കല്‍പറ്റ- കനത്തുപെയ്യുന്ന കാലവര്‍ഷത്തിനിടെ വടക്കേ വയനാട്ടിലെ വാളാടും തെക്കേ വയനാട്ടിലെ പൊഴുതനയിലുമായി രണ്ടു കുട്ടികള്‍ മരിച്ചു. വാളാട് വീടിനു മുകളില്‍ മരം വീണു ആറു വയസുകാരി ജ്യോതികയും പൊഴുതനയില്‍ തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു അഞ്ചു വയസുകാരി ഉണ്ണിമായയുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ജ്യോതികയുടെ മരണം. കിടന്നുറങ്ങുന്നതിനിടെ മരം വീഴുന്ന ശബ്ദം കേട്ട് പിതാവ് തോളക്കര ബാബു ജ്യോതികയെയും എടുത്തു പുറത്തേക്കു ഓടുന്നതിനിടെ ശിഖരം ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. ജ്യോതിക വൈകാതെ മരിച്ചു. ബാബുവിന്റെ കാലിനു ഗുരുതര പരിക്കേറ്റു.
വാളാട് തോളക്കരയില്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ദുരന്തം ബാബുവിനെയും കുടുംബത്തെയും വേട്ടയാടിയത്. അമ്മിണിയാണ് ജ്യോതികയുടെ അമ്മ.
പൊഴുതന അച്ചൂര്‍ വേങ്ങാത്തോട് കാട്ടുനായ്ക്ക കോളനിയിലെ ഉണ്ണികൃഷ്ണന്‍-രതി ദമ്പതികളുടെ മകളാണ് ഉണ്ണിമായ. ഇന്നലെ ഉച്ചയോടെ മാതാപിതാക്കള്‍ക്കൊപ്പം തോട് മുറിച്ചുകടക്കുന്നതിനിടെയാണ് ഉണ്ണിമായ ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാര്‍ തോട്ടില്‍നിന്നു കരകയറ്റി പൊഴുതന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.