Sorry, you need to enable JavaScript to visit this website.

ഐപിഎല്‍ മുഖ്യ സ്‌പോണ്‍സറായ ചൈനീസ് മൊബൈല്‍ കമ്പനി പിന്മാറി

ന്യൂദല്‍ഹി- ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വിവോ പിന്മാറി. ഇന്ത്യയില്‍ കൊറോണ വൈറസ് ഭീഷണികാരണം സെപ്തംബര്‍ 19 മുതല്‍ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്. ഇന്ത്യയില്‍ ശക്തമായ ചൈനാ വിരുദ്ധ വികാരവും പലകോണുകളില്‍ നിന്നും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണാഹ്വാനം നിലവിലുണ്ടെങ്കിലും ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സറായി വിവോയെ ബിസിസിഐ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യ സ്‌പോണ്‍സറായി വിവോ തുടര്‍ന്നാല്‍ ടൂര്‍ണമെന്റ് തന്നെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്ന് ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.  പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ചൈനീസ് കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

2017ലാണ് വിവോ 2,199 കോടി രൂപയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ബിസിസിഐയുമായി വിവോയ്ക്ക് ഇനി മൂന്നു വര്‍ഷം കൂടി കരാര്‍ കാലാവധി ബാക്കിയുണ്ട്. ഇത് 2021, 2022, 2023 വര്‍ഷങ്ങളിലേക്ക് മാറ്റിവെച്ചു. സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ഒരു വര്‍ഷം വിവോ ബിസിസിഐക്കു നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ചു വര്‍ഷത്തേക്കായിരുന്നു കരാര്‍.  


 

Latest News