Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്തുള്ളത്- മുസ്ലിം ലീഗ്

മലപ്പുറം-അയോധ്യയിലെ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി നടത്തിയ പ്രസ്താവന അസ്ഥാനത്തുള്ളതാണെന്ന് മുസ്്‌ലിം ലീഗ് അടിയന്തിര നേതൃയോഗം വിലയിരുത്തി.  പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്്‌ലിം ലീഗ് പ്രമേയം പാസാക്കിയത്.
അയോധ്യയിലെ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പട്ട പ്രിയങ്കഗാന്ധിയുടെ പ്രസ്താവനയോട് മുസ്്‌ലിം ലീഗ് വിയോജിക്കുന്നതായും പ്രസ്താവന അനവസരത്തിലുള്ളതാണെന്നും യോഗം പ്രമേയം പാസാക്കിയതായി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. യോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി ഈ പ്രമേയം മാത്രമാണ് പാസാക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളുണ്ടാക്കാന്‍ മുസ്്‌ലിം ലീഗ് താല്‍പര്യപ്പെടുന്നില്ല. മതേരതത്വത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള നിലപാടുകളാണ് ആവശ്യം എന്നതാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഗുണകരമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്.ക്ഷേത്രവുമായി ബന്ധപ്പെട്ട് വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയമുതലെടുപ്പിനാണ് ചിലര്‍ ശ്രമിക്കുന്നത്.പ്രകോപനങ്ങളില്‍ വീഴാതെ സംയമനം പാലിക്കേണ്ടതുണ്ട്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാടുകള്‍ എടുത്തതു കൊണ്ടാണ് മുസ്്‌ലിം ലീഗ് ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നത്. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുടെ നിലപാടുകളെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി മുസ്്‌ലിം ലീഗ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അത് തുടരുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
ബാബരി മസ്്ജിദ് വിഷയത്തില്‍ സൂപ്രീംകോടതി വിധി മാനിക്കണമെന്നാണ് മുസ്്‌ലിം ലീഗ് നിലപാടെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.മസ്ജിദ് പൊളിച്ചത് മതേതരത്വത്തിന് ഏറ്റ മുറിവാണ്. അന്ന് ലീഗ് എടുത്ത നിലപാട് കേരളത്തിലെങ്കിലും മതേതരത്വം ശക്തിപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടില്‍ വീണ്ടും പ്രശ്്‌നമുണ്ടാക്കാന്‍ ലീഗിന് താല്‍പര്യമില്ല. ഇപ്പോള്‍ പ്രിയങ്കാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ച നിലപാടിന് എതിരാണ്. അതു കൊണ്ടാണ് മുസ്്‌ലിം ലീഗ് അതിനെതിരെ പ്രതികരിക്കുന്നത്. ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.

 

Latest News