Sorry, you need to enable JavaScript to visit this website.
Wednesday , September   30, 2020
Wednesday , September   30, 2020

യശസ്സുയർത്തിയ സൗദി-ഇന്ത്യൻ കലാ സമന്വയത്തിന് യവനിക

അഞ്ചു വർഷം മുമ്പൊരു ഫെബ്രുവരിയിലാണ് ലോകപ്രശസ്ത നാടക പ്രവർത്തകൻ ഇന്ത്യയുടെ സ്വന്തം ഇബ്രാഹിം അൽഖാസി പിതൃഭൂമിയായ സൗദിയുടെ മധ്യപ്രവിശ്യയിലെ ഉനൈസയിലെത്തിയത്. രണ്ടാമത് സൗദി ആർട്ട് ഫെസ്റ്റിവൽ ദമാമിൽ കൊടിയേറുന്നുണ്ടായിരുന്നു. 
ആ ചടങ്ങിലെ മുഖ്യാതിഥിയായി പൂനെയിൽ നിന്നെത്തിയ ആ വലിയ കലാകാരന് കുടുംബ വേരുകൾ ആഴത്തിൽ പതിഞ്ഞ സൗദി അറേബ്യൻ ഗ്രാമത്തിൽ ബാപ്പയുടെ ബന്ധത്തിൽ അവശേഷിക്കുന്ന ചിലരെ കാണുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു, ഈ ക്ഷണം സ്വീകരിക്കുമ്പോൾ. അന്ന് പ്രായം തൊണ്ണൂറ് പിന്നിട്ടിരുന്നു. എന്നിട്ടും ഈത്തപ്പനകൾ കുലച്ചു നിൽക്കുന്ന അൽഖസീമിലെ ഉനൈസയിലെ തോട്ടങ്ങളിലൂടെ, ഒരു കലാകാരന്റെ ഗൃഹാതുര മനസ്സോടെ അലഞ്ഞു. കുട്ടിക്കാലം ചെലവിട്ട മരുഭൂമിയിലൂടെ നടക്കവേ അദ്ദേഹം അറബ് ഗാനങ്ങൾ ആലപിച്ചു. 
സൗദി മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കി. പുതുതലമുറയിലെ സൗദി സിനിമാ-നാടക പ്രവർത്തകരിൽ വലിയ ആവേശമാണ് ഇബ്രാഹിം അൽഖാസിയുടെ സാന്നിധ്യവും അഭിനയ പാഠങ്ങളും അന്ന് സൃഷ്ടിച്ചത്. ഫെസ്റ്റിവൽ ഡയരക്ടർ അഹമ്മദ് അൽ മുല്ല പറഞ്ഞു: സൗദി കലയേയും സംസ്‌കാരത്തേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പറിച്ചു നട്ട ഈ നാടിന്റെ പുത്രനായ മഹാപ്രതിഭയെ ആദരിക്കാൻ ഞങ്ങൾക്കേറെ സന്തോഷമുണ്ട്. (ഇബ്രാഹിം അൽഖാസിയുടെ സംഭാവനകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അന്ന് ദമാം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു). 
പിൽക്കാലത്ത് സൗദിയിൽ ഏറെ പ്രശസ്തമായ തേയില, തുണിത്തരങ്ങൾ എന്നിവയുടെ ഇറക്കുമതിക്കാരായ ബസാം ഗ്രൂപ്പിന്റെ മേധാവിയായിരുന്നു ഇബ്രാഹിമിന്റെ പിതാവ്. ഉമ്മ കുവൈത്തിയായിരുന്നു. ഇബ്രാഹിമിനെ ഹിന്ദി സിനിമയും നാടകങ്ങളുമാണ് ഏറെ സ്വാധീനിച്ചത്. 


ഹിന്ദി, ഇംഗ്ലീഷ് ഭാഷകളോടൊപ്പം ഗ്രീക്ക് ഭാഷയും പഠിച്ചു. ഇന്ത്യൻ തിയേറ്റർ സങ്കൽപങ്ങളിൽ പൊളിച്ചെഴുത്ത് നടത്താനും ഓപൺ എയർ തിയേറ്റർ എന്ന ആശയം ആദ്യമായി ഇന്ത്യൻ നാടക ലോകത്തിന് പരിചയപ്പെടുത്താനും ഇബ്രാഹിം അൽഖാസിയും സുഹൃത്തുക്കളും പരിശ്രമം നടത്തി. ഇതിനിടെ ലണ്ടനിലെത്തിയ ഇബ്രാഹിം പ്രധാനമന്ത്രി നെഹ്‌റുവുമായി നടത്തിയ അപൂർവമായ കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ ഇന്ത്യൻ പൗരത്വം നേടി, ഇന്ത്യയുടെ വലിയ കലാപ്രതിഭയായി വളരാൻ നിമിത്തമാക്കിയ സംഭവം. 
ഇത് ഇബ്രാഹിം അൽഖാസിം എഴുതിയിട്ടുണ്ട്. നെഹ്‌റുവിന്റെ കൂടി നിർദേശമായിരുന്നു ദൽഹി കേന്ദ്രമായി ഒരു തിയേറ്റർ ലൈബ്രറിയും നാടകപഠന കേന്ദ്രവും തുടങ്ങുകയെന്നത്. ഇതിനിടെ കച്ചവടത്തിന്റെ മേഖലയിൽ നിന്ന് വഴുതിമാറിയ, അടിമുടി നാടകം തന്നെ ജീവിതമെന്ന് കരുതി മുന്നോട്ട് നീങ്ങിയ ഇബ്രാഹിം അൽഖാസിയുടെ ശിഷ്യന്മാരിൽ പ്രമുഖരാണ് നസ്‌റുദ്ദീൻഷാ, ഓംപുരി, രോഹിണി ഹട്ടംഗടി തുടങ്ങിയവർ. 
ദൽഹിയിലെ നാടക പഠനകേന്ദ്രമാണ് പിന്നീട് പ്രശസ്തമായ നാഷനൽ ഡ്രാമാ കോളേജും നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുമായി മാറിയത്. നൂറുകണക്കിന് അഭിനയ പ്രതിഭകളെയാണ് ഈ സ്ഥാപനം പുറത്ത് വിട്ടത്. 
തലസ്ഥാനത്തെ നാടക പ്രവർത്തനങ്ങൾക്ക് സമാന്തരമായി മുംബൈയിലെ പുരോഗമന കലാകാരന്മാരുടെ കൂട്ടായ്മയായ ബോംബെ ആർട്ടിസ്റ്റ്‌സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. ലണ്ടൻ തിയേറ്റർ കമ്പനിയുടെ ചെയർമാൻ സ്ഥാനം വഹിക്കണമെന്ന ആവശ്യം ഇബ്രാഹിം അൽഖാസി നിരസിച്ചു. ബോംബെയിൽ എം.എഫ്. ഹുസൈൻ, അക്ബർ പദംസി എന്നിവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ഇന്ത്യയിൽ തന്നെ ഉറപ്പിച്ച് നിർത്തിയത്. 
നാടകരചന, സംവിധാനം, അഭിനയം എന്നിവയോടൊപ്പം ചിത്രരചനയുടെ ആധുനിക സങ്കേതങ്ങളും ഇബ്രാഹിം അൽഖാസി സ്വന്തമാക്കി.
ബ്രിട്ടനിലേക്ക് പോകാതിരിക്കാൻ മറ്റൊരു കാരണം നിരവധി നാടക വിദ്യാർഥികൾ ഇതിനകം അദ്ദേഹത്തിൽ നിന്ന് ഗുരുത്വം സ്വീകരിച്ച് ഇന്ത്യയിലെമ്പാടുമുണ്ടായിരുന്നു. ദേവ് പട്ടേൽ, ഫിറോസ് കൂപ്പർ, മനോഹർ പട്ടേൽ തുടങ്ങിയ അക്കാലത്തെ ഈ രംഗത്തെ പ്രതിഭകളുടെ പിറവിക്ക് പിന്നിൽ ഇബ്രാഹിം അൽഖാസിയുടെ ശിക്ഷണമുണ്ടായിരുന്നു. 
മികച്ച കലാകാരിയായ ഭാര്യ റോഷൻ അൽഖാസിയോടൊപ്പം ചേർന്ന് ദൽഹി ത്രിവേണി കലാസംഘം ആർട്ട് ഗാലറിയും സ്ഥാപിച്ചു. ലോക ചിത്രകലയുടെ പുതുസങ്കേതങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. മക്കളായ അമൽ അല്ലാന, ഫൈസൽ അൽഖാസി എന്നിവരും നാടക പ്രവർത്തകർ തന്നെ. സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കലയും സംസ്‌കാരവുമായി കുടിയേറിയ കുടുംബത്തിന്റെ അത്യുദാത്തമാതൃക. അതിന്റെ മുഖ്യ കണ്ണിയാണ് അറ്റുപോയത്്. 
സുൽത്താൻ പദംസി തിയേറ്ററിന്റെ ബാനറിൽ ഇബ്രാഹിം അൽഖാസി,  ഫാസിസ്റ്റ് - സാമ്രാജ്യത്വ വിരുദ്ധ നാടകങ്ങൾ ഏറെ അരങ്ങേറി. 'എ ബ്ലൈന്റ് എറ' ഏറെ പ്രശസ്തമാണ്. അമ്പതിലധികം നാടകങ്ങളിൽ വേഷമിട്ട ഇബ്രാഹം അൽഖാസിയുടെ അഭിനയ പാടവവും കലാപ്രവർത്തനവും ആദരിച്ച് കേന്ദ്ര ഗവൺമെന്റ് പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് നൽകി. 
കൊൽക്കത്ത രബീന്ദ്ര ഭാരതി യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റും ദൽഹി സർക്കാർ ആജീവനാന്ത പുരസ്‌കാരവും കാളിദാസ സമ്മാനവും നൽകി ബഹുമാനിച്ചു. ഇന്ത്യയേയും സൗദിയേയും സാംസ്‌കാരിക മേഖലയിൽ ഐക്യപ്പെടുത്തിയ ബൃഹത്തായ ഒരു പൈതൃകമാണ് ഓർമയായത്.