപ്രതീക്ഷിതമായി ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരിക ബി.ജെ.പി സര്‍ക്കാരില്‍ സാധാരണമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പ്രതികരിച്ചു.






