ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ ജി സി മുര്‍മു രാജിവെച്ചു; പുതിയ സിഎജി ആയേക്കും 

ഗിരീഷ് ചന്ദ്ര മുര്‍മു
  • മനോജ് സിന്‍ഹ പുതിയ ഗവര്‍ണര്‍

ശ്രീനഗര്‍- ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ആദ്യ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു പദവിയില്‍ നിന്ന് രാജിവെച്ചു. സംസ്ഥാന പദവി എടുത്തുമാറ്റി ജമ്മു കശ്മീരിനെ വിഭജിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് മുര്‍മുവിന്റെ അപ്രതീക്ഷിത രാജി. പുതിയ ലഫ്. ഗവര്‍ണറായി മനോജ് സിന്‍ഹ നിയമിതനാകുകയും ചെയ്തു. മുര്‍മുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചെന്നും പിന്‍ഗാമിയായ സിന്‍ഹയെ നിയമിച്ചെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നേരത്തെ ധനകാര്യ മന്ത്രാലയത്തില്‍ എക്‌സ്‌പെന്‍ഡിചര്‍ സെക്രട്ടറിയായിരുന്ന മുര്‍മു വൈകാതെ പുതിയ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) ആകുമെന്നും റിപോര്‍ട്ടുണ്ട്. നിലവിലെ സിഎജി രാജീവ് മെഹിര്‍ഷിയുടെ കാലാവധി ഓഗസ്റ്റ് എട്ടിനു അവസാനിക്കാനിരിക്കുകയാണ്.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച  വികസന പാക്കേജിന്റെ കരട് തയാറാക്കിയത് അന്ന് ധനമന്ത്രാലയത്തിലുണ്ടായിരുന്ന മുര്‍മുവാണ്. 1985 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായ മുര്‍മു നേരത്തെ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയിരിക്കെ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. മോഡി പ്രധാനമന്ത്രി ആയ ശേഷമാണ് മുര്‍മു കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് വിരമിക്കാനിരിക്കെയാണ് ഒക്ടോബറില്‍ മുര്‍മുവിനെ ജമ്മു കശ്മീരില്‍ ലഫ്. ഗവര്‍ണറായി നിയമിച്ചത്. 


 

Latest News