Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

ലാത്തി വീശിയും ടിയർ ഗ്യാസ് പൊട്ടിച്ചും കോവിഡിനെ തോൽപിക്കാനാവില്ല

ലാത്തിയും ടിയർ ഗ്യാസും കൊണ്ടല്ല കോവിഡിനെ നേരിടേണ്ടതെന്ന് കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരിലെ പ്രധാനികളെ പ്രതിനിധീകരിക്കുന്നവർ  പറയാവുന്ന രീതിയിൽ മുഖ്യമന്ത്രിയോട് പറഞ്ഞു കഴിഞ്ഞു. ആരോഗ്യ രംഗത്തുള്ള എല്ലാവരുടെയും അഭിപ്രായവും ഇതു തന്നെയായിരിക്കും. അതെ,  രോഗത്തിനെതിരെ ജാഗ്രത മതി, പോലീസ് വേണ്ട.

കോവിഡ്- മഹാമാരി മനുഷ്യ രാശിയെ വിട്ടുപോകാനുള്ള വിദൂര സാധ്യത പോലും മുന്നിലില്ല. രോഗം  ഉച്ചാടനം ചെയ്യാനുള്ള എളുപ്പ  വഴികളും മനുഷ്യർക്ക് മുന്നിലില്ലെന്ന് ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ലോകാരോഗ്യ സഘടനയാണ്. വാക്‌സിൻ, ചികിത്സ എന്നിവയെല്ലാം തുരങ്കത്തിന്റെ അങ്ങേ തലക്കൽ പോലും വെളിച്ചം കാണാത്ത അവസ്ഥയിൽ മനുഷ്യ രാശിയെ നിസ്സഹായരാക്കുന്നു.  വാക്‌സിൻ ഇതാ, ഇങ്ങെത്തി എന്നൊക്കെ കേൾക്കുന്നതല്ലാതെ അതൊക്കെ ശരിയാകാൻ ഇനിയുമെത്ര കാലം എന്ന് ലോകാരോഗ്യ സംഘടനക്ക് പോലും ഒരുറപ്പുമില്ല. 
ലോകത്തെങ്ങുമായി ഇതുവരെ കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം ഏഴു ലക്ഷത്തിലധികം വരും. രോഗികളുടെ എണ്ണം  ഒന്നേമുക്കാൽ കോടി കടന്നുവെന്ന് നാം തിരിച്ചറിയുമ്പോൾ ഇന്ത്യക്കാർ ഓർക്കേണ്ട മറ്റൊരു കാര്യം അവരെ ഭരിക്കുന്ന അതിശക്തനായ ഒരു ഭരണാധികാരിയും അവരിലുണ്ടെന്നതാണ് -അമിത് ഷാ. ഇന്ത്യയിലെ രോഗബാധിതരുടെ പട്ടികയിലേക്ക് മുഖ്യമന്ത്രമാർ ഉൾപ്പെടെ വന്നു ചേർന്നിരിക്കുന്നു. ബിഹാർ സി.പി.ഐയുടെ  സെക്രട്ടറി സത്യനാരായണ സിങ് (77) കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ഇതച്ചടിച്ചു വരുമ്പോഴേക്കും ആരെന്നും എന്തെന്നും ഒരാൾക്കും ഒന്നും പറയാനാവില്ല.   രോഗം പിടിപെട്ട  നൂറ്റിപ്പത്തു ലക്ഷത്തിലധികം പേർ   ലഭ്യമായ മരുന്നു വെച്ചുള്ള ചികിത്സയും ആരോഗ്യ സംവിധാനങ്ങളും  വഴി രക്ഷപ്പെട്ടുവെന്നത് ലോകത്തിന് ചെറിയ ആശ്വാസമൊന്നുമല്ല. 
ഇതിനർഥം രോഗം വന്നാൽ അത് മാറ്റാനും സംവിധാനമുണ്ട് എന്നത് തന്നെയാണ്. അതെ, ശമനമില്ലാത്ത രോഗമില്ല. എവിടെയുമെന്ന പോലെ കേരളത്തിലും കഴിഞ്ഞ ആറ് മാസമായി ചികിത്സ എന്ന മഹാദൗത്യം ഏറ്റെടുത്ത് നടത്തുന്നത് ആരോഗ്യ പ്രവർത്തകരാണ്. രാജഭരണ കാലം തൊട്ട് കേരളത്തിൽ നിലവിലുണ്ടായിരുന്ന സംവിധാനം ഈ പ്രവർത്തനങ്ങൾക്ക് ആരോഗ്യ പ്രവർത്തകരെ  സഹായിച്ചു. ഈ നേട്ടം പല വഴിക്ക് വിവാദമാകുന്നതും പിന്നീട് കേരളം കാണുകയും കേൾക്കുകയും ചെയ്തു. 
അത് ആരുടെയും സ്വന്തം നേട്ടമായിരുന്നില്ല, കേരളം കാലാകാലമായി നേടിയെടുത്തതായിരുന്നുവെന്ന് ബുദ്ധിയുള്ളവർ അന്നും ഇന്നും വിശ്വാസിക്കുന്നു. നമ്മൾ പണ്ടും ഇങ്ങനെയായിരുന്നു എന്ന് ഇടക്കൊക്കെ ഓർമിപ്പിച്ചപ്പോഴും ആഘോഷ കമ്മിറ്റിക്കാർ  പുരപ്പുറത്ത് കയറി- കണ്ടില്ലെ ബി..ബി.സി,  വാഷിങ്ടൺ പോസ്റ്റ് എന്നൊക്കെ പറഞ്ഞ് വിരട്ടി.  രാജാക്കന്മാർ ഉണ്ടാക്കിയിട്ടു പോയ ആശുപത്രി കെട്ടിടങ്ങളുടെ കോലായയിലിരുന്നായിരുന്നു ഈ വീമ്പു പറച്ചിലൊക്കെ. കാണെക്കാണെ എല്ലാം കൈവിട്ടിരിക്കുന്നു.  ജാഗ്രത പോയ്‌പോയതും  അലംഭാവവുമാണ് ഈ സ്ഥിതി വരുത്തിവെച്ചതെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞതോടെ എല്ലാ അവകാശ വാദങ്ങളുടെയും ചീട്ടുകൊട്ടാരങ്ങൾ തകന്നു വീണു.   ദിവസേന ആയിരത്തിലേറെ പേർക്ക് രോഗബാധയും.  എൺപത് ശതമാനത്തോളവും സമ്പർക്കത്തിലൂടെ എന്ന സ്ഥിതിയുമായപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ വാക്കുകൊണ്ട് കീഴടങ്ങിയത്.  ഇന്ത്യയിൽ തന്നെ  സമൂഹ വ്യാപനം ആദ്യമായി  സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണെന്നത് കൊട്ടിഘോഷിച്ച കേരള മോഡലിനേറ്റ വല്ലാത്തൊരു പ്രഹരമായിപ്പോയി. എങ്ങനെ നമ്മളിങ്ങനെയായി എന്ന് ഭരണാധികാരികൾ ഇനിയും വിശദീകരിച്ചിട്ടില്ല.  ഇനി വരാൻ പോകുന്ന നിയന്ത്രണങ്ങൾ ഏത് രീതിയിലായിരിക്കുമെന്നതിന് കാസർക്കോട്ട് നിന്നും കണ്ണൂരിൽ നിന്നുമെല്ലാമുള്ള  കോവിഡ് കാല ഓർമ മലയാളിയുടെ മനസ്സിലുണ്ട്. ജനാധിപത്യ സംവിധാനത്തിലെ പോലീസ് മനുഷ്യരെ നടു റോഡിൽ ഏത്തമീടീക്കുന്ന രംഗം ആർക്കാണ് മറക്കാനാവുക.
കോവിഡ് വ്യാപനം തടയുന്ന കാര്യം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കുമെന്നാണ്   മുഖ്യമന്ത്രി തിങ്കളാഴ്ച  പതിവ് പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുള്ളത്. അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലെ വാക്കുകൾ ഇങ്ങനെ “സമ്പർക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ കലക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും സഹായിക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി. ജില്ലാ പോലീസ് മേധാവിമാർ ഇക്കാര്യത്തിൽ കലക്ടർമാർക്ക് ആവശ്യമായ സഹായം നൽകും. 
കണ്ടെയ്ൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ പോലീസ് നടപടി കർശനമാക്കും. ക്വാറന്റൈൻ ലംഘിച്ച് ചിലരെങ്കിലും പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പർക്ക വിലക്ക് ലംഘിക്കുക തുടങ്ങിയ സംഭവങ്ങളും ആവർത്തിക്കപ്പെടുന്നു. 
ഇത് രോഗവ്യാപനത്തോത് വർധിപ്പിക്കുന്നു എന്നതിൽ സംശയമില്ല. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണത്തിനുള്ള പൂർണ ഉത്തരവാദിത്തം പോലീസിനു നൽകുകയാണ്. ക്വാറന്റൈനിൽ കഴിയേണ്ടവർ അവിടെത്തന്നെ കഴിയുമെന്ന് ഉറപ്പു വരുത്താൻ പോലീസ് ഇടപെടലാണ് ഉണ്ടാവുക. പുറത്തിറങ്ങിയാൽ കടുത്ത നടപടിയുണ്ടാകും.
സമ്പർക്ക വിലക്ക് ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടവർ പോലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ആളുകൾ നിശ്ചിത ശാരീരിക അകലം പാലിക്കുന്നു എന്നത് പോലീസ് ഉറപ്പു വരുത്തും. ക്വാറന്റൈനിൽ കഴിയുന്നവരും ആശുപത്രിയിൽ കഴിയുന്നവരും കടന്നുകളയുന്ന ചില സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളിൽ പോലീസ് അന്വേഷണ മികവ് ഉപയോഗിച്ച് അവരെ കണ്ടെത്തും. ആളുകളുടെ പ്രൈമറി, സെക്കണ്ടറി കോൺടാക്ടുകൾ കണ്ടെത്തുന്നതിനും അങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കോ ക്വാറന്റൈൻ സെന്ററിലേക്കോ മാറ്റുന്നതിനും പോലീസ് നേരിട്ട് ഇടപെടും. 
കോൺടാക്ട് ട്രേസിങ് നടത്തുന്നതിനും പോലീസിന്റെ സേവനം പൂർണതോതിൽ വിനിയോഗിക്കാനാണ് തീരുമാനം. ഇതിനായി ഓരോ പോലീസ് സ്റ്റേഷനിലും എസ്.ഐയുടെ നേതൃത്വത്തിൽ ഒരു ടീമിനെ നിയോഗിക്കും. പോസിറ്റീവായ ആളുകളുടെ സമ്പർക്ക പട്ടിക നിലവിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതല പോലീസിന് നൽകുകയാണ്. 24 മണിക്കൂറിനകം പ്രൈമറി, സെക്കണ്ടറി കോൺടാക്ടുകൾ കണ്ടെത്തുകയാണ് വേണ്ടത്.
 ”പോലീസിന് അധികാരം കിട്ടിയാൽ അത് അമിതാധികാരമാകാൻ അധിക നേരമൊന്നും ആവശ്യമില്ല. കാർക്കശ്യം അതിരു കടക്കുന്നതിനുള്ള സാധ്യത തന്നെയാണ് മുന്നിൽ.  ജീവിത മാർഗം കണ്ടെത്താൻ റോഡിലിറങ്ങുന്ന മനുഷ്യരെ മാറെടാ, മാറെടാ എന്നാക്രോശിച്ച് പോലീസ് വിരട്ടിയോടിക്കുന്ന രംഗം കേരളത്തെ എവിടെ കൊണ്ടെത്തിക്കും?  കോവിഡ് ഇല്ലാതായി എന്ന് കണ്ടിട്ടല്ല മനുഷ്യർ  റോഡിലിറങ്ങുന്നത്, ജീവിക്കാൻ വഴിയില്ലാത്തതുകൊണ്ടാണ്. 
പോലീസിന് നൽകിയ  സമ്പൂർണ നിയന്ത്രണാധികാരം രാഷ്ട്രീയ എതിരാളികൾക്കെതിരെ പോലും ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പ്.  ആധുനിക ചികിത്സാ രീതികളെക്കുറിച്ച് ആധികാരികമായി പറയേണ്ടവരാണ് കെ.ജി.എം.ഒ.എ. ആ സംഘടനയുടെ ഭാരവാഹികളായ ഡോ. ജോസഫ് ചാക്കോ (പ്രസിഡന്റ്), ഡോ. ജി.എസ് വിജയകൃഷ്ണൻ  ജനറൽ സെക്രട്ടറി) എന്നിവർ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്. ആ കത്തിലെ ഇനി പറയുന്ന വരികൾ ആരോഗ്യ രംഗത്തെ പോലീസ് രാജിനെ എങ്ങനെ കാണുന്നുവെന്നറിയാൻ സഹായിക്കും. “കോവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയാറാക്കൽ പോലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ പോലീസിനെ ഏൽപിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു. ആരോഗ്യ വിഷയത്തിൽ പരിശീലനമുള്ളവരാണ് അത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. ക്വാറന്റൈനിൽ ഉള്ള ആൾക്കാരുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ  എൻഫോഴ്‌സ്‌മെന്റിനും  മാത്രമേ ഇത്തരം ഏജൻസികളെ ചുമതലപ്പെടുത്തുവാൻ പാടുള്ളൂ.''
ലാത്തിയും ടിയർ ഗ്യാസും കൊണ്ടല്ല കോവിഡിനെ നേരിടേണ്ടതെന്ന് കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരിലെ പ്രധാനികളെ പ്രതിനിധീകരിക്കുന്നവർ  പറയാവുന്ന രീതിയിൽ മുഖ്യമന്ത്രിയോട് പറഞ്ഞു കഴിഞ്ഞു. ആരോഗ്യ രംഗത്തുള്ള എല്ലാവരുടെയും അഭിപ്രായവും ഇതു തന്നെയായിരിക്കും. അതെ, രോഗത്തിനെതിരെ ജാഗ്രത മതി, പോലീസ് വേണ്ട.
 

Latest News