Sorry, you need to enable JavaScript to visit this website.

പാലത്തിനു താഴെ കഴിയുന്ന വൃദ്ധൻ സ്വദേശിയല്ലെന്ന്

റിയാദിൽ മേൽപാലത്തിനു താഴെ താമസിക്കുന്ന യാചകൻ

റിയാദ്- തലസ്ഥാന നഗരിയിൽ മേൽപാലത്തിനു താഴെ കഴിയുന്ന വൃദ്ധൻ സൗദി പൗരനല്ലെന്നും ഇയാൾ യാചകവൃത്തി പതിവാക്കിയ ആളാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. മേൽപാലത്തിനു താഴെ വൃദ്ധൻ കഴിയുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയത്.
യാചകവൃത്തിയിലേർപ്പെടുന്ന വിദേശികളുമായി ബന്ധപ്പെട്ട കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്ന ചുമതല സുരക്ഷാ വകുപ്പുകൾക്കാണ്. റിയാദിൽ പാലത്തിനു താഴെ കഴിയുന്നയാളുടെ കേസിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ, സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തിയിട്ടുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകളുടെ കൃത്യതയും വിശ്വാസ്യതയും സൗദി പൗരന്മാരും വിദേശികളും ഉറപ്പു വരുത്തണം. കിംവദന്തികൾ പ്രചരിപ്പിക്കാനോ യാചകവൃത്തി പ്രോത്സാഹിപ്പിക്കാനോ പാടില്ല. ഇത്തരം കേസുകളെ കുറിച്ച് എല്ലാവരും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. 

Tags

Latest News