സുശാന്തിന്റെ മരണം: സി.ബി.ഐ അന്വേഷണം അംഗീകരിച്ച് കേന്ദ്രം

ന്യൂദല്‍ഹി- ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
അതേസമയം, ബിഹാര്‍ പോലീസ് നടത്തുന്ന അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന റിയ ചക്രവര്‍ത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ മൂന്നു ദിവസത്തിനകം കൈമാറാന്‍ മുംബൈ പോലീസിനോടു നിര്‍ദേശിച്ചു. അസാധാരണ സാഹചര്യത്തിലുള്ള നടന്റെ മരണത്തില്‍ എല്ലാ സത്യങ്ങളും പുറത്തുവരേണ്ടതുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിനായി മുംബൈയിലെത്തിയ ബിഹാര്‍ പോലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയ സംഭവത്തിലും ജസ്റ്റീസ് ഋഷികേഷ് റോയി അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.

 

Latest News