Sorry, you need to enable JavaScript to visit this website.

വൃദ്ധയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി- കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷാഫി (50), ഓമന (60), ഓമനയുടെ മകന്‍ മനോജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമാണ്.ശരീരമാസകലം ആയുധം ഉപയോഗിച്ച് മുറിപ്പെടുത്തിയ വൃദ്ധയുടെ സ്വകാര്യ ഭാഗത്ത് ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. വൃദ്ധക്ക് ഞായറാഴ്ച കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഞായറാഴ്ച വൈകിട്ട് നാലിന് പാങ്കോട് ഇരുപ്പച്ചിറക്ക് സമീപം ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ വെച്ചാണ് വൃദ്ധ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സ്ത്രീ ആരേയും വീട്ടിലേക്ക് കയറ്റിയില്ല. പിന്നീട് ഓട്ടോ വിളിച്ച് വൃദ്ധയുടെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു. വീണതാണെന്നും കമ്പി കൊണ്ടതാണെന്നുമാണ് വീട്ടില്‍ കൊണ്ട് വിട്ട സ്ത്രീ മകനോട് പറഞ്ഞത്. എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നും അല്ലെങ്കില്‍ മരിക്കുമെന്നും ഓട്ടോയില്‍ വന്ന സ്ത്രീ മകനോട് പറഞ്ഞു. രക്തം വാര്‍ന്നു കൊണ്ടിരുന്ന വൃദ്ധയെ മകനാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരുടേയും മക്കളുടേയും പരാതിയെ തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
വൃദ്ധ പലപ്പോഴും വീട്ടില്‍നിന്നും പുറത്തിറങ്ങി നാട്ടില്‍ പരിചയമുള്ളവരുടെ വീടുകളില്‍ പോകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം നടന്ന ഇരുപ്പച്ചിറയിലെ സ്ത്രീയുടെ വീട്ടിലും ഇടക്ക് എത്താറുണ്ടെന്നും പറയപ്പെടുന്നു. തുടക്കത്തില്‍ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. സംഭവം വിവാദമായതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗം അഡ്വ. ഷിജി ശിവജി എന്നിവര്‍ ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി. വൃദ്ധയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Latest News