Sorry, you need to enable JavaScript to visit this website.

സിൽവർ ലൈൻ പാത വികസനം അട്ടിമറിക്കുമെന്ന് ആക്ഷേപം

കോട്ടയം- നിർദിഷ്ട സിൽവർ ലൈൻ പാത ഭാവനയില്ലാത്തതും നാടിന്റെ വികസനത്തെ അട്ടിമറിക്കുന്നതുമാണെന്ന് ആരോപണം. 67,045 കോടി രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് സേവ് കേരള ഫോറം ആവശ്യപ്പെട്ടു. 
നിർദ്ദിഷ്ട സിൽവർലൈൻ റെയിൽവേ പദ്ധതി ഉപേക്ഷിക്കുക, ഡി.എം.ആർ.സിയെ ഉപേക്ഷിച്ച് ഫ്രഞ്ച് കമ്പനിയെ സിൽവർലൈൻ പദ്ധതി കൺസൾട്ടൻസി ഏൽപിച്ചത് അന്വേഷിക്കുക, കേരള റെയിൽ വികസന കോർപറേഷൻ പിരിച്ചുവിടുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് സേവ് കേരള ഫോറം ചെയർമാൻ അഡ്വ. വിനോ വാഴയ്ക്കൽ, ജനറൽ കൺവീനർ അനിൽകുമാർ മുള്ളനളയ്ക്കൽ എന്നിവർ അറിയിച്ചു. 
പാത കടന്നുപോകുന്ന ഇടങ്ങളിലെല്ലാം തന്നെ ഇതിനെതിരെ ജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ്. സംസ്ഥാനതലത്തിൽ വിവിധ ജില്ലകളിലുള്ള ആക്ഷൻ കൗൺസിൽ പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'സേവ് കേരള ഫോറം' സമരപരിപാടികളുടെ നേതൃത്വം ഏറ്റെടുക്കുകയാണ്. 


പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടേയും പരിസ്ഥിതി പ്രത്യാഘാതം അനുഭവിക്കുന്നവരെയും ഒരേ കുടക്കീഴൽ കൊണ്ടുവരും.  മൂന്ന് ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സേവ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തയാറായി വരികയാണെന്നും അവർ അറിയിച്ചു. എം.ടി. തോമസ്, ചാക്കോച്ചൻ മണലേൽ, ശശിക്കുട്ടൻ വാകത്താനം എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.
ഇരട്ടപ്പാതയുള്ള റൂട്ടുകളിൽ കൂടുതലായി ഒരു പാത കൂടി നിർമിച്ച് 2025 മാർച്ചോടെ എല്ലാ ട്രെയിനുകളും 160 കി.മി സ്പീഡിൽ ഓടിക്കാൻ റെയിൽവേ നടപടി തുടങ്ങിയപ്പോൾ ഈ പദ്ധതിയുടെ സാധ്യത തന്നെ ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ വലിയ മുതൽമുടക്കുള്ള സിൽവർലൈൻ സെമിഹൈസ്പീഡ് റെയിൽ പദ്ധതിക്ക് പ്രസക്തിയില്ല. റീ ബിൽഡ് കേരളയുടെ ഭാഗമായി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ജില്ലാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി എയർ സ്ട്രിപ്പുകൾ, ഹെലിപോർട്ടുകൾ തുടങ്ങിയ പദ്ധതികളും ആരംഭിക്കാൻ കേരളസർക്കാർ തീരുമാനിച്ചതായി അറിയുന്നു. അപ്പോൾ ഈ പദ്ധതിയുടെ സാധ്യത വീണ്ടും മങ്ങുകയാണ്.


മണിക്കൂറിൽ 200 കി.മി വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടുകൊണ്ട് 67,045 കോടി രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന ഒരു പദ്ധതിക്കാണ് കേരള സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. നിർമാണം പൂർത്തിയാക്കുമ്പോൾ ഈ പാതയിലൂടെ 160 കി.മി.യിൽ താഴെമാത്രമേ ട്രെയിൻ ഓടിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അലയ്ൻമെന്റിനു വേണ്ടി തെരഞ്ഞെടുത്ത കുന്നുകളും നീർത്തടങ്ങളും നെൽപാടങ്ങളും നിറഞ്ഞ സ്ഥലങ്ങളുടെ പ്രത്യേകതകൾ, നിർദേശിക്കപ്പെട്ട പാതയിലെ വളവുകൾ, രാത്രികാലങ്ങളിൽ റോ റോ രീതിയിലുള്ള ചരക്ക് വണ്ടികളുടെ ഓട്ടം തുടങ്ങിയവയാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.


ഈ പദ്ധതി നടപ്പിലാകണമെങ്കിൽ തന്നെ 2035 കഴിയും. അന്ന് നിർമാണച്ചെലവ് 1.5 ലക്ഷം കോടി രൂപയാകും. 20,000 നും 40,000 നും ഇടയിൽ വീടുകൾ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിക്കപ്പെടുകയും ചെയ്യുമെന്നതാണ് വസ്തുതാപരമായ കണക്ക്. അതുപോലെ വലിയ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാർഷികമേഖലയിൽ കോടികളുടെ നഷ്ടമുണ്ടാകുന്നതിനും ഈ പദ്ധതി കാരണമായിത്തീരും. കേരളത്തെ രണ്ടായി വിഭജിക്കുന്ന രീതിയിൽ ഉയരത്തിൽ മതിൽ/ഫെൻസിംഗ് നിർമിക്കുന്നതു വഴി വർഷങ്ങളായി നാം പടുത്തുയർത്തിയ യാത്രാസൗകര്യങ്ങൾ നഷ്ടപ്പെടുമെന്നും വിനോദസഞ്ചാരമേഖലയിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങൾ ഇല്ലാതാകുമെന്നുമാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കുകയാണ് നല്ലത്.

 

Latest News