Sorry, you need to enable JavaScript to visit this website.
Saturday , October   31, 2020
Saturday , October   31, 2020

പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത് രാഷ്ട്രീയ ലക്ഷ്യം തന്നെ

35 ഓളം വർഷമായി മാറ്റമില്ലാതെ തുടരുന്ന വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്താനും കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത് കോവിഡ് കാലം തന്നെ. വിദ്യാഭ്യാസമെന്നത് കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമായിട്ടും സംസ്ഥാന സർക്കാരുകളുടെ അഭിപ്രായമൊന്നും കേന്ദ്രം പരിഗണിച്ചില്ല. 
നിയമ നിർമാണ സഭകളിൽ അവതരിപ്പിക്കുകയോ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളുടെ അഭിപ്രായങ്ങൾ ആരായുകയോ ചെയ്തില്ല. അക്കാദമിക പണ്ഡിതരോടും അധ്യാപകരോടും വിദ്യാർത്ഥികളോടും തുറന്നു ചർച്ച ചെയ്യാതെ  ഏകപക്ഷീയമായ പ്രഖ്യാപനം നടത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.  കസ്തൂരിദേവൻ എന്ന എല്ലാ വിഷയങ്ങളിലും വിദഗ്ധനെന്ന് കൊട്ടിഘോഷിക്കുന്ന ഒരാളുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളാണ് അംഗീകരിക്കപ്പെട്ടത്. ഈ സമിതിയിലെ ആരും വിദ്യാഭ്യാസ മേഖലയിൽ വിദഗ്ധരല്ല എന്നാരോപണമുണ്ട്. ഇത്രയും സുപ്രധാന വിഷയത്തിലെ ഈ നടപടി ജനാധിപത്യ സംവിധാനത്തിനു ഗുണകരമാണോ എന്ന ചോദ്യം പ്രസക്തമാണ്. 
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അഴിച്ചുപണി ആവശ്യമാണെന്നതിൽ സംശയമില്ല. ആയുധ ശേഷിയിൽ മൂന്നാമതെന്നവകാശപ്പെടുന്ന ഇന്ത്യയുടെ വിദ്യാഭ്യാസത്തിലെ സ്ഥാനം എത്രയോ പിറകിലാണ്. നമ്മുടെ നമ്പർ വൺ സർവകലാശാലകളും ഐ.ഐ.ടികളുമൊക്കെ ലോക നിലവാരത്തിൽ എത്രയോ പിറകിലാണ്. വിദ്യാഭ്യാസത്തിൽ വളരെ മുന്നിലെന്നഹങ്കരിക്കുന്ന കേരളം പോലും ഉന്നത വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ തന്നെ പിറകിലാണ്. 
ഉന്നത വിദ്യാഭ്യാസത്തിനായി ലോകമാകെ സഞ്ചരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കോവിഡ് കാലത്തു പുറത്തു വന്നല്ലോ. ഏറെ ചർച്ച ചെയ്യേണ്ടതായ പല നിർദേശങ്ങളും പുതിയ നയത്തിലുണ്ട്. വിദ്യാഭ്യാസ വിദഗ്ധർ തന്നെ ഈ വിഷയത്തിൽ അഭിപ്രായ രൂപീകരണം നടത്തുന്നതേയുള്ളൂ. 10 + 2 + 3 എന്ന നിലനിൽക്കുന്ന രീതി മാറി 5 + 3 + 3 + 4 ലേക്കു മാറുകയാണ്. പല രാജ്യങ്ങളിലും ബിരുദ പഠനം നാലു വർഷമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരമാവധി സ്വയംഭരണമാക്കുന്നതിൽ ഗുണവും ദോഷവുമുണ്ടാകും. വികേന്ദ്രീകരണം നല്ലതാണെങ്കിലും സർക്കാരിന്റെ സാമ്പത്തിക സഹായമില്ലെങ്കിൽ പാവപ്പെട്ട കുട്ടികളുടെ അവസരങ്ങൾ നഷ്ടപ്പെടും. 
മാത്രമല്ല,  കോർപറേറ്റുകൾക്കും ബഹുരാഷ്ട്ര കോർപറേഷനുകൾക്കും കമ്പോളത്തിനും താൽപര്യമുള്ള ലാഭോന്മുഖമായ ഗവേഷണങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യാം.  
പ്രാഥമിക തലത്തിൽ മാതൃഭാഷയിലെ പഠനം പ്രോത്സാഹിപ്പിക്കാവുന്നതാണ്. അതേസമയം വിദ്യാഭ്യാസത്തിൽ കേന്ദ്രം പിടിമുറുക്കുമ്പോൾ അതിനു പിറകെ രാഷ്ട്രീയ അജണ്ടയും കടന്നു വരുമെന്നുറപ്പ്. കോവിഡിനെ തുടർന്ന് സംഘപരിവാർ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സിലബസിൽ നിന്ന്  വെട്ടിച്ചുരുക്കിയ ഭാഗങ്ങൾ ഏതാണെന്നു നാം കണ്ടതാണ്. ആ നടപടി അഖിലേന്ത്യാതലത്തിൽ വ്യാപിക്കാം. യു.ജി.സി പോലുള്ള ഏജൻസികളെ ഇല്ലാതാക്കുകയും ഉപരിപഠനം പ്രധാനമന്ത്രി അധ്യക്ഷനായ കമ്മീഷനു കീഴിലാക്കുന്നതും വിദ്യാഭ്യാസ രംഗത്തെ ഫെഡറലിസത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യുമെന്നുറപ്പ്.   ചരിത്ര പാഠപുസ്തകങ്ങളും മറ്റും വർഗീയതാൽപര്യങ്ങൾക്കനുസരിച്ചു തിരുത്തിയെഴുതുകയും പൗരത്വം, മതേതരത്വം, ജനാധിപത്യം പോലുള്ള വിഷയങ്ങളെ കുറിച്ചുള്ള പഠനങ്ങൾ കരിക്കുലത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്യുന്നവർ ഇത്തരമൊരു കേന്ദ്രീകൃത വ്യവസ്ഥയെ എങ്ങനെയെല്ലാമായിരിക്കും ഉപയോഗിക്കുക.
നയത്തിൽ എന്തെങ്കിലും ഗുണങ്ങൾ ഉണ്ടെങ്കിൽ തന്നെ അത്യന്തം കേന്ദ്രീകൃതവും സ്വേഛാധിപത്യപരവുമായ ഒരു രാഷ്ട്ര വ്യവസ്ഥ നിർമിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസത്തെ കൂടി ആ രീതിയിൽ മാറ്റിത്തീർക്കാനുള്ള പദ്ധതികളാണ് പ്രധാനമായും മുന്നോട്ടു വെച്ചിരിക്കുന്നത്.  
വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നതും വൈവിധ്യമാർന്ന ജീവിത സാഹചര്യങ്ങളിലും സംസ്‌കാരങ്ങളിലും ജീവിക്കുന്നതുമായ ഇന്ത്യൻ ജനതക്ക്  ഏക കരിക്കുലത്തെയും പഠന പദ്ധതികളെയും മുന്നോട്ടു വെക്കുന്ന ഈ  വിദ്യാഭ്യാസ നയം രാജ്യത്തിന്റെ നാനാത്വത്തെയും ബഹുസ്വരതയെയും നിഷേധിക്കുന്നതും ജനാധിപത്യപരമായ വികേന്ദ്രീകരണത്തിനു പകരം ശക്തമായ കേന്ദ്രീകരണത്തെ  പുൽകുന്നതുമാണ്. മാത്രമല്ല സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് മുന്നോട്ടു വരാനുള്ള അവസരം അതില്ലാതാക്കുന്നു.
ഏതു ഘട്ടത്തിലും പഠനം ഉപേക്ഷിക്കാം, അതിനനുസരിച്ച സർട്ടിഫക്കറ്റ് നൽകുമെന്നതിലും വലിയൊരപകടം ഒളിച്ചിരിക്കുന്നുണ്ട്. 
ദളിതരുടെയും ആദിവാസികളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെയും കുട്ടികൾക്കും പൊതുവിൽ പെൺകുട്ടികൾക്കും പഠനം പൂർത്തിയാക്കുക എളുപ്പമല്ലാത്ത ഒരവസ്ഥയാണുള്ളത്. അതിനു അറുതി വരുത്തുകയാണ് ഇന്ത്യൻ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. ആ സമയത്ത് എന്തു ന്യായീകരണത്തിന്റെ പേരിലായാലും കൊഴിഞ്ഞുപോക്കിനെ സാധൂകരിക്കുന്നതാണ് ഈ നയം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്ല ആശയമാണെങ്കിലും പ്രൈമറി ഘട്ടം മുതൽ അതു വേണോ എന്ന ചോദ്യവും പ്രസക്തമാണ്. അതു  പഴയ ജാതി വ്യവസ്ഥയെ നിയമപരമായി പുനരാനയിക്കാനുള്ള ശ്രമമാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. 
കുട്ടികളുടെ അവകാശങ്ങളെപ്പറ്റി വ്യക്തമായ ഒന്നും നയത്തിലില്ല. ബഹുസ്വരതയിലും മതനിരപേക്ഷതയിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഭരണ പദ്ധതികൾ ഉണ്ടാക്കുക, പ്രാദേശിക ജനവിഭാഗങ്ങളുടെ സംസ്‌കാരത്തിനും ജീവിത രീതികൾക്കും അനുസൃതമായ രീതിയിൽ പ്രവർത്തിക്കുക, ന്യൂനപക്ഷങ്ങൾക്ക് നീതി ഉറപ്പാക്കുക, സാമൂഹ്യമായി പിന്തള്ളപ്പെട്ടവരും മർദിതരുമായ ജനവിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുക തുടങ്ങിയ ലക്ഷ്യങ്ങളെയും ഈ നയം അഭിമുഖീകരിക്കുന്നില്ല. ആഗോള സാഹചര്യത്തിന്റെ പേരിൽ രാജ്യം നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങൾ മൂടിവെക്കാനാണ് ശ്രമം. 
ആഗോളീകരണത്തിനാവശ്യമായ വിഭവമായി ഭാവി തലമുറയെ മാറ്റിയെടുക്കാനാണ് ആസൂത്രിതമായ നീക്കം എന്ന വിമർശനം ഗൗരവമായി പരിഗണിക്കണം. 
എന്നാലിത്തരത്തിലുള്ള പരിഗണനകൾക്കോ ചർച്ചകൾക്കോ പ്രതിഷേധങ്ങൾക്കോ അവസരം നൽകാതെ കോവിഡ് കാലത്തു തന്നെ ഇത്തരമൊരു തീരുമാനമെടുത്തതിൽ നിന്നു തന്നെ സർക്കാരിന്റെ ലക്ഷ്യം പ്രകടമാണ്. അത് ഭരണകൂടത്തിന്റെ രാഷ്ട്രീയ ലക്ഷ്യം തന്നെ.

Latest News